localtop news

താലിമാല മോഷ്ടാക്കൾ അറസ്റ്റിൽ

ഇരയാക്കിയത് വൃദ്ധ സ്ത്രീകളെ

കോഴിക്കോട് :  കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് ബൈക്കിലെത്തി താലിമാലകൾ പിടിച്ചുപറിച്ച് വിലസി നടക്കുന്ന രണ്ട് യുവാക്കളെ ഫറോക്ക് എ സി പി സിദ്ധിഖിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര സബ്ബ് ഇൻസ്പെക്ടർ മുരളീധരനും ചേർന്ന് പിടികൂടി.

പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായ് വി.കെ കൃഷ്ണമേനോൻ റോഡിൽ വെച്ച് ഇന്നലെ ഉച്ചയോട് കൂടി വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസ്സുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ തൂക്കംവരുന്ന താലിമാല ബൈക്കിലെത്തിയ രണ്ട് പേർ പിടിച്ചുപറച്ച് പോവുകയായിരുന്നു.
നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ
(30 ),ചക്കുംകടവ് ആനമാട് നിസാമുദ്ദീൻ എന്ന നിസാം(33 ) എന്നിവരാണ് പോലീസ് പിടിയിലായത്.

26.03.21 ന് ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വയോധികയുടെ അരികിലേക്ക് ബൈക്ക് നിർത്തുകയും പിന്നിലിരുന്ന ഇഞ്ചിൽ ഇറങ്ങി നടന്നു വരികയും വയോധികയെ തള്ളിയിട്ട് മാല പിടിച്ചു പറച്ച് ബൈക്കിൽ കയറി പോവുകയുമായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ ക്രൈംസ്ക്വാഡ് അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിനിടയിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ സ്ഥലം വളയുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് പന്നിയങ്കര സ്റ്റേഷനിലെത്തിച്ച പ്രതികളെ പന്നിയങ്കര ഇൻസ്പെക്ടർ റജിന കെ.ജോസിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും. 2020  ഡിസംബർ 10 ഉച്ചയ്ക്ക്  ഒരുമണിയ്ക്ക്  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൊറ്റമ്മൽ അങ്കത്തിൽ ദാമോദരൻ നായർ റോഡിൽ സ്ത്രീയുടെ പുറകിൽ നിന്നും നടന്നു വന്ന് ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും, ചെറിയ ആലില താലിയും പിടിച്ച് പറിച്ച് കൊണ്ടു പോയതും ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ഫെബ്രുുവരി 12 ന്  രാവിലെ 10.15ന് സേവാമന്ദിരം സ്കൂളിന് സമീപം, അഴിഞ്ഞിലം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് അടുത്തു നിന്നും ഭ‍ർത്താവിൻെറ വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ ലോക്കറ്റോട് കൂടിയ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല പിടിച്ചു പറിച്ച് കൊണ്ട് പോയതും തേഞ്ഞി പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊളകുത്തിൽ നിന്നും യുവതിയുടെ മാലകൾ പിടിച്ചുപറിച്ചതും പ്രതികൾ പോലീസിനോട് സമ്മതിച്ചു.ഇവർ കൃത്യത്തിനുപയോഗിച്ചിരുന്ന ബൈക്കും സ്വർണ്ണമാലയും പോലീസ് കണ്ടെടുത്തു. ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ബഞ്ചിൽ ലഹരിക്ക് അടിമയായ പ്രതികൾ പിടിച്ചുപറിച്ച മാലകൾ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളിൽ ചിലത് വില്പന നടത്തി കൊടുത്തിരുന്നതും നിസാമുദീൻ ആയിരുന്നു.ഇവർ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും കളവു മുതലുകൾ കണ്ടെടുക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

മോഷണ രീതി

കല്ലായ് ഗുഡ്സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം ഉടമസ്ഥൻ അറിയാതെ കള്ളതാക്കോലിട്ട് തുറന്ന് പിടിച്ചുപറി നടത്തി തിരികെ യഥാസ്ഥലത്ത് കൊണ്ടു വെക്കാറാണ് പതിവ്.സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാനും ആളുകൾ പിന്തുടർന്നാൽ മനസ്സിലാവാതിരിക്കാനുമായി പിടിച്ചുപറി നടത്തിയ ഉടനെ തന്നെ ഓടികൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നു തന്നെ ഷർട്ട് മാറ്റുകയും പഴയത് പുഴയിലോ മറ്റോ ഉപേക്ഷിക്കുകയും ചെയ്യുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്,ഷാലു മുതിരംപറമ്പത്ത്,ഹാദിൽ കുന്നുമ്മൽ,എ.പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,എവി സുമേഷ് പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ശശീന്ദ്രൻ നായർ എ.എസ്.ഐ ജയാനന്ദൻ, സി.പി.ഒ സുഷാന്ത് ടി.കെ എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close