INDIAlocalNationalPoliticstop news

കോഴിക്കോട് ആറുവരിപ്പാത അടുത്തമാസം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി:അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിര്‍മ്മാണ പ്രവര്‍ത്തനം ഓഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എം കെ രാഘവന്‍ എം പി ക്ക് ഉറപ്പ് നല്‍കി. വ്യാഴാഴ്ച പാര്‍ലമെന്റിലെ മന്ത്രി ഗഡ്കരിയുടെ ഓഫീസില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.ദേശീയ പാത അതോറ്റി മെമ്പര്‍ പ്രൊജക്ട്‌സ് ആര്‍ . കെ പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതി മൂന്ന് വര്‍ഷമായും തുടങ്ങാതെ, ജനങ്ങളെ ദുരിതത്തിലാക്കിയ കാര്യം എം പി യോഗത്തില്‍ വിശദീകരിച്ചതോടെ പദ്ധതിക്ക് കരാര്‍ എടുത്ത ഹൈദരബാദ് ആസ്ഥാനമായ കെ എം സി കമ്പനി എംഡി വിക്രം റെഡ്ഡിയെ ഗഡ്കരി ഫോണില്‍ നേരിട്ട് വിളിക്കുകയായിരുന്നു.

അടുത്ത മാസം 10ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് മന്ത്രി കമ്പനിക്ക് അന്ത്യശാസനം നല്‍കുകയും, കമ്പനി അംഗീകരിക്കുകയും ചെയ്തു. കെ.എം.സിയുടെ നേരത്തേയുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ,സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളില്‍ ഓഹരി എടുത്ത,യാതൊരു വിധ പ്രവൃത്തി പരിചയമില്ലാത്ത കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കെലും ആണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യോഗത്തില്‍ വിലയിരുത്തി.

സുദീര്‍ഘമായ അനിശ്ചിതത്വത്തിലും, കമ്പനികള്‍ മാറി വരുന്നതിലും എം പി ആശങ്ക അറിയിച്ചപ്പോള്‍ മന്ത്രി തന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കാമെന്നാണ് അറിയിച്ചത്.

ആഗസ്റ്റ് മാസം പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിനും, നിയമ പോരാട്ടത്തിനും, ബഹുജന പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുമെന്നും എം പി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close