KERALAlocaltop news

ഇന്ധനവില വർധനക്കെതിരെ ‘ചുക്കുടു’ വണ്ടിയുണ്ടാക്കി പ്രതിഷേധിച്ച് യുവാവ്

റഫീഖ് തോട്ടുമുക്കം

മുക്കം: ജനജീവിതം ദുസ്സഹമാക്കി അനുദിനം കുതിക്കുന്ന ഇന്ധനവില വർധനക്കെതിരെ ‘ചുക്കുടു’ വണ്ടിയുണ്ടാക്കി പ്രതിഷേധിച്ച് യുവാവ്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മഞ്ഞക്കുഴയിൽ ടിൻസ് എം. തോമസാണ് വ്യത്യസ്തമായ രീതിയിൽ തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പ്രചാരത്തിലുള്ള മരം കൊണ്ട് നിർമിക്കുന്ന വാഹനമാണ് ചുക്കുടു. ഇന്ധനം ആവശ്യമില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത. സഞ്ചരിക്കാനും ചരക്കു നീക്കത്തിനുമായി കോംഗോയിലെ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ചുക്കുടുവിനെ കുറിച്ചറിഞ്ഞ ടിൻസ് അത്തരമൊരു വാഹനം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. വെറും രണ്ട് ദിവസം മാത്രമെടുത്താണ് ടിൻസ് ചുക്കുടു ഉണ്ടാക്കിയത്. അഞ്ച് ക്വിൻ്റൽ വരെ ഭാരമുള്ള വസ്തുക്കൾ ചുക്കുടുവിൽ കൊണ്ടുപോകാം. സൈക്കിളിനെ പോലെയാണ് ചുക്കുടുവും പ്രവർത്തിക്കുന്നത്. ടയറിൽ ചെറിയ പെഡൽ വച്ചാണ് ബ്രേക്ക് പ്രവർത്തിക്കുന്നത്. സൈക്കിൾ ഓടിക്കാൻ അറിയുന്ന ആർക്കും ചുക്കുടുവും ഓടിക്കാം.

പൂർണമായും മരം കൊണ്ടാണ് ചുക്കുടു നിർമിച്ചിരിക്കുന്നത്. കുന്നിമരം, കാപ്പി, തെങ്ങ്, ആഞ്ഞിൽമരം എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ലോക്ക്ഡൗണിൽ പലതരത്തിലുള്ള അമ്പും വില്ലും നിർമിച്ച് ടിൻസ് ശ്രദ്ധേയനായിരുന്നു. സ്പോർട്സ് താരങ്ങൾ ഉപയോഗിക്കുന്ന അമ്പും വില്ലും, ഒരേസമയം മൂന്ന് അമ്പുകൾ ചെയ്യാവുന്ന ഊത്തമ്പ്, പണ്ടുകാലത്ത് ആദിവാസികൾ മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന പറങ്കി പാത്തി ഫിഷിങ് ഗൺ എന്നിവയായിരുന്നു ടിൻസ് സ്വയം നിർമിച്ചിരുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ചെറിയ പൂന്തോട്ടങ്ങൾ നിർമിച്ചു നൽകലായിരുന്നു ടിൻസിന്റെ വരുമാനമാർഗം. എന്നാൽ ലോക്ക്ഡൗൺ മൂലം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സമയത്താണ് പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ടിൻസ് ശ്രമിക്കുന്നത്. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് ടിൻസിൻ്റെ കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close