കോഴിക്കോട്: പ്രവാസികളുടെ യാത്രാവിലക്ക് പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിയിലെത്തിയ നിരവധി പ്രവാസികൾ കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചു പോവാനാവാതെ ദുരിതത്തിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്താൻ ഇന്ന് വരെ തയ്യാറായിട്ടില്ല. ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്ന സൗദി അറേബ്യ പോലുള്ള രാജ്യത്തേക്ക് നേരിട്ട് യാത്രസൗകര്യം ഇല്ലാതായിട്ട് ഒന്നര വർഷത്തോളമായി. മറ്റു ഗൾഫ് രാജ്യങ്ങൾ വഴിയുള്ള യാത്രാസൗകര്യം ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. യൂറോപ്പ് , മാലിദ്വീപ് വഴി വാൻ തുക ചെലവഴിച്ചാണ് പലരും തിരിച്ചെത്തിയത്. എന്നാൽ ഇത്തരം യാത്രകളൊന്നും സാധാരണക്കാരായ പ്രവാസികൾക്ക് അപ്രാപ്യമാണ്. യാത്രാവിലക്ക് നീളുന്നതിനനുസരിച്ചു നിരവധി പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. രണ്ടു ഡോസ് വാക്സിൻ പൂർത്തിയാക്കിയവരും നിരവധിസാങ്കേതിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. സൗദി ആരോഗ്യവകുപ്പിന്റെ തവക്കൽന ആപ്പിൽ രേഖകൾ അപ്പ്ലോഡ് ചെയ്യുന്നതിന് സൗദി എംബസി അറ്റസ്റ്റ് ചെയ്യണമെന്ന നിർദേശമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ സൗദി എംബസി ഇത്തരം സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ ട്രാവൽ ഏജൻസികൾ വലിയ തുക ഈടാക്കുന്നുണ്ട്. കോവാക്സിൻ പോലുള്ള വാക്സിനുകൾക്ക് പല വിദേശരാജ്യങ്ങളിലും അംഗീകാരമില്ല. ഇത്തരം വാക്സിനുകൾ സ്വീകരിച്ചവരും ബുദ്ധിമുട്ടിലാണ്. പ്രവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് കേരള പ്രവാസിസംഘം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളസർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ജൂലൈ 19 ന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക് ജില്ലാ കേന്ദ്രത്തിലും 16 ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രസിഡണ്ട് എം സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ, ട്രഷറർ എം. ജോഹർ, എന്നിവർ സംസാരിച്ചു .
Related Articles
Check Also
Close-
കോഴിക്കോട് ഇന്ന് (25/09/20)690 കോവിഡ്പോസറ്റീവ്
September 25, 2020