KERALAlocaltop news

ജയിലിലടച്ചിരിക്കുന്ന മുഴുവൻ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണം – വെൽഫെയർ പാർട്ടി

കോഴിക്കോട് : സംഘ്പരിവാറിനെതിരെയും സർക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെയും പ്രതിഷേധിച്ചതിന്റെ പേരിൽ രാജ്യത്ത് ജയിലിലടച്ചിരിക്കുന്ന മുഴുവൻ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭീമാകൊറേഗാവ് എൽഗാർ പരിഷത്ത് കൺവെൻഷന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട എൺപതുകാരനായ ജസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവർത്തകനുമായ സ്റ്റാൻ സാമി ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് ജയിലിൽ മരിച്ചത് ലോക സമൂഹത്തിന് മുന്നിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നീതിവിരുദ്ധതയുടെ അടയാളമാണ്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിലും ഭീമാ കൊറേഗാവ് സംഭവത്തിന്റെ പേരിലും രാജ്യത്ത് നിരവധി വിദ്യാർത്ഥികളും സാമൂഹ്യ പ്രവർത്തകരും വിചാരണ തടവുകാരായുണ്ട്. പലർക്കും തടവ് ജീവിതം വർഷങ്ങൾ പിന്നിട്ടിട്ടും വിചാരണ പോലും ആരംഭിച്ചിട്ടില്ല. മലയാളികളായ റോണാ വിൽസൺ, ഹാനി ബാബു, സിദ്ധീഖ് കാപ്പൻ, റഈഫ് ശരീഫ് എന്നിവരടക്കം നിരവധി പേർ രാജ്യത്ത് വിവിധ ജയിലുകളിലുണ്ട്. വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽശിഫ ഫാത്തിമ തുടങ്ങിയവരും ആനന്ദ് തെൽതുബ്ഡെ, വരവര റാവു, ഗൌതം നവ് ലഖ തുടങ്ങി നിരവധി സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകരും ഇപ്പോഴും ജയിലിലുണ്ട്.

കേരളത്തിലും സമാനമായി ഭീകര നിയമങ്ങൾ ചുമത്തി ജാമ്യവും വിചാരണയുമില്ലാതെ ജയിലിൽ കഴിയുന്നവരുണ്ട്. മതിയായ ചികിത്സ നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ഇബ്രാഹിം എന്ന അറുപത്തഞ്ചുകാരന്റെ ആരോഗ്യനില അത്യന്തം ഗുരുതരമാണ്. സിപിഎം പ്രവർത്തകനായ താഹ ഫസലും വ്യാജ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജിയിലിൽ കഴിയുന്നു. ശിക്ഷിക്കപ്പെട്ട കൊടും കുറ്റവാളികൾക്കു പോലും കോവിഡ് സാഹചര്യത്തിൽ പരോൾ അനുവദിക്കുമ്പോൾ ഒരു കോടതിയും ശിക്ഷിക്കാത്ത ഇത്തരം തടവുകാർ വിചാരണ നടപടി പോലും നടക്കാതെ ജയിലിൽ തന്നെ തുടരുകയാണ്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജയിലിൽ കഴിയുന്ന ഇത്തരം രാഷ്ട്രീയ തടവുകാർക്ക് അടിയന്തിരമായി ജാമ്യം അനുവദിക്കണം. ജനാധിപത്യപരമായി അഭിപ്രായം പറയുന്നവരെ ജയിലിലടച്ച് പീഢിപ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങളാണ് ഭരണകൂടത്തിന് ഇത്തരം അമിതാധികാരം നൽകുന്നത്. കേരളത്തിൽ വീണ്ടും ഒരു ഭീകര നിയമം കൂടി ഉണ്ടാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി പോലീസ് മേധാവിയായിരുന്ന ബഹ്റയുടെ വിടവാങ്ങൽ വേളയിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പും ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണ്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതിനായി വ്യാപകമായ ജനാധിപത്യ പ്രതിരോധ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടുന്ന സാഹചര്യമാണ് കേരളത്തിലും രാജ്യത്ത് പൊതുവിലും ഉള്ളതെന്നും വെൽഫെയർ പാർട്ടി നേതാക്കൾ  പറഞ്ഞു.                    റസാഖ് പാലേരി (ദേശീയ സെക്രട്ടറി)
അസ് ലം ചെറുവാടി (ജില്ല പ്രസിഡണ്ട്, കോഴിക്കോട്)
എ.പി വേലായുധൻ (ജില്ല വൈസ് പ്രസിഡണ്ട്, കോഴിക്കോട്)
മുസ്തഫ പാലാഴി (ജില്ല സെക്രട്ടറി –  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു’

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close