Healthtop news

മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ സജ്ജീകരിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ വീണ്ടും ശ്രദ്ധേയമാകുന്നു. രക്തത്തെ ബാധിക്കുന്ന അസുഖങ്ങളുടെയും ക്യാന്‍സറിന്റെയും ചികിത്സയ്ക്കായി കാന്‍സര്‍ ഇമ്യൂണോതെറാപ്പിയും ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റും ഉള്‍പ്പെടെയുള്ള സമഗ്രസംവിധാനങ്ങളും സമന്വയിപ്പിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി എന്ന നൂതന ചികിത്സാ വിഭാഗമാണ് മേയ്ത്ര ഹോസ്പിറ്റല്‍ ഇത്തവണ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. വെര്‍ച്വലായി നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും നടനുമായ ശ്രീ. രഞ്ജിത്ത് ബാലകൃഷ്ണന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ശ്രീ. ഫൈസല്‍ ഇ കൊട്ടിക്കോളന്‍, ഡോ. അലി ഫൈസല്‍ (മേയ്ത്ര ഹോസ്പില്‍ ഡയറക്ടര്‍ & അഡ്വൈസർ – ഹാർട്ട് ആൻഡ് വാസ്‌കുലാര്‍ കെയർ), ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍ (ഡയറക്ടര്‍- സെന്റ൪ ഫോ൪ ബ്ലഡ് ഡിസീസസ്,ബോണ്‍മാരോ ട്രാ൯സ്പ്ലാന്റ് ആന്റ് കാ൯സ൪ ഇമ്യൂണോതെറാപ്പി), ഡോ. ആന്റണി തോട്ടിയാന്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്) എന്നിവര്‍ സംസാരിച്ചു. ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍ , ന്യൂറോസയന്‍സസ്, ബോണ്‍ ആന്റ് ജോയിന്റ് കെയര്‍, ഗ്യാസ്ട്രോ സയന്‍സസ് & റീനല്‍ ഹെല്‍ത്ത് എന്നീ വിഭാഗങ്ങള്‍ക്ക് ശേഷം ആറാമതായാണ് ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി വിഭാഗം സെന്റര്‍ ഓഫ് എക്സലന്‍സ് പദവി കരസ്ഥമാക്കുന്നത്.

രക്തജന്യ രോഗങ്ങളുടെ ചികിത്സാരംഗത്ത് കേരളത്തിലെ തന്നെ ആദ്യത്തെ സെന്റര്‍ ഓഫ് എക്സലന്‍സ് എന്ന സവിശേഷതയും ഇതിനുണ്ട്. ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍ (ഡയറക്ട൪- ഡിപ്പാ൪ട്ട്‌മെന്റ് ഓഫ് ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാ൯സ്പ്ലാന്റ് ആന്റ് കാ൯സ൪ ഇമ്യൂണോതെറാപ്പി) ഡോ. ആന്റണി തൊട്ടിയാന്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്) എന്നിവരാണ് ഡിപ്പാര്‍ട്ട്മെന്റിന് നേതൃത്വം നല്‍കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹി എയിംസില്‍ നിന്ന് ഉന്നത മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയവരാണ് ഇരുവരും എന്നതും സവിശേഷതയാണ്. പ്രഗത്ഭരും പരിചയ സമ്പന്നരുമായ ഡോക്ടര്‍മാര്‍ക്ക് പുറമെ കാന്‍സര്‍ രോഗികളെയും ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് രോഗികളെയും പരിചരിക്കുന്നതില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്സിങ്ങ് ജീവനക്കാരുടെയും മറ്റ് ടെക്നീഷ്യന്മാരുടേയും അനുബന്ധ ജീവനക്കാരുടേയും സാന്നിദ്ധ്യവും ഡിപ്പാര്‍ട്ട്മെന്റിന്റെ സവിശേഷതകളാണ്.

ഇതോടൊപ്പം തന്നെ ഉത്തര കേരളത്തിലുടനീളം മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മേയ്ത്ര കെയര്‍നെറ്റ് വര്‍ക്കിന്റെ കീഴില്‍ ഒരു കാന്‍സര്‍ കെയര്‍ നെറ്റ് വര്‍ക്കിന് കൂടി മേയ്ത്ര ഹോസ്പിറ്റല്‍ രൂപം നല്‍കിയിട്ടുണ്ട്. പ്രാദേശികമായ ആശുപത്രികളുടെ സഹകരണത്തോടെ അതാത് പ്രദേശങ്ങളില്‍ വെച്ച് തന്നെ കാന്‍സര്‍ രോഗികള്‍ക്കുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് കാന്‍സര്‍ കെയര്‍ നെറ്റ് വര്‍ക്കിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരൂരങ്ങാടി എം. കെ. എച്ച് ഹോസ്പിറ്റല്‍, വയനാട് ലിയോ ഹോസ്പിറ്റല്‍, വടകര ഡയമണ്ട് ഹെല്‍ത്ത് കെയര്‍ സെന്റര്‍, കാസര്‍ഗോഡ് യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ആരംഭിക്കുന്നത്.

ഓരോ വര്‍ഷവും ഒന്നര മില്യണ്‍ ജനങ്ങളാണ് ഇന്ത്യയില്‍ കാന്‍സര്‍ ബാധിതരാകുന്നത്. കാന്‍സര്‍ വ്യാപനത്തില്‍ യു എസും ചൈനയും കഴിഞ്ഞാല്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. രക്തജന്യ രോഗങ്ങളുടേയും കാന്‍സറിന്റെയും അനിയന്ത്രിതമായ വര്‍ദ്ധനവിനെ ചെറുക്കാന്‍ വിഭിന്നങ്ങളായ ചികിത്സാ ഘടകങ്ങളുടെ സമഗ്രമായ സമന്വയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഈ രംഗത്തെ വിദഗദ്ധരുടെ പൊതുവായ അഭിപ്രായം. നൂതനമായ ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവിര്‍ഭാവത്തോടെ രക്തജന്യരോഗങ്ങള്‍ക്കും കാന്‍സറിനും കൃത്യമായി നിര്‍വ്വചിക്കപ്പെട്ട ചികിത്സാ രീതികളെല്ലാം തന്നെ ലഭ്യമാക്കുവാന്‍ സാധിക്കും എന്നതാണ് വലിയ നേട്ടം. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള പൊതുവായ ചികിത്സാ രീതികള്‍ക്ക് പുറമെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോതെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

‘കാന്‍സര്‍ ചികിത്സാ രംഗത്ത് സമഗ്രമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ നൂതനമായ ചികിത്സാ സൗകര്യങ്ങളോടെയുള്ള പുതിയ ചികിത്സാ വിഭാഗത്തിന് മേയ്ത്ര ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് നൂതനമായ ചികിത്സരീതികളിലൂടെ കൂടുതല്‍ സൗഖ്യമേകുവാനും ഇതിന് സാധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീ. രഞ്ജിത്ത് ബാലകൃഷ്ണന്‍ പറഞ്ഞു.

‘ഭേദമാകുമോ എന്ന ആശങ്കയും, പ്രിയപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ പോകുമോ എന്ന ഭയവും ചേര്‍ന്ന നിരാശയാണ് കാന്‍സര്‍ എന്ന രോഗാവസ്ഥ സൃഷ്ടിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ ചികിത്സാ മേഖല സാക്ഷ്യം വഹിക്കുന്നത് ആശാവഹമായ പുരോഗതികള്‍ക്കാണ്, ഇതില്‍ ചിലതിനെയെങ്കിലും അവിശ്വസനീയ നേട്ടങ്ങള്‍ എന്നും വിലയിരുത്താന്‍ സാധിക്കും. ഉചിതമായ ചികിത്സകളിലൂടെ രക്തസംബന്ധമായ മിക്ക അസുഖങ്ങളും തകരാറുകളെയും അതിജീവിക്കാന്‍ സാധിക്കുന്ന അവസ്ഥ ഇന്ന് സംജാതമായി കഴിഞ്ഞു, നമ്മുടെ അതിനൂതനമായ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിലൂടെ ഈ വെല്ലുവിളികളെ ഏറ്റെടുക്കാനും വിജയിക്കാനും സാധിക്കും; ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ ഇമ്യൂണോതെറാപ്പി പോലുള്ള ചികിത്സാ രീതികളുടെ ആവിര്‍ഭാവത്തോടെ അര്‍ബുദ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. രോഗത്തെ ഭേദമാക്കുകയോ നിയന്ത്രിച്ച് നിര്‍ത്തുകയോ ചെയ്യുന്നതോടൊപ്പം തന്നെ പാര്‍ശ്വഫലങ്ങളെ ഏറ്റവും ഫലപ്രദമായി തടഞ്ഞ് നിര്‍ത്താനും മികച്ച നിലവാരമുള്ള തുടര്‍ ജീവിതം ലഭ്യമാക്കാനും ഈ ചികിത്സാ രീതികള്‍ സഹായകരമാകുന്നു. പുതിയതായി ലഭ്യമാക്കിയിരിക്കുന്ന ഇമ്യൂണോതെറാപ്പി പോലുള്ള സംവിധാനങ്ങളുടെ സഹായത്തോടെ അതിവേഗത്തിലുള്ള ചികിത്സാ പുരോഗതി രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയും ചെയ്യും’ ഡോ. ആന്റണി തോട്ടിയാന്‍ പറഞ്ഞു.

‘ലോകോത്തര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങളും ചികിത്സയും ലഭ്യമാക്കുക എന്നതായിരുന്ന മേയ്ത്ര എന്ന ആശയരൂപീകരണത്തിന്റെ അടിസ്ഥാനം. ഈ ലക്ഷ്യത്തിലേക്ക് വിട്ടുവീഴ്ചയില്ലാതെ പ്രയാണം നടത്തുന്നതിന്റെ ഭാഗമായാണ് രക്തജന്യ രോഗങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയ്ക്കും ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിനുമായി മികച്ച സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ സമന്വയിപ്പിക്കുന്ന കൂടുതല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് വിഭാഗങ്ങള്‍ മേയ്ത്രയില്‍ യാഥാര്‍ത്ഥ്യമാക്കും, നമ്മുടെ ഈ പുതിയ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറാപ്പി വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടേയും ഉന്നത നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുടേയും ലഭ്യത രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസമേകുകയും അതിവേഗത്തിലുള്ള ഫലപ്രാപ്തിക്ക് സഹായകരമാകുകയും ചെയ്യും’, ഉദ്ഘാടന വേളയിലെ ആഹ്ലാദം പങ്കിട്ടുകൊണ്ട് ചെയര്‍മാന്‍ ശ്രീ. ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പറഞ്ഞു.

‘ഏറ്റവും വൈദഗ്ദ്ധ്യം നിറഞ്ഞ ചികിത്സാ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്ന രീതിയില്‍ സജ്ജീകരിക്കുകയും അടിയന്തര ചികിത്സാ സന്ദര്‍ഭങ്ങളില്‍ പോലും മികവുറ്റ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതിലൂടെ മേയ്ത്ര ഹോസ്പിറ്റല്‍ കാഴ്ചവെക്കുന്ന സാമൂഹ്യ പ്രതിബദ്ധത ശ്രദ്ധേയമാണ്. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ്, കാന്‍സര്‍ ഇമ്യൂണോതെറാപ്പി യൂണിറ്റ് തുടങ്ങിയ അതിനൂതനമായ ചികിത്സാ സൗകര്യങ്ങള്‍ കൂടി സജ്ജീകരിക്കുന്നതോടെ രക്തജന്യ രോഗങ്ങളുടേയും കാന്‍സറിന്റെയും ചികിത്സാ രംഗത്ത് സമാനമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍ മേയ്ത്രക്ക് സാധിക്കുന്നു. ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യവും, ചികിത്സാ സൗകര്യങ്ങളുടെ ഉന്നതി നിലവാരും മറ്റ് സൗകര്യങ്ങളുമെല്ലാം ഇതിന് മാറ്റ് കൂട്ടുകയും ചെയ്യുന്നു’ മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടറും ഹാർട്ട് ആൻഡ് വാസ്‌കുലാര്‍ കെയർ വിഭാഗം അഡ്വൈസറുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close