KERALAlocaltop news

ലഹരി വിരുദ്ധദിനം; സതീർത്ഥ്യൻ സതീശന്റെ ഓർമയിൽ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്

വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: ലഹരിവിരുദ്ധ ദിനത്തിൽ സതീർത്ഥനെ കുറിച്ച് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി  ബാബു പെരിങ്ങേത്ത് ഫേസ് ബുക്കിൽ കുറിച്ച ഓർമകൾ viral ആകുന്നു. കേരള പോലീസിലെ മികച്ച കുറ്റാന്വേഷകനും നല്ലൊരു എഴുത്തുകാരനുമായ ബാബുവിന്റെ ഓർമകൾ ഇങ്ങനെ-                                                           “നട്ടപ്പാതിരക്ക് കലിയടങ്ങാതെ പെയ്തു കൊണ്ടിരിക്കുന്ന പെരുമഴയത്ത് പലതും ആലോചിച്ച് ഉറക്കം കിട്ടാതെ ക്വാർടേഴ്സിൽ കിടക്കുമ്പോൾ എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞത്, പിറ്റേന്ന് ഓപ്പറേഷന് തയ്യാറായി ആശുപത്രിയിൽ കിടക്കുന്ന ഭാര്യയെ ഓർത്തതു കൊണ്ടായിരുന്നില്ല..
കറുത്ത് മെലിഞ്ഞ് നീളം കൂടിയ സതീശൻ എന്ന എം എ എക്കണോമിക്സുകാരൻ അസമയത്ത് എന്റെ ഉറക്കം അടർത്തിമാറ്റി ഓർമ്മകളിൽ നിറഞ്ഞതുകൊണ്ടായിരുന്നു.
ഇതുപോലെ മഴ അനുരഞ്ജനത്തിനില്ലാതെ തിമിർത്തുപെയ്യുന്ന ഒരു രാത്രിയിലാണ് നനഞ്ഞ് കുതിർന്ന്,കൈയ്യിൽ ഏതോ ഒരു മാസിക ചുരുട്ടിപ്പിടിച്ച് കൊണ്ട് അവൻ സ്റ്റേഷനിലേക്ക് കയറി വന്നത്. രാത്രി പത്തു മണി ആയിട്ടുണ്ടാവും. കറണ്ടുണ്ടായിരുന്നില്ല. അന്നത്തെ ജോലികൾ അവസാനിപ്പിച്ച് ക്വാർടേഴ്സിലേക്ക് പോകാനായി ഞാൻ ഇറങ്ങാൻ തുടങ്ങിയതാണ്..
“സാർ.. എന്നെയൊന്ന് സഹായിക്കണം.. കുറേപ്പറയാനുണ്ട്…. ”
നേർത്ത ശബ്ദത്തിലാണവൻ പറഞ്ഞത്.
അവനെ ഞാൻ എന്റെ റൂമിലെ കസേരയിലിരുത്തി. താഴോട്ടു നോക്കിയിരിക്കുന്നതല്ലാതെ അവൻഒന്നും പറയുന്നില്ല.. പറയാൻ വാക്കുകൾ കിട്ടുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. കുറച്ചു സമയം ഇരുന്നതിന് ശേഷം പിന്നീട് വരാം എന്ന് പറഞ്ഞ് അവൻ റൂമിൽ നിന്നും ഇറങ്ങി നീളൻ കുട തുറന്ന് ഇരുട്ടത്ത് മഴക്കുളളിലേക്ക് ഇറങ്ങിപ്പോയി.
രണ്ടു ദിവസം കഴിഞ്ഞ് മഴയൊഴിഞ്ഞ ഒരു രാത്രിയിലാണ് അവൻ വീണ്ടും വന്ന് മനസ്സ് തുറന്നത്.
അച്ഛനും അമ്മയും ചേച്ചിയും അവനും രണ്ട് അനിയത്തിമാരുമുള്ള കുടുംബം. അച്ഛന്റെ മദ്യപാനവും കുടുംബ കലഹവുമാണ് പ്രശ്നം. കൂലിപ്പണിക്കാരനായ അച്ഛൻ എല്ലാ ദിവസവും മദ്യപിച്ച് ആരോടെങ്കിലും വഴക്കോ അടിപിടിയോ ഉണ്ടാക്കിയാണ് വീട്ടിൽ വരുന്നത്.വീട്ടിലെത്തിയാൽ എല്ലാം വലിച്ചെറിയും-ഭക്ഷണവും വീട്ടുപകരണങ്ങളും മറ്റും.
പിന്നെ നേരം വെളുക്കുവോളം അച്ഛനും അമ്മയും തമ്മിൽ അടിപിടിയും ചീത്ത വിളിയുമാണ്.. വഴക്കിനിടയിൽ മക്കൾക്കും കിട്ടും അടി.
ഒരിക്കൽ സ്ഥലത്തെ പ്രാദേശിക രാഷ്ടിയ പാർട്ടി പ്രവർത്തകർ അച്ഛനെലഹരി വിമുക്ത കേന്ദ്രത്തിൽ കൊണ്ടാക്കിയതാണ്.അവിടുത്തെ ജോലിക്കാരന്റെ തലക്ക് കസേര കൊണ്ട് അടിച്ച് പരിക്കേൽപിച്ച് മൂന്നാം ദിവസം ആൾ വീട്ടിലെത്തി.അതിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
” കുടുംബകലഹം തീർക്കാൻ മദ്ധ്യസ്ഥത വെച്ചപ്പോൾ അവിടെ വെച്ച് അച്ഛനും അമ്മയും അടിയായി.ഇപ്പോൾ പാർട്ടിക്കാരും അയൽക്കാരും ബന്ധുക്കളും തിരിഞ്ഞ് നോക്കുന്നില്ല…”
അവൻ നിലത്തു നോക്കിയാണ് പറഞ്ഞത്.
കോളേജ് വിദ്യാർത്ഥിയായിരിക്കെ സതീശൻആരോടും സൗഹൃദമുണ്ടാക്കിയില്ല.ഒരു ദിവസം എവിടെയോ പോകുന്ന വഴി അവന്റെ ക്ലാസ്സിലെ കുറച്ച് ആൺകുട്ടികളും പെൺ കുട്ടികളും അവന്റെ വീട്ടിൽ വന്നു. ആ സമയത്ത് അച്ഛൻ മദ്യലഹരിയിൽ ഉടുതുണിയില്ലാതെ വീടിന് മുന്നിലെ തെങ്ങിൻ തടത്തിൽ കിടന്ന് തെറിയഭിഷേകം നടത്തുകയായിരുന്നു. സഹപാഠികളെ അമ്മ ചീത്ത പറഞ്ഞ് തിരിച്ചയച്ചു.. പിറ്റേന്ന് മുതൽ കോളേജിൽ പോക്ക് നിറുത്തി പ്രൈവറ്റായി പഠിച്ചാണ് അവൻ എം എ ബിരുദം നേടിയത്. എങ്ങനെയെങ്കിലും ഒരു ജോലി നേടി പെങ്ങൻമാരെ രക്ഷപെടുത്തണം എന്നു മാത്രമാണ് അവന്റെ ചിന്ത.
അന്വേഷണത്തിനായി ഞാൻ ഒരു ASI യെയും രണ്ടു പോലിസുകാരെയും അയച്ചു.
ഉപദേശത്തിനോ, താക്കീതിനോ, പോലിസിന്റെ തനി സ്വഭാവത്തിനോ പിടിച്ചുകെട്ടാൻ കഴിയാത്തതാണ് അവരുടെ കുടുംബ കലഹം എന്ന് താമസിയാതെ ബോധ്യമായി..
ഇവൻ എങ്ങനെയാണ് ഇതിന്റെ ഇടയിൽ നിന്ന് പഠിച്ച് MA ക്കാരനായത്? ഒരിക്കൽ സതീശൻ എനിക്ക് ഒരു നോട്ട് പുസ്തകം തന്നു. അവൻ എഴുതിയ ചെറുകഥകളാണ്. വായിച്ചു നോക്കിയപ്പോൾ UP ജയരാജിന്റെ ശൈലി..
ഒരിക്കൽ എനിക്ക് അവന്റെ വീട്ടിൽ
പോകേണ്ടി വന്നു.അച്ഛനും അമ്മയും കനത്ത ചീത്ത വിളി നടത്തുകയാണ്. പെൺമക്കൾ കരഞ്ഞ് കൊണ്ട് മുറ്റത്ത് മാറി നിൽക്കുന്നുണ്ട്. പെട്ടെന്ന് സതീശൻ വീട്ടിനകത്തു നിന്നും ഒരു കെട്ട് കടലാസുമായി വന്നു. എനിക്ക്. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് അവൻ അതെല്ലാം കീറിയെറിഞ്ഞു.
“സാറെ…ക്ഷമിക്കണം.. ഇനിഎനിക്ക് ഇതിന്റെ ആവശ്യമില്ല.. മടുത്തു സാറെ… “പടികളിറങ്ങി അവൻ റോഡിലേക്ക് പോയി.
അവൻ കീറിയെറിഞ്ഞ കടലാസുകൾ ഞാൻ നോക്കി- SSLC, +2, BA, MA സർട്ടിഫിക്കറ്റുകൾ…..!
സതീശനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ്…
ഞാൻ പിന്നീട് പല ജില്ലകളിൽ പല സ്റ്റേഷനുകളിൽ എത്തിപ്പെട്ടു. മൂന്നു നാലു പ്രാവശ്യം സതീശൻ വിളിച്ചിരുന്നു. എറണാകുളത്തെ തട്ടുകടയിൽ ജോലി ചെയ്യുകയാണ്. സർട്ടിഫിക്കറ്റുകൾ ഡ്യൂപ്ലിക്കേറ്റ് എടുക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചു..
പിന്നീട് വിളികൾ ഇല്ലാതായി. ഓർമ്മകളുടെ മുൻനിരയിൽ നിന്ന് സതീശൻ എഴുന്നേറ്റ് പോയിരിക്കുന്നു.
കാലങ്ങൾക്ക് ശേഷം അറിഞ്ഞു, കീഴടങ്ങലിന്റെ ഇരുൾ മൂടിയ തുരങ്കത്തിലേക്ക് അവൻ നടന്നു പോയിരിക്കുന്നു.. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നറിയാമെന്ന് പലപ്പോഴും പറഞ്ഞ അവൻ..
അപ്പോഴും അവന്റെ അച്ഛനും അമ്മയും കലഹിച്ചു കൊണ്ടിരിന്നിരിക്കുകയായിരിക്കും…
ക്ഷുഭിത യൗവനങ്ങളുടെ കഥകളെഴുതിയ നീ പരാജിതന്റെ ആരും വായിക്കാത്ത വിരസമായ നീണ്ടകഥയിലെ രണ്ടു വരിയിലൊതുങ്ങിയ കഥാപാത്രമായി എപ്പോഴേ നേർത്തു പോയി….
അച്ചാറിന്റേയും മിക്സ്ച്ചറിന്റേയും പൊരിച്ച മാംസ വിഭവങ്ങളുടേയും ഗന്ധം മത്സരിച്ചുയരുന്ന വൈകുന്നേരസദസ്സുകളിൽ ഞാൻ യാദൃശ്ചികമായി എത്തിപ്പെടാറുണ്ട്. സൗഹൃദം പതഞ്ഞുയരുന്ന ഗ്ലാസ്സുകൾക്കു ചുറ്റും വട്ടമിട്ട് പറന്ന് അതിൽ മുങ്ങിത്താഴുന്ന ഒരു ഈച്ചയായി ഞാൻ മാറാത്തത് എന്തുകൊണ്ടാണ്…?
എനിക്കറിയാം, ആ സദസ്സുകൾക്ക് അപ്പുറമുള്ള വെളിച്ചം വീഴാത്ത ഇടനാഴികളിൽ അദൃശ്യനായി നിന്ന് സതീശൻ എന്നെ വിലക്കാറുണ്ട്…
ലഹരി വിരുദ്ധ ക്ലാസ്സുകൾ എടുക്കാൻ പലപ്പോഴും ഞാൻ പോകാറുണ്ട്. പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കാറുള്ളത്- “കരുണാമയനാം…. ”
അന്നേരം കരുണാമയന്റെ ചിത്രം എന്റെ മനസിൽ തെളിയാറില്ല. പടർന്നു തുടങ്ങിയ സ്വപ്നങ്ങൾക്ക് നിരാശകൊണ്ട് അതിർത്തിയിട്ട് കൂരിരുട്ടിൽ പെരുമഴയത്തേക്ക് ഇറങ്ങിപ്പോയ കറുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരനാണ് എന്റെ മനസ്സിൽ ഉണ്ടാവുക………….

–Babu Peringeth

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close