KERALAlocaltop news

കേന്ദ്ര സർക്കാർ ഇന്ധനവില കുറയ്ക്കണം; നഗരസഭാ കൗൺസിൽ

കോഴിക്കോട്: ഡീസലിനും പെട്രോളിനും ദിനംപ്രതി വില വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്ന് ഇന്ധനകമ്പനികളെ വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്നും എക്‌സൈസ്‌നികുതി ഉപേക്ഷിച്ച് വിലക്കയറ്റത്തിന്റെ കെടുതിയില്‍ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കണമെന്നും        നഗരസഭാ കൗൺസിൽ   യോഗം അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സി.പി.ഐയിലെ പി.കെ നാസര്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് കമ്പനികള്‍ക്ക് തോന്നിയ പോലെ വില കൂട്ടാന്‍ അവസരം ഉണ്ടാക്കിയതെന്ന് പി.കെ നാസര്‍ പറഞ്ഞു.
ഇന്ധനവിലയില്‍ നിന്ന് സംസ്ഥാനസര്‍ക്കാറിന് ലഭിക്കുന്ന വിഹിതം വേണ്ടെന്നുവെച്ച് ജനങ്ങളെ സഹായിക്കണമെന്ന കെ. മൊയ്തീന്‍കോയയുടെ ഭേദഗതി യോഗം വോട്ടിനിട്ട് തള്ളി. ബി.ജെ.പി അംഗങ്ങള്‍ നിഷ്പക്ഷത പാലിച്ചു. അതേസമയം, പ്രമേയം ബി.ജെ.പിയുടെ എതിര്‍പ്പോടെ പാസായി.
സംസ്ഥാന സര്‍ക്കാറിന് ഒരു ലിറ്റര്‍ ഡീസലിന്മേല്‍ 24രൂപ ലഭിക്കുന്നുണ്ട്. ഇത് ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് അംഗം എസ്.കെ അബൂബക്കര്‍ ആവശ്യപ്പെട്ടു. നവ്യ ഹരിദാസ്, സി.പി സുലൈമാന്‍, കൃഷ്ണകുമാരി, വരുണ്‍ ഭാസ്‌കര്‍, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, സി.എം ജംഷീര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം കെ.സി ശോഭിത നല്‍കിയ അടിയന്തര പ്രമേയം മേയര്‍ തള്ളി. മരം മുറിയുടെ കഥകള്‍ ദിവസംതോറും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
നടക്കാവിലെ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ കോര്‍പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കപ്പെട്ടില്ലെന്ന് എസ്.കെ അബൂബക്കര്‍കോയ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇടപെട്ട ഉടന്‍ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റുകയായിരുന്നുവെന്ന് എസ്.കെ അബൂബക്കര്‍ ആരോപിച്ചു. ബസ് വെയിറ്റിങ് ഷെഡ് പുനര്‍നിര്‍മിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും മറ്റു വിവാദങ്ങള്‍ ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡ് വികസനത്തിന് അനുവദിച്ച ഫണ്ട് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ. മൊയ്തീന്‍കോയ കൊണ്ടുവന്ന പ്രമേയത്തിന് ഭരണപക്ഷത്തുനിന്ന് ഭേദഗതി കൊണ്ടുവന്നത് തര്‍ക്കത്തിനും യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനും ഇടയാക്കി. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന റോഡ് വികസനം സാധ്യമാക്കുന്നതിന് ഫണ്ട് ലഭ്യത വേഗത്തിലാക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഫണ്ട് അനുവദിച്ച സര്‍ക്കാറിനെ അഭിനന്ദിക്കുന്നതായി പ്രമേയത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു സി.പി.എം അംഗത്തിന്റെ ആവശ്യം. എന്നാല്‍ ഭേദഗതി മൊയ്തീന്‍കോയ അംഗീകരിച്ചില്ല. ഭേദഗതിയോടു കൂടിയ പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close