Healthtop news

ആന്റിബോഡി കോക്ടെയില്‍; കോവിഡിന്റെ ആഘാതം കുറയ്ക്കാന്‍ പുതിയമരുന്ന്.

ഡോ. സജിത്ത് നാരായണന്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ് നെഫ്രോളജി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്

കോഴിക്കോട്: മറ്റ് അസുഖങ്ങളുള്ളവരിലാണ് കോവിഡിന്റെ പ്രത്യാഘാതം ഏറ്റവും രൂക്ഷമായി തുടരുന്നത്. ശ്വാസകോശം, കരള്‍, വൃക്ക, ഹൃദയം തുങ്ങിയവയെ ബാധിച്ച അസുഖങ്ങളുള്ളവരും പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത വണ്ണം, വൃക്ക-കരള്‍ മാറ്റിവെക്കലിന് വിധേയരായവര്‍ മുതലായവരാണ് ഏറ്റവും സങ്കീര്‍ണ്ണമായ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇവര്‍ കോവിഡ് 19 ബാധിതരായാല്‍ രോഗം സങ്കീര്‍ണ്ണമാകുവാനും ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടപ്പെടുവാനും സാധ്യതയുണ്ട് എന്ന് ലോകമെങ്ങും നടന്ന പഠനങ്ങള്‍ സൂചിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ആളുകളുടെ ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായി തീരുന്ന പുതിയ മരുന്ന് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. ആന്റിബോഡി കോക് ടെയില്‍ എന്നറിയപ്പെടുന്ന ഈ ചികിത്സയുടെ പൂര്‍ണ്ണരൂപം കോക്ടെയില്‍ മോണോക്ലോണല്‍ ആന്റിബോഡി

നേട്ടങ്ങള്‍

സങ്കീര്‍ണ്ണമാകുവാന്‍ സാധ്യതയുള്ള രോഗികളില്‍ 70 ശതമാനത്തോളം പേരിലും ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.
മരണപ്പെടാനുള്ള സാധ്യത കുറയുന്നു.
ദീര്‍ഘകാല ആശുപത്രിവാസത്തിന്റെ ആവശ്യകത കുറയുന്നു.
രോഗത്തിന്റെ ദൈര്‍ഘ്യം കുറയുന്നു.

എപ്പോഴാണ് മരുന്ന് നല്‍കേണ്ടത്?

രോഗി ഗുരുതരാവസ്ഥയിലേക്ക് മാറുന്നതിന് മുന്‍പ് തന്നെ ഈ മരുന്ന് നല്‍കേണ്ടതാണ്. ഗുരുതരാവസ്ഥയിലേക്ക് മാറുകയും ന്യുമോണിയ പോലുള്ള അവസ്ഥകളിലെത്തുകയും ചെയ്താല്‍ മരുന്ന് ഫലപ്രദമാവുകയില്ല. രോഗം ആരംഭിച്ച് പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ തന്നെ മരുന്ന് നല്‍കുന്നതായിരിക്കും ഏറ്റവും ഉചിതമായ സമയപരിധി.

എങ്ങിനെയാണ് മരുന്ന് പ്രവര്‍ത്തിക്കുന്നത്.

ഒരു ആന്റിബോഡിയായാണ് ഈ കോക്ടെയില്‍ പ്രവര്‍ത്തിക്കുന്നത്. വൈറസിനെ തെരഞ്ഞ് പിടിച്ച് നശിപ്പിക്കുക എന്ന ധര്‍മ്മമാണ് ഇത് നിര്‍വ്വഹിക്കുന്നത്. ശരീരത്തിന്റെ ആന്റി ബോഡി കുറവും വൈറസ് കൂടുതലുമായുള്ളവരില്‍ ഈ മരുന്ന് നല്‍കുമ്പോള്‍ സ്വാഭാവികമായും ഇത് ആന്റിബോഡിയുടെ ധര്‍മ്മം ഏറ്റെടുക്കുകയും വൈറസിനെ നശിപ്പിക്കുകയും ഇതിലൂടെ രോഗാവസ്ഥ സങ്കീര്‍ണ്ണതയിലേക്ക് മാറാതെ തടയുകയും ചെയ്യുന്നു.

ആരൊക്കെയാണ് സങ്കീര്‍ണ്ണതകയ്ക്ക് സാധ്യതകളുള്ളവര്‍?

65 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍
ബോഡി മാസ്സ് ഇന്‍ഡക്സ് 35 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ളവര്‍
സങ്കീര്‍ണ്ണമായ വൃക്കരോഗമുള്ളവര്‍
പ്രമേഹരോഗബാധിതര്‍
പ്രതിരോധ ശേഷി കുറവുള്ളവര്‍
ഹൃദ്രോഗം, അമിതരക്തസമ്മര്‍ദ്ദം, സി ഒ പി ഡി, ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങളുള്ളവര്‍

നേരത്തെ അമേരിക്ക പോലുള്ള ചില വിദേശരാജ്യങ്ങളില്‍ ആന്റിബോഡി കോക്ടെയില്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് ഉപയോഗിച്ചതിലൂടെയാണ് ഈ മരുന്ന് വ്യാപകമായി ശ്രദ്ധയാകര്‍ഷിച്ചത്. ഇപ്പോള്‍ ഇന്ത്യയിലും ഉപയോഗത്തിലെത്തിയിരിക്കുന്നു. കോവിഡ് അനുബന്ധ ചികിത്സയില്‍ വന്‍മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close