localMOVIEStop news

കെഞ്ചിര’ ചിങ്ങം ഒന്ന് മുതൽ ആക്‌ഷൻ ഒ.ടി.ടി.യിൽ

കോഴിക്കോട്: വയനാട്ടിലെ പണിയ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ആദിവാസികളുടെ അതിജീവന യാഥാർത്ഥ്യങ്ങളിലേക്കും, പൊതു സമൂഹത്തിന്റെ അവഗണനയും വ്യവസ്ഥയുടെ ക്രൂരതയും ഏറ്റുവാങ്ങി സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും പറിച്ചെറിയപ്പെട്ട് ത്രിശങ്കുവിലകപ്പെട്ട ആ ജനതയുടെ വിഹ്വലതകളിലേക്കും വെളിച്ചം വീശുന്ന ‘കെഞ്ചിര’ എന്ന സവിശേഷ സിനിമ ചിങ്ങം ഒന്നിന് ഒ.ടി.ടി.യിലൂടെ ലോക പ്രേക്ഷകരിലേക്കെത്തുന്നു. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച മനോജ് കാന എഴുതി സംവിധാനം ചെയ്ത ‘കെഞ്ചിര’ ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 17 ന് Action OTT യിൽ പ്രഥമ ചിത്രമായിട്ടാണ് റിലീസ് ചെയ്യുന്നത്. 100 രൂപയാണ് സ്ക്രീനിംഗ് ഫീ. ‘കെഞ്ചിര’യുടെ ട്രെയ്‌ലർ ഇന്ത്യയുടെ അഭിമാനമായ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് 5 മണിക്ക് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യും.

2020ൽ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര’ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഭാഷാചിത്രത്തിനുള്ള പുരസ്കാരവും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കാൻ ചലച്ചിത്രമേളയിൽ സ്ക്രീനിംഗിനായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്ക്രീനിംഗ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും ഉൾപ്പെടെ വിവിധ മേളകളിൽ ‘കെഞ്ചിര’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ്, പ്രതാപ് നായർക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ്, അശോകൻ ആലപ്പുഴക്ക് വസ്ത്രാലങ്കാരത്തിനുള്ള അവാർഡും എന്നിവ ഈ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്. സ്വത്വ സമ്പന്നമായ ഗോത്ര സംസ്കാരത്തിൽ നിന്ന് നരകീയ ജീവിതത്തിന്റെ മരുപ്പറമ്പിലേക്ക് ആദിവാസിയെ ആട്ടിയോടിച്ച ആർത്തി മൂർത്തികൾക്കു നേരെ, ഒത്തുതീർപ്പില്ലാത്ത ക്യാമറക്കണ്ണുമായി ഈ സിനിമ കടന്നു ചെല്ലുന്നു.

പണിയഭാഷയിൽ സാക്ഷാത്കരിച്ച കെഞ്ചിരയിൽ വേഷമിട്ടവർ ഒട്ടു മുക്കാലും ആദിവാസികൾ തന്നെ. അവർ അഭിനയിക്കുകയായിരുന്നില്ല; തങ്ങളുടെ ശരീരവും ആത്മാവും കൊണ്ട് പൊതുസമൂഹത്തോട് ഉറക്കെ സംസാരിക്കുകയായിരുന്നു. കോടാനുകോടികൾ ചെലവഴിച്ച് ഉദ്ധരിച്ചവർക്കും, രക്ഷകവേഷം കെട്ടിയവർക്കും ഇതുവരെയും മനസ്സിലാകാത്ത ആദിവാസി ജീവിതം ഉച്ചത്തിൽ വിളിച്ചു പറയുകയാണ് ഈ സിനിമ. മുഖ്യധാരയോടുള്ള ആദിവാസിയുടെ ‘ഡയലോഗാണ് ‘ ഈ ചലച്ചിത്രം. സൗഹൃദവലയങ്ങളിൽ ഈ വിവരം എത്തിച്ച് മലയാളി ഇതുവരെ കാണാത്ത അനുഭവിക്കാത്ത ആദിവാസി ജീവിതത്തിന്റെ ചലച്ചിത്രഭാഷ്യം ഏറ്റെടുക്കാനും സത്യസന്ധമായ പ്രതികരണങ്ങൾ രേഖപ്പെടുത്താനും ശില്പികൾ അഭ്യർത്ഥിക്കുന്നു. പൈറസി ഭീഷണിയിൽ ചലച്ചിത്ര പ്രവർത്തകർ കടുത്ത പ്രയാസം നേരിടുന്ന ഇന്നത്തെ അവസ്ഥയിൽ, ചെറിയ സംഖ്യ മുടക്കി നിശ്ചിത ഒ.ടി.ടി.യിലൂടെ തന്നെ നല്ല സിനിമകൾ കാണുന്നത് അന്തസ്സുള്ള സാംസ്‌കാരിക പ്രവർത്തനമാണെന്ന് മനോജ് കാന പറഞ്ഞു.

മനോജ് കാന നേരത്തെ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ ‘ചായില്യ’വും ’അമീബ’യും സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ ശ്രദ്ധയും നേടിയതാണ്. ഇപ്പോൾ ആശാശരത്തും മകൾ ഉത്തരയും മുഖ്യവേഷങ്ങളിലെത്തുന്ന, ബെൻസി നാസർ നിർമ്മിക്കുന്ന ‘ഖെദ്ദ’യുടെ പണിപ്പുരയിലാണ് മനോജ്. ആദിവാസികൾക്കിടയിൽ ഏറെ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹം, അവരെ ഉൾപ്പെടുത്തി ആവിഷ്കരിച്ച ‘ഉറാട്ടി’ എന്ന നാടകം ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ അവതരിപ്പിക്കപ്പെടുകയുണ്ടായി. കേരളത്തിലാദ്യമായി ഒരു ആദിവാസി പെൺകുട്ടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത നാടകം കൂടിയാണത്.
————
*Stills link*:

https://drive.google.com/drive/folders/181hsZsak9Whlf0Ed7AK7jERAj6HEiTC0

*Scenes video link*:

https://drive.google.com/file/d/1Z_816slWxiTUYsEtZ8jO8qkxrWy_EB_d/view?usp=sharing

*Crew*
തിരക്കഥാ രചന, സംവിധാനം: മനോജ് കാന
നിർമ്മാണം: നേര് കൾച്ചറൽ സൊസൈറ്റി & മങ്ങാട്ട് ഫൗണ്ടേഷൻ
ഛായാഗ്രഹണം: പ്രതാപ് പി. നായർ
ചിത്ര സംയോജനം: മനോജ് കണ്ണോത്ത്
ഈണം, പശ്ചാത്തല സംഗീതം – ശ്രീവത്സൻ ജെ. മേനോൻ
ഗാനരചന: കുരീപ്പുഴ ശ്രീകുമാർ
ആലാപനം: മീനാക്ഷി ജയകുമാർ
സൗണ്ട് ഡിസൈനിങ്: റോബിൻ കെ.കുട്ടി, മനോജ് കണ്ണോത്ത്
സിങ്ക് സൗണ്ട് റെക്കോർഡിങ്: ലെനിൻ വല്ലപ്പാട്
സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്
കലാ സംവിധാനം: രാജേഷ് കല്പത്തൂർ
ചമയം: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ
ഡി.ഐ.സ്റ്റുഡിയോ: രംഗ് റേസ് മീഡിയ, കൊച്ചി
കളറിസ്റ്റ്: ലിജു പ്രഭാകരൻ
ഡി.ഐ.കൺഫേമിസ്റ്റ്: രാജേഷ് മെഴുവേലി

…….

*Cast*
കെഞ്ചിര – വിനുഷ രവി
തോലൻ – കെ.വി.ചന്ദ്രൻ
കാരി – മോഹിനി
പത്രോസ് – ജോയ് മാത്യു
ചൊക്രൻ – സനൂജ് കൃഷ്ണൻ
ഗോത്ര നേതാവ് – കരുണൻ
കണ്ണൻ – വിനു കുഴിഞ്ഞങ്ങാട്
വല്യമ്മ – കോലിയമ്മ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close