Healthlocaltop news

ആയുർവേദത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ കമ്മീഷൻ സ്ഥാപിക്കണം; എം.കെ.രാഘവൻ.എം.പി

കുന്നമംഗലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ലാ സമ്മേളനം കുന്നമംഗലം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. എം.കെ.രാഘവൻ. എം.പി ഉദ്ഘാടനം ചെയ്തു.ആയുർവേദത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ സാധ്യതകൾ പരിശോധിക്കാൻ നൂറ് വർഷം മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങൾക്കായി സംസ്ഥാന ഗവണ്മെന്റ് മുൻകൈ എടുത്തു കമ്മീഷൻ സ്ഥാപിക്കണമെന്ന് എം.കെ.രാഘവൻ.എം.പി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് എന്നപോലെ കേരളം ആയുർവേദത്തിന്റെ കൂടി സ്വന്തം നാടാണ്. മേഖലയിലെ റിസേർച്ചിന്റെയും, ഡ്രഗ് കൺട്രോളിങിന്റെയും പോരായ്മകൾ പരിഹരിക്കണം. അതുപോലെ ആയുർവേദ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ഔഷധസസ്യ ദൗർലഭ്യത പരിഹരിക്കാൻ സംസ്ഥാന തലത്തിൽ പഞ്ചായത്തുകളിലെ ഓരോ വാർഡിലേയും, ഓരോ വീട്ടിലും സ്കൂളിലും ഔഷധ സസ്യ തോട്ടം എന്ന പദ്ധതിയും തുടങ്ങണം മെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ്സസ് റിസേർച്ചിന്റെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്  ഡോ. സന്തോഷ്.ജെ.ഈപ്പൻ മുഖ്യാതിഥിയായിരിന്നു. ഡോ.പ്രവീൺ.കെ അധ്യക്ഷത വഹിച്ചു. ഡോ.സുധീർ.എം, ഡോ.മനോജ് കാളൂർ, ഡോ.മനോജ് കുമാർ.പി.സി, ഡോ.റോഷ്‌ന സുരേഷ് എന്നിവർ സംസാരിച്ചു.

ഇ.എസ്.ഐ ഡിസ്‌പെൻസറി, കോർപറേഷൻ ഡിസ്‌പെൻസറി എന്നിവ ഹോസ്പിറ്റലുകളായും, ബേപ്പൂർ ഡിസ്‌പെൻസറി യോഗ & വെൽനെസ് സെന്ററായും ഉയർത്തണമെന്നും, കൊയിലാണ്ടി മേഖലയിൽ ആയുർവേദ ആശുപത്രിയും, രാമനാട്ടുകര മേഖലയിൽ ഡിസ്‌പെൻസറിയും ആരംഭിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യരംഗത്ത് ആയുർവേദ ഡി.എം.ഒ ക്ക് കൂടുതൽ അധികാരം നൽകണമെന്നും, താത്കാലിക നിയമനങ്ങൾ പൂർണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്നും, ചെറുകിട ആശുപത്രികളിൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഡിസബിലിറ്റി മാനേജ്മെന്റിനുള്ള കേന്ദ്ര സർക്കാരിന്റെ നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആയുർവേദ ചികിത്സക്കായി അനുവദിച്ചിരിക്കുന്നത് 4500 രൂപയാണ്, അത് തികച്ചും അപര്യാപ്തമാണെന്നും, ആ തുക വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി, എ.എം.എ.ഐ. സംസ്ഥാന-ജില്ലാ-ഏരിയ പ്രതിനിധികൾ നേരിട്ടും, മെമ്പർമാർ ഓൺലൈനായും പങ്കെടുക്കുന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചത്.

പുതിയ ഭാരവാഹികൾ

ഡോ.കെ.എസ്സ്.വിമൽ കുമാർ (പ്രസിഡന്റ്), ഡോ.സുഗേഷ്.ജി.എസ് (വൈസ് പ്രസിഡന്റ്), ഡോ.ഷാഹിദ.ടി.പി (വൈസ് പ്രസിഡന്റ്), ഡോ.റോഷ്‌ന സുരേഷ് (സെക്രട്ടറി), ഡോ.ചിത്രകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.രാഹുൽ.ആർ (ജോയിന്റ് സെക്രട്ടറി), ഡോ.സുജീറ നബീൽ (ട്രെഷറർ), ഡോ.മുംതാസ്. എം.കെ (വനിതാ കമ്മിറ്റി ചെയർപേഴ്സൻ), ഡോ.അഫ്നിത (വനിതാ കമ്മിറ്റി ജോയിന്റ് ചെയർപേഴ്സൻ), ഡോ.സിലു.എസ്.യു (വനിതാ കമ്മിറ്റി കൺവീനർ), ഡോ.സരിക.ടി.വി (വനിതാ കമ്മിറ്റി ജോയിന്റ് കൺവീനർ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close