KERALAlocaltop news

പരസ്യങ്ങൾക്ക് ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ നഗരസഭ

*എംഎൽഎമാരെ ചൊല്ലി ഏറ്റുമുട്ടൽ

 

കോഴിക്കോട്​: നഗര പരിധിയിൽ സ്​ഥാപിക്കുന്ന പരസ്യങ്ങൾക്ക്​ ലൈസൻസ്​ ഫീസ്​ ഏർപ്പെടുത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനം.
ജി.എസ്​.ടി വന്നതോടെ പരസ്യ നികുതി ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്​തതോടെയാണ്​  നടപടിക്ക് നീക്കം. ഇതിനായുള്ള കരട്​ റിപ്പോർട്ട്​ ഉടൻ തയാറാക്കുമെന്ന്​ ഡെപ്യൂട്ടി ​ സക്രട്ടറി  കൗൺസിൽ യോഗത്തെ അറിയിച്ചു.
നേരത്തെ പരസ്യനികുതിയും തറവാടകയും പെർമിറ്റ് ഫീസും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ തറവാടകയും പെർമിറ്റ് ഫീസും മാത്രമാണ് കിട്ടുന്നത്. വരുമാനം വർധിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. പരസ്യ നികുതി ഇല്ലാതായതോടെ വർഷം 72 ലക്ഷത്തി​‍ൻ്റെ നഷ്​ടമാണ്​ നേരിടുന്നതെന്നും ഇത് പരിഹരിക്കുന്നതിന് പദ്ധതി തയാറാക്കണമെന്നും മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ കെ. മൊയ്തീൻകോയ ശ്രദ്ധ ക്ഷണിച്ചു. മറ്റ് കോർപ്പറേഷനുകൾ പരസ്യം വഴിയുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടിി. ഭരണ കക്ഷിയിൽ പെട്ട യുവ നേതാവി​‍െൻറ താത്പര്യം സംരക്ഷിക്കാനാണ് കോർ‌പ്പറേഷൻ ഇക്കാര്യത്തിൽ ഇടപെടാത്തതെന്ന പരാതി ജനങ്ങൾക്കുണ്ടെന്ന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേഷന് വരുമാനം ലഭിക്കാത്ത അവസ്ഥ വരുമ്പോൾ ചിലർ ഇതുവഴി വലിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. പാളയം സബ് വെയിൽ ഉൾപ്പടെ പല സ്ഥലത്തും പരസ്യ ബോർഡുകൾ ഉയരുന്നുണ്ടെന്നും ഇത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ജി.എസ്.ടി ആയതിന് ശേഷം മറ്റ് ഏജൻസികൾ പരസ്യനികുതി പിരിക്കുന്നെന്ന ആരോപണം ശരിയല്ലെന്ന് എം.സി. അനിൽകുമാർ പറഞ്ഞു. പാർക്കുകൾ സംരക്ഷിക്കാമെന്നും തെരുവ് വിളക്കുകൾ സ്ഥാപിക്കാമെന്നെല്ലാമുള്ള നിബന്ധനകൾ പ്രകാരം കരാറു നേടുന്നവർ ഇക്കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് എൻ.സി. മോയിൻകുട്ടിയും പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും ചൂണ്ടിക്കാണിച്ചു.
കണ്ടെയ്​ൻമെൻറ്​ സോണുകൾ പ്രഖ്യാപിക്കുന്നതിനൽ അപാകതയുണ്ടെന്നും അത്​ പരിഹരിക്കണമെന്നും പി. ദിവാകരൻ  ശ്രദ്ധക്ഷണിച്ചു. ചക്കോരത്ത്കുളത്തെ റോട്ടറി യൂത്ത് സെൻറർ കുട്ടികൾക്കുള്ള പാർക്കി​‍െൻറ മറവിൽ കോർപ്പറേഷൻ സ്ഥലം ഉപയോഗപ്പെടുത്തുന്നത് തടയാൻ നടപടി വേണമെന്നും സ്ഥലം തിരിച്ചുപിടിക്കണമെന്നും അനുരാധ തായാട്ട് ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടു. 2004ലാണ് റോട്ടറി യൂത്ത് സെൻറർ പാർക്ക് തുടങ്ങിയത്. എന്നാൽ പിന്നീട് പാർക്കി​‍െൻറ പ്രവർത്തനം മന്ദഗതിയിലാവുകയായിരുന്നു. സ്ഥലം റോട്ടറി ക്ലബി​‍െൻറ നിയന്ത്രണത്തിലുമായി. സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കേസ് കൊടുത്തിരുന്നു. കേസിൽ ക്ലബ് സ്റ്റേ സമ്പാദിച്ചതോടെ സ്തംഭനാവസ്ഥ തുടരുകയാണ്. സ്ഥലം തിരിച്ചുപിടിക്കാൻ കൂട്ടായ പരിശ്രമം നടത്തുമെന്ന് മേയർ അറിയിച്ചു.
അതേസമയം റോട്ടറി ക്ലബ് നല്ല രീതിയിലാണ് പാർക്ക് നടത്തുന്നതെന്ന ഡോ. പി.എൻ. അജിതയുടെ പരാമർശം വിമർശനത്തിന് ഇടയാക്കി. റോട്ടറി ക്ലബിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കേണ്ടതെന്ന് എൻ.സി. മോയിൻകുട്ടി പറഞ്ഞു. അജിതയുടെ പരിചയക്കുറവാണ് ഈ പരാമശത്തിന് കാരണമെന്ന് മേയർ പറഞ്ഞു.
കോർപ്പറേഷൻ ഓഫിസിൽ നവീകരണത്തിന്റെ ഭാഗമായി 172 കമ്പ്യൂട്ടറുകളും 109 ലാപ്‌ടോപ്പുകളും വാങ്ങിയതായി എസ്.കെ അബൂബക്കറിന്റെ ചോദ്യത്തിന് മറുപടിയായി മേയർ അറിയിച്ചു. പഴയ റാക്കുകളും അലുമിനീയം ഫർണിച്ചറുകളും ബേസ്‌മെന്റിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിലത് സോണൽ ഓഫീസുകളിലേക്കും മാറ്റിയിട്ടുണ്ട്. കണക്ക് ശരിയല്ലെന്ന് എസ്.കെ അബൂബക്കർ പറഞ്ഞു. കൂടുതൽ വിശദീകരണം വേണമെങ്കിൽ അടുത്ത യോഗത്തിൽ ഉന്നയിക്കാമെന്ന് മേയർ പറഞ്ഞു.
കോരപ്പുഴ ഭാഗത്ത്​ മലിന ജലപ്രശ്​നവും ശുദ്ധജല ക്ഷാമവും പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എം. മ​നോഹരൻ ശ്രദ്ധക്ഷണിച്ചു.ബേപ്പൂരിൽ നിന്ന്​ യാത്രപുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ അപകടത്തിൽ ​െപട്ട സംഭവത്തിൽ നഷ്​ടപരിഹാരം ലഭ്യമാക്കാൻ നടപടി വേണമെന്ന്​ വി.കെ മോഹൻദാസ്​ കൗൺസിലിനോട്​ ആവശ്യപ്പെട്ടു. ഇത്​ കൗൺസിലി​‍െൻറ ​പ്രമേയമായി കേന്ദ്ര -സംസ്​ഥാന സർക്കാറു​കളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന്​ മേയർ ഡോ. ബീന ഫിലിപ്പ്​ മറുപടി നൽകി.
നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ വ്യാപകമായി നിർമിക്കപ്പെടുന്നുണ്ടെന്ന ടി. സുരേഷ്​ കുമാറി​‍െൻറ ശ്രദ്ധക്ഷണിക്കലിന്​ ഉട​െന ഇക്കാര്യത്തിൽ അന്വേഷണം നടത്തി അടുത്ത കൗൺസിലിൽ റിപ്പോർട്ട്​ സമർപ്പിക്കാമെന്ന്​ ടൗൺ പ്ലാനിങ്​ എഞ്ചിനീയർ മറുപടി നൽകി.
മഴക്കാലം തുടങ്ങുന്നതിന് മുമ്പായി റോഡരികിലെ മരം മുറിച്ചു മാറ്റണെന്ന് എം.സി. സുധാമണി ആവശ്യപ്പെട്ടു. കോർപ്പറേഷൻ ജീവനക്കാർക്ക്​ മേയ് ഒന്നുമുതൽ യൂനിഫോം നിർബന്ധമാക്കുമെന്ന് സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. പി. ദിവാകരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
116 അജണ്ടകൾ കൗൺസിലിൽ പരിശോധിച്ചു. രണ്ടെണ്ണം മാറ്റിവെച്ചു. മെഡിക്കൽ കോളജ്​ പവരിസരത്ത്​ ടാക്​സി സ്​റ്റാൻറിന്​ അനുവാദം നൽകുന്നതു സംബന്ധിച്ച അജണ്ട നിരസിച്ചു. തിരക്കേറിയ റോഡിൽ ടാക്​സി സ്​റ്റാൻറ്​ അനുവദിക്കുന്നത്​ രോഗികൾക്ക്​ തന്നെ ബുദ്ധിമുട്ടാകുമെന്ന്​ അഭിപ്രായമുയർന്നു. മറ്റിടങ്ങൾ കണ്ടെത്തുകയാണെങ്കിൽ സ്​റ്റാൻറ്​ അനുവദിക്കുന്ന കാര്യം പരിശോധിക്കാമെന്ന്​ മേയറും വ്യക്​തമാക്കി. മൂന്ന്​ പ്രമേയങ്ങളും കൗൺസിലിൽ പാസാക്കി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ടാഗോർ ഹാളിലാണ് കൗൺസിൽയോഗം നടന്നത്.

 

എം.എൽ.എമാ​െര ചൊല്ലി കൗൺസിലിൽ ബഹളം                 
കോഴിക്കോട് സൗത്തിലെയും നോർത്തിലെയും എം.എൽ.എമാരെ ചൊല്ലി കൗൺസിൽ യോഗത്തിൽ ചേരി തിരിഞ്ഞ്​ ബഹളം. കോർപ്പറേഷൻ പരിധിയിലെ ഏക സർക്കാർ കോളേജായ ആർട്സ് കോളജി​നെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​ ഉയർത്തണമെന്ന പ്രമേയത്തെ തുടർന്നുള്ള ചർച്ചയിലാണ് എം.കെ. മുനീർ, എ. പ്രദീപ്കുമാർ എന്നീ എം.എൽ.എമാരെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് അംഗങ്ങൾ വാക്പോര് നടത്തിയത്. സി.പി.എമ്മിലെ ടി.കെ. ഷമീനയാണ് പ്രമേയം അവതരിപ്പിച്ചത്. കോളജി​‍െൻറ ദുരവസ്ഥ പ്രദേശത്തെ കൗൺസിലർ കൂടിയായ ബി.ജെ.പി കൗൺസിലർ രമ്യ ചൂണ്ടിക്കാണിച്ചു. ആർട്​സ്​ കോളജിൽ സൗകര്യം വർധിപ്പിക്കണമെന്ന്​ എല്ലാവരും അംഗീകരിച്ചെങ്കിലും ശക്​തമായ രാഷ്​ട്രീയ ചർച്ചകൾക്ക്​ പ്രമേയം വഴിവെച്ചു. യു.ഡി.എഫിലെ കെ. നിർമല സർക്കാറിനെ കുറ്റപ്പെടുത്തി സംസാരിച്ചതോടെയാണ് ചർച്ച ബഹളത്തിലേക്ക് മാറിയത്. സ്​കൂളുകൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​ ഉയർത്തി എന്ന്​ പറയുന്ന ജില്ലയിലാണ്​ ഇൗ കോളജെന്ന്​​ കൗൺസിലർ കെ. നിർമല പരിഹസിച്ചു. കിഫ്​ബി ഫണ്ട്​ കിട്ടും എന്ന്​ എറഞ്ഞ്​ പന്നിയങ്കര റോഡ്​ ഇപ്പോഴും ബോർഡ്​ മാത്രമായി കിടക്കുകയാണെന്നും നിർമല പറഞ്ഞു. എന്നാൽ കിഫ്​ബി ഫണ്ട്​ നൽകിയിട്ടും അത്​ ലഭ്യമാക്കാൻ നടപടിയെടുക്കാത്ത എം.എൽ.എയാണ്​ ഉത്തരവാദിയെന്നും എം.എൽ.എ കൊടുവള്ളിയിലേക്ക്​ പോയപ്പോഴേക്കും അദ്ദേഹത്തെ തള്ളിപ്പറയുകയാണോ കൗൺസിലർ എന്ന്​ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്​ ചോദിച്ചു.
കോളജി​‍െൻറ വികസനം എം.കെ. മുനീർ മുടക്കിയെന്ന ആരോപണവുമായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ രംഗത്തെത്തിയതോടെ പ്രതിപക്ഷവും ഭരണപക്ഷവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. പ്രമേയം അവതരിപ്പിച്ച ഷമീനയെ നിയന്ത്രിക്കാൻ മേയർ ഏറെ പാടുപെട്ടു. വിദ്യാലയത്തി​‍െൻറ ഭൗതിക സാഹചര്യമല്ല, അക്കാദമിക് നിലവാരമാണ് ഉയരേണ്ടതെന്നും എ. പ്രദീപ്കുമാറി​‍െൻറ മണ്ഡലത്തിലെ നടക്കാവ് സ്കൂളിനേക്കാൾ വിജയശതമാനം എം.കെ. മുനീറി​‍െൻറ മണ്ഡലത്തിലെ ചാലപ്പുറം ഗേ‌ൾസ് സ്കൂളിലാണെന്നും കെ. മൊയ്തീൻ കോയ പറഞ്ഞു. ആർട്​സ്​ കോളജിനെ അന്താരാഷ്​ട്ര തലത്തിലേക്ക്​ ഉയർത്താൻ എൽ.ഡി.എഫ്​ ബുദ്ധിമു​ട്ടേണ്ടെന്നും അടുത്ത ഭരണം യു.ഡി.എഫിനായാതിനാൽ തങ്ങൾ തന്നെ അത്​ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ വ്യക്തികളുടെ പണം സ്വീകരിച്ച് നടക്കാവ് സ്കൂൾ നവീകരിച്ചതും കിഫ്ബി വഴിയുള്ള സ്കൂൾ നവീകരണവുമെല്ലാം വാദപ്രതിവാദങ്ങളിൽ നിറഞ്ഞു നിന്നു.
ഒടുവിൽ രാഷ്​​ട്രീയ ചർച്ച അവസാനിപ്പിക്കണമെന്നും ആർട്​സ്​ കോളജ്​ വികസിപ്പിക്കണമെന്നത്​ എല്ലാവരുടെയും ആഗ്രഹമാണെന്നും അതിന്​ ഒരുമിച്ച്​ നിൽക്കണമെന്നും മേയർ അഭ്യർഥിച്ചു. കോളജ്​ വികസനത്തിന്​ യു.ഡി.എഫ്​ പൂർണ പിന്തുണ നൽകുമെന്നും ചർച്ച രാഷ്​ട്രീയമാക്കുകയും എം.എൽ.എമാരെ തുലനം ചെയ്യുകയും ചെയ്​തതാണ്​ പ്രശ്​നമുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ്​ കെ.സി. ശോഭിത വ്യക്​തമാക്കി.
കൂട്ടായി പ്രവർത്തിക്കുയാണ് വേണ്ടതെന്നും നല്ല ഉദ്ദേശ്യത്തോടെയുള്ള പ്രമേയത്തിൽ രാഷ്ട്രീയം കലർത്തിത് പ്രതിപക്ഷത്തിരിക്കുന്നവരാണെന്ന്​ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ആരോപിച്ചു. പ്രമേയം ഒറ്റക്കെട്ടായി പാസാക്കി. ടി. രനീഷ്, കെ.സി ശോഭിത എന്നിവർ സംസാരിച്ചു. കോവൂർ എം.എൽ.എ റോഡ് നവീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഇ.കെ. സോമൻ അവതരിപ്പിച്ച പ്രമേയവും ലോ കോളേജിലെ സായാഹ്ന നിയമ പഠന ക്ലാസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട്​ സി. രേഖ അവതരിപ്പിച്ച പ്രമേയവും പാസാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close