localPoliticstop news

എ.കെ.ശശീന്ദ്രന്‍ വീട്ടിലെത്തി; സുരേഷ് ബാബുവിന് എന്‍സിപിയിലേക്ക് സ്വാഗതം

കോഴിക്കോട്: കോണ്‍ഗ്രസ് വിടുന്ന മുതിര്‍ന്ന നേതാവ് പി.എം. സുരേഷ് ബാബുവിനെ എന്‍സിപി ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗവും എലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. സുരേഷ് ബാബുവിനെ ശശീന്ദ്രന്‍ എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്തു. ഇന്ന് രാവിലെയാണ് ശശീന്ദ്രന്‍ കോട്ടൂളിയിലെ സുരേഷ് ബാബുവിന്റെ വീട്ടിലെത്തിയത്. കഴി്ഞ്ഞ ദിവസം താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് സുരേഷ് ബാബു പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സുരേഷ് ബാബുവിന്റെ രാഷ്ട്രീയ ഗുരുവായ എ.കെ. ശശീന്ദ്രന്‍ അദ്ദേഹത്തെ കാണാനെത്തുന്നത്. വീട്ടിലേക്ക് എത്തിയ ശശീന്ദ്രനെ ആലിംഗനം ചെയ്താണ് സുരേഷ് ബാബു സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

എന്‍സിപിയിലേക്ക് വരും ദിവസങ്ങളില്‍ തന്നെ സുരേഷ് ബാബു വരുമെന്ന് ശശീന്ദ്രന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുരേഷ് ബാബുവും താനുമായുള്ള ബന്ധത്തിന്റെ ആഴം പരിശോധിച്ചാല്‍ എന്‍സിപിയിലേക്കുള്ള ക്ഷണം നിരസിക്കാന്‍ അദ്ദേഹത്തിനാവില്ല. ഇന്നത്തെ ഞങ്ങളുടെ രാഷ്ട്രീയ നിലപാടും സുരേഷ് ബാബു സ്വീകരിച്ച രാഷ്ട്രീയ നിലപാടും തമ്മില്‍ യോജിച്ച് പോകുന്നതാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

26ന് കോഴിക്കോടെത്തുന്ന പി.സി. ചാക്കോയുമായി സംസാരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സുരേഷ് ബാബു പറഞ്ഞു. കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നതില്‍ എനിക്ക് തര്‍ക്കമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യസം എന്നീ ശിലകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അത് പ്രാപ്തമാക്കി ഭാരതത്തില്‍ കൊണ്ടുപോകാനുള്ള നേതൃത്വം നേരത്തെയുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഞങ്ങളൊക്കെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയും തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് നീങ്ങുന്നത്. അത് ബോധ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് വിടുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close