HealthINDIAOtherstop news

അലോപ്പതിയോട് കളിച്ച ബാബാ രാംദേവിന് കൈപൊള്ളി! കേന്ദ്ര മന്ത്രി ഇടപെട്ടതോടെ തലയൂരി, പക്ഷേ ട്വിറ്ററില്‍ മലക്കം മറിഞ്ഞു

ന്യൂഡല്‍ഹി: അലോപ്പതിയെ വിവേകമില്ലാത്ത ചികിത്സാ രീതിയെന്ന് പരിഹസിച്ച ബാബാ രാംദേവ് വെട്ടിലായി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും രാംദേവിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതോടെ, ബാബാ രാംദേവ് പ്രസ്താവന പിന്‍വലിച്ച് തടിയൂരി.
ആലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് ആ കണക്കെന്നും ഒരു പരിപാടിയില്‍ രാംദേവ് പറഞ്ഞതാണ് വിവാദമായത്.
അലോപ്പതിക്കെതിരായ പരാമര്‍ശത്തിലൂടെ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ബാബാ രാംദേവ് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി കത്തില്‍ സൂചിപ്പിച്ചു. ബാബാ രാംദേവ് മാപ്പ് പറയണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത് വന്നിരുന്നു.
നേരത്തെ, കൊവിഡിനെ പ്രതിരോധിക്കാന്‍ രാംദേവിന്റെ പതഞ്ജലി മരുന്ന് പുറത്തിറക്കിയതും ആ ചടങ്ങില്‍ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പങ്കെടുത്തതും വിവാദമായിരുന്നു. എന്നാല്‍, അലോപ്പതിക്കെതിരെ സംസാരിച്ച രാംദേവിനെ തള്ളിപ്പറഞ്ഞതോടെ ആരോഗ്യ മന്ത്രി പ്രതിച്ഛായ മെച്ചപ്പെടുത്തി.
ഹര്‍ഷവര്‍ദ്ധന്റെ ആവശ്യപ്രകാരം പ്രസ്താവന പിന്‍വലിച്ച രാംദേവ് പുതിയ ട്വീറ്റില്‍ ചെറിയൊരു മലക്കം മറിച്ചില്‍ നടത്തിയിട്ടുണ്ട്. യോഗയും ആയുര്‍വേദവും ആരോഗ്യത്തെ സമ്പൂര്‍ണമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രം രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സാവിധി മാത്രമാണെന്നും രാംദേവ് ആ ട്വീറ്റില്‍ പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close