INDIAKERALAtop news

ചോര മണക്കുന്ന തെരുവുകള്‍;  അശാന്തിയൊഴിയാതെ മ്യാന്‍മാര്‍

എ.എസ് 

       ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ച മണ്ടാലെയില്‍ പോലീസ് സംഘം വീട്ടില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ അച്ഛന്റെ അരികിലേക്ക് ഓടിയണയുകയായിരുന്നു ഖിന്‍ മയോ ചിറ്റ് എന്ന ഏഴുവയസ്സുകാരി. പിതാവിന്റെ കരവലയത്തിനുള്ളിലെ സുരക്ഷിതത്വത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ആ പിഞ്ചുശരീരം തുളച്ചുകൊണ്ട് ഒരു വെടിയുണ്ട കടന്നുപോയി. ആശ്വസിപ്പിക്കാനായി മകളെ ചേര്‍ത്തണയ്ക്കാന്‍ കൈകള്‍ നീട്ടിയ പിതാവ് യുമൗങ് കോഹാഷിന്‍ ബായുടെ ദേഹത്തേക്ക് ചോരയില്‍ കുതിര്‍ന്ന ആ കുരുന്നുശരീരം തളര്‍ന്നുവീണു. ‘എനിക്ക് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല, വല്ലാതെ വേദനിക്കുന്നച്ഛാ’ എന്നതായിരുന്നു ചേതനയറ്റുപോവുന്നതിന് മുമ്പുള്ള ബാലികയുടെ അവസാനവാക്കുകള്‍. മ്യാന്‍മാറില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം കയ്യിലെടുത്ത സൈന്യവും തോളോടുതോള്‍ ചേര്‍ന്ന പോലീസും നടത്തുന്ന കൂട്ടക്കുരുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അങ്ങിനെ ഖിനിന്റെ പേരും ചേര്‍ക്കപ്പെട്ടു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ‘റൈറ്റ്‌സ് ഗ്രൂപ്പ് സേവ് ദി ചില്‍ഡ്രന്‍’ എന്ന സംഘടനയുടെ കണക്ക് പ്രകാരം മ്യാന്‍മാറില്‍ വിവിധ പ്രതിഷേധങ്ങള്‍ക്കും പരിശോധനകള്‍ക്കുമിടെ കൊല്ലപ്പെട്ടത് അമ്പതോളം കുട്ടികളാണ്.  114 പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട 76-ാം സായുധസേനാദിനത്തില്‍ അത്യാഢംബരപൂര്‍വ്വമായ പാര്‍ട്ടി നടത്തി ആഘോഷിക്കുകയാണ് പട്ടാള ഭരണാധികാരി ജനറല്‍ മിന്‍ ആങ് ലേയിങും ജനറല്‍മാരും ചെയ്തത്. പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രതിഷേധത്തിനിടെ ആയിരത്തോളം പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടമായത്. മ്യാന്‍മാറില്‍ ഇതിനകം അയ്യായിരത്തോളം പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും അത്രയും പേര്‍ അനധികൃത കസ്റ്റഡിയില്‍ തുടരുന്നതായുമാണ് അനൗദ്യോഗിക കണക്ക്. ജനകീയപ്രതിഷേധത്തെ ജനശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമസ്ഥാപനങ്ങളുടെയെല്ലാം വാമൂടികെട്ടിയ സൈന്യം വാര്‍ത്താസംപ്രേക്ഷണത്തിനും പ്രസിദ്ധീകരണത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത സൈന്യം, ലോകവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് മാത്രമാണ് അവരില്‍ ഏതാനും പേരെ വിട്ടയയ്ക്കാന്‍ തയ്യാറായത്. സൈനിക ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നാടും വീടും ഉപേക്ഷിച്ച് ചൈന, തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ആയിരങ്ങളാണ് മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്യുന്നത്.


സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനത

1962 മുതല്‍ 2011 വരെ അരനൂറ്റാണ്ടുകാലം നീണ്ട പട്ടാള ഭരണകാലയളവില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് അടിമകളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാണ് മ്യാന്‍മാറിലുള്ളത്. മ്യാന്‍മാറിന്റെ രാഷ്ട്രപിതാവ് ആങ് സാനിന്റെ നോബേല്‍ സമ്മാനജേത്രിയായ മകള്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് എത്തുന്നതിന് തടയിടാന്‍ മാത്രമായി സൈന്യം കൊണ്ടുവന്ന നിയമഭേദഗതികള്‍ തീര്‍ത്തും വിചിത്രവുമായിരുന്നു. രാഷ്ട്രപതിയുടെ പദവിയിലെത്തുന്നയാള്‍ക്ക് സൈനിക വിഷയ പരിജ്ഞാനമുണ്ടാവണമെന്നും കുടുംബാംഗങ്ങള്‍ക്ക് വിദേശപൗരത്വം പാടില്ലെന്നുമുള്ള ഭേദഗതി കാരണമാണ് ഒന്നര ദശാബ്ദ കാലത്തെ കാരാഗൃഹവാസത്തിന് ശേഷം മോചിതയായ സ്യൂചിയ്ക്കായി ‘സ്റ്റേറ്റ് കൗണ്‍സിലര്‍’ എന്ന പുതിയ പദവി തന്നെ ഭരണപക്ഷത്തിന് സൃഷ്ടിക്കേണ്ടിവന്നത്. മൊത്തം സീറ്റുകളുടെ നാലിലൊന്ന് സൈന്യം നേരിട്ട് നോമിനേറ്റ് ചെയ്യുന്ന പാര്‍ലമെന്റില്‍ 75 ശതമാനം അംഗങ്ങളുടെ പിന്തുണ നേടിക്കൊണ്ട് ഭരണഘടനാഭേദഗതി വരുത്തുന്നത് അസാധ്യവുമായിരുന്നു. 2015-ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ സ്യൂചിയുടെ എന്‍.എല്‍.ഡി പാര്‍ട്ടി, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 476 ല്‍ 396 സീറ്റുകള്‍ നേടി രണ്ടാമൂഴം ഉറപ്പിച്ചതോടെയാണ് സൈനിക നേതൃത്വം അസ്വസ്ഥമായത്. വെറും 33 സീറ്റുകളില്‍ മാത്രമൊതുങ്ങിയ, സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടിയായ യു.എസ്.ഡി.പി ഉന്നയിച്ച ക്രമക്കേട് ആരോപണം ഏറ്റുപിടിച്ചാണ് സൈന്യം ഒരു വര്‍ഷത്തേക്ക് പട്ടാളഭരണം പ്രഖ്യാപിച്ചത്. ഭരണകൂടത്തിലുള്ള സൈന്യത്തിന്റെ അപ്രമാദിത്വത്തിന് സ്യൂചിയുടെ മുന്നേറ്റം തിരിച്ചടിയാവുമെന്ന ആശങ്കയായിരുന്നു ഈ സൈനികനടപടിയ്ക്ക് പിന്നില്‍. അതേസമയം ഭരണഘടനയ്ക്കും മുകളില്‍ നില്‍ക്കുന്ന പട്ടാളത്തിന്റെ അധീശത്വത്തോടുള്ള ഭയം കാരണം അധികാരത്തിന്റെ ചെങ്കോല്‍ കയ്യിലുണ്ടായിരുന്ന അവസ്ഥയിലും പ്രതീക്ഷയ്‌ക്കൊത്തുള്ള ഇടപെടല്‍ എന്‍.എല്‍.ഡി സര്‍ക്കാറില്‍ നിന്നുണ്ടായില്ല. ഗോത്രവര്‍ഗക്കാര്‍ക്കും റോഹിന്‍ഗ്യന്‍ വിഭാഗത്തിനും നേരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ ഭരണകൂടം പാലിച്ച മൗനം ആ നിസ്സഹായത വെളിവാക്കുന്നതായിരുന്നു.

അട്ടിമറി അരങ്ങേറിയ കറുത്ത തിങ്കള്‍
പരിമിതമായെങ്കിലും ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം ഇനിയുള്ള കാലം നുകരാമെന്ന് കൊതിച്ച ജനതയുടെ സ്വപ്‌നവും പ്രതീക്ഷകളും തല്ലിക്കെടുത്തിയായിരുന്നു സൈന്യം അധികാരത്തിന്റെ ചെങ്കോല്‍ ബലം പ്രയോഗിച്ച് സ്വയമേറ്റെടുത്തത്. തിരഞ്ഞെടുപ്പിനുശേഷം ആദ്യ പാര്‍ലമെന്റ് യോഗം ചേര്‍ന്ന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാനിരുന്ന ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെയാണ് അട്ടിമറിയിലൂടെ സൈനികമേധാവി മിന്‍ ഓങ് ലേയിങ് ഭരണം കൈപ്പിടിയില്‍ ഒതുക്കിയത്. ആങ് സാന്‍ സ്യൂചിയെയും പ്രസിഡന്റ് വിന്‍ മിന്റിനെയും മറ്റു നേതാക്കളെയും തടവിലാക്കി സൈനിക മേധാവി മിന്‍ ഓങ് ലേയിങ് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും മുന്‍ സൈനിക ജനറലും വൈസ് പ്രസിഡന്റുമായിരുന്ന മിന്റ് സ്വീയെ ആക്ടിങ് പ്രസിഡന്റാക്കുകയും ചെയ്തു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ചുമത്തി ആങ് സാന്‍ സ്യൂചിയെ വീണ്ടും തടവറകള്‍ക്കുള്ളിലേക്ക് തന്നെയൊതുക്കാനാണ് സൈനിക മേധാവിയും അനുചരരും സൈന്യത്തിന്റെ ലക്ഷ്യസാക്ഷാത്കരണത്തിനായി മാത്രം കെട്ടിപ്പടുത്ത രാഷ്ട്രീയപാര്‍ട്ടിയും ശ്രമിക്കുന്നത്. സ്യൂചിയുടെ പാര്‍ട്ടിയെ പിരിച്ചുവിടാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നിലും സൈനികനേതൃത്വത്തിന്റെ കരങ്ങളാണ്.

 

ചോര വീഴ്ത്തുന്ന അടിച്ചമര്‍ത്തല്‍
വടക്കന്‍ മ്യാന്‍മാറിലെ മൈറ്റ്കിനയില്‍ പ്രക്ഷോഭകരെ വെടിവെയ്ക്കാനൊരുങ്ങിയ സൈന്യത്തെ തടഞ്ഞുനിര്‍ത്തി മുട്ടുകുത്തി അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുട്ടികള്‍ക്ക് നേരെ നിറയൊഴിക്കാതെ തന്നെ വധിക്കാന്‍ ആവശ്യപ്പെട്ട സിസ്റ്റര്‍ ആന്‍ റോസ് നു തൗങ്ങിന്റെ അപേക്ഷ പക്ഷെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. കണ്‍മുന്നില്‍ രണ്ട് പേരുടെ ജീവന്‍ വെടിയേറ്റ് പൊലിയുന്നത് കാണാനായിരുന്നു അവര്‍ക്ക് ദുര്യോഗം.
എല്ലാ നിയമങ്ങളെയും അന്താരാഷ്ട്ര യുദ്ധചട്ടങ്ങളെയുമെല്ലാം കാറ്റില്‍പ്പറത്തി, മൃഗീയമായ നരവേട്ട നടത്തിയ പട്ടാളത്തിനും പോലീസിനും നേരെ ജനം ചെറുത്തുനിന്നതോടെ യാങ്കൂണിലെയും മണ്ടാലെയിലെയുമെല്ലാം തെരുവുകള്‍ ചോര വീണു ചുവന്നു. പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട തായ് മൗങ് മൗങ്ങ് എന്ന യുവാവിന്റെ ശവസംസ്‌കാര ചടങ്ങിന് നേരെ വരെ സൈന്യത്തിന്റെ വെടിവെയ്പ്പ് നടന്നു. കായസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ പോയ രണ്ട് യുവാക്കള്‍ക്ക് വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടമായിട്ട് രണ്ടാഴ്ച പോലും തികഞ്ഞിട്ടില്ല. ആങ് സാന്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയുടെ യാങ്കൂണിലെ ആസ്ഥാനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണവും അരങ്ങേറി. പാപ്പൂണ്‍ ജില്ലയിലെ ഡേ പു നോയില്‍ ഉള്‍പ്പെടെ സൈന്യത്തിന്റെ വ്യോമാക്രമണം ഭയന്ന് ഗ്രാമീണര്‍ കാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. സ്യൂചിക്കും മിന്റിനുമെതിരേ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയ സൈന്യം, പ്രക്ഷോഭ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിട്ടിരിക്കുകയാണ്.

 

തോക്കെടുത്ത് ചെറുക്കുന്ന യുവത്വം
അധികാരവും പദവിയും നിലനിര്‍ത്താന്‍ സൈനികമേധാവി മിന്‍ ഓങ് ലേയിങ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് പട്ടാളവും പോലീസും പ്രഹസന നടപടിയിലൂടെ അധികാരമേല്‍പ്പിച്ചുകൊടുത്ത താല്‍ക്കാലിക ഭരണകൂടവും കരുക്കള്‍ നീക്കുമ്പോള്‍ മ്യാന്മാര്‍ രൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ മുള്‍മുനയിലേക്കാണ് നീങ്ങുന്നത്. കാരെന്‍ നാഷണല്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള വംശീയ സായുധ ഗ്രൂപ്പുകള്‍ സൈന്യത്തിനെതിരെ പോരാട്ടം തുടങ്ങിയതോടെ ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടുകഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോബ്യേ പട്ടണത്തില്‍ വെച്ച് അവിടത്തെ ഗോത്രവര്‍ഗ സേന 13 സുരക്ഷാഉദ്യോഗസ്ഥരെ വധിക്കുകയും നാലു പേരെ ബന്ദികളാക്കുകയും ചെയ്തത്. മ്യാന്‍മാറിന്റെ കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ഗോത്രവര്‍ഗ സേനകള്‍ സൈന്യത്തെ നേരിട്ടും സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തും കടുത്ത ചെറുത്ത് നില്‍പ്പാണ് നടത്തുന്നത്. പ്രതിരോധം ശക്തമായതോടെ മാത്രമാണ് താല്‍ക്കാലികമായെങ്കിലും ഒരു വെടിനിര്‍ത്തലിന് സൈന്യം തയ്യാറായത്.
അതിനിടെ സൈനികഭരണത്തിന്റെ പശ്ചാത്തലത്തില്‍ 2008ല്‍ സൈന്യം ഏകപക്ഷീയമായി സൃഷ്ടിച്ചെടുത്ത ഭരണഘടന അസാധുവായതായി പ്രഖ്യാപിച്ച് മ്യാന്‍മാര്‍ പാര്‍ലമെന്റിനെ പ്രതിനിധാനം ചെയ്യുന്ന സി.ആര്‍.പി.എച്ച് രംഗത്തെത്തിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയ ജനാധിപത്യവാദികള്‍ ഇടക്കാല ഭരണഘടനയെന്ന നിലയില്‍ ഒരു ഇടക്കാല ഭരണഘടനയും പുറത്തിറക്കി. ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രമെ ഏഷ്യയുടെ ഹൃദയഭാഗമായ മ്യാന്‍മാറില്‍ വലിയ തോതിലുള്ള ആഭ്യന്തരകലാപം പടരുന്നത് തടയാനാവൂവെന്നും വിഷയത്തില്‍ യു.എന്‍.രക്ഷാസമിതി ഇടപെടണമെന്നും മ്യാന്‍മാറിലെ യു.എന്‍.പ്രതിനിധി ക്രിസ്റ്റീന്‍ ഷ്രാനര്‍ ബര്‍ഗ്നര്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സൈനിക നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പ്രതികരിച്ച മ്യാന്‍മാറിന്റെ യു.എന്‍.അംബാസിഡര്‍ ക്യാവ് മോ ടുനിനെ പട്ടാളഭരണകൂടം നേരത്തെ പിരിച്ചുവിടുകയായിരുന്നു.


വേണം ഇടപെടല്‍; 
 ചോരപ്പുഴ ഒഴുകാതിരിക്കാന്‍
മ്യാന്‍മാറിലെ ജനാധിപത്യധ്വംസനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ചെറുത്തുനില്‍പ്പ് പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. യൂുറോപ്യന്‍ യൂണിയനും അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ പലതും മ്യാന്‍മാറിലെ സൈനിക നേതൃത്വത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചുകഴിഞ്ഞു. സൈന്യം കിരാത നടപടികള്‍ അവസാനിച്ച് മാന്യത വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, ദക്ഷിണകൊറിയ, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്, ന്യൂസീലന്‍ഡ് എന്നീ പന്ത്രണ്ട് രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാര്‍ നേരത്തെ സംയുക്ത പ്രസ്താവനയിറക്കിയിറങ്ങിയിരുന്നു. ദക്ഷിണകൊറിയയാവട്ടെ പ്രതിരോധസഹകരണവും റദ്ദാക്കി. അതേസമയം ആസിയാന്‍ രാജ്യങ്ങളിലേറെയും ജനകീയപ്രക്ഷോഭത്തിന് അനുകൂലമായ പ്രതികരണം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വിരോധാഭാസം. മ്യാന്‍മാറിലെ തെരുവുകളില്‍ ഇനിയും ചോരപ്പുഴ ഒഴുകാതിരിക്കാന്‍ പരിഹാരനടപടികള്‍ക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്‍കയ്യെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷവും സ്വാതന്ത്ര്യവും ലഭ്യമാവാതെ മ്യാന്‍മാര്‍ ജനതയുടെ നല്ലൊരു ശതമാനവും സ്വന്തം സൈനികരുടെ വെടിയേറ്റ് ചരിത്രമാവും. വംശീയകലാപങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാട്ടില്‍ സൈനിക അടിച്ചമര്‍ത്തലിന് പിന്നാലെയുള്ള അരക്ഷിതാവസ്ഥയ്ക്കിടെ ആഭ്യന്തരകലാപത്തിനും അരാചകത്വത്തിനും കൂടി വഴിയൊരുങ്ങിയാല്‍ അത് മ്യാന്‍മാറിന്റെ തെരുവുകളെ ഇനിയുമേറെ ചോര കൊണ്ട് ചുവപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close