KERALAlocaltop news

സമത്വത്തിനും അനാചാരങ്ങളെ തുടച്ചുനീക്കാനും നിലകൊള്ളണം: മന്ത്രി എ.കെ ശശീന്ദ്രന്‍

കോവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സമത്വത്തിനായി പോരാടുന്നതിനൊപ്പം അനാചാരങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ ആഘോഷിച്ചത്.

ഭരണഘടന അനുശാസിക്കുന്ന സമത്വവും സ്വാതന്ത്ര്യവും പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികള്‍ക്ക് നല്‍കാനുള്ള സ്വാതന്ത്ര്യദിനം സമ്മാനം. സ്ത്രീധനത്തിന്റെ പേരില്‍ വിവിധ മേഖലകളില്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ ദു:ഖകരമാണ്. ഇതിനെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ ബോധവത്കരണം ആവശ്യമാണ്. സഹോദരിമാരെ സമത്വമുള്ളവരായി കാണാനും സ്ത്രീധനമുള്‍പ്പെടെയുള്ള അനാചാരങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചെയ്ത് അവ പ്രാവര്‍ത്തികമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുന്ന കാലത്തെ സ്വാതന്ത്ര്യദിനത്തില്‍ വലിയ ആഘോഷങ്ങള്‍ മാറ്റിവച്ച് രാജ്യത്തിന്റെ ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വികസിത രാജ്യങ്ങളിലടക്കം മരണനിരക്ക് കൂടിയപ്പോഴും രാജ്യമാകെ പകച്ചുനിന്നപ്പോഴും മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചുവെന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്. റീബില്‍ഡ് കേരളയടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് അഭിമാനിക്കാവുന്ന വസ്തുതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി നേടിത്തന്ന ധീരദേശാഭിമാനികളുടെ ജ്വലിക്കുന്ന സ്മരണ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ മണ്ണാണ് കോഴിക്കോടിന്റേത്. ഉപ്പുസത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന സമരം ചരിത്രത്തിലെ വലിയ ഏടാണ്. ഈ പോരാട്ടങ്ങള്‍ എന്നും നമ്മുക്ക് ആവേശമാണെന്നും മന്ത്രി പറഞ്ഞു.
മേയര്‍ ഡോ.ബീന ഫിലിപ്പ്,
എം.കെ രാഘവന്‍ എം.പി, എം.എല്‍.എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം.സച്ചിന്‍ ദേവ്, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി,
ഡെപ്യൂട്ടി മേയർ വി. മുസാഫര്‍ അഹമ്മദ്, സബ് കലക്ടര്‍ വി.ചെല്‍സസിനി, പോലീസ് മേധാവിമാരായ എ.വി.ജോര്‍ജ്ജ്, ഡോ.എ.ശ്രീനിവാസ്, എ.ഡി.എം ഷാമിന്‍ സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.സിജിത്ത് പരേഡിന് നേതൃത്വം നൽകി. സബ് ഇന്‍സ്‌പെക്ടര്‍ പി.മുരളീധരന്‍ സെക്കന്റ് കമാണ്ടറായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി പോലീസ് സേനയും സബ് ഇന്‍സ്‌പെക്ടര്‍ ബി.പി.അശോകന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് റൂറല്‍ പോലീസ് സേനയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സേനാ വിഭാഗങ്ങളുമാണ് പരേഡില്‍ പങ്കെടുത്തത്.

ജില്ലയിലെ ആരോഗ്യമേഖലയില്‍നിന്നും തിരഞ്ഞെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ശ്രീജയന്‍, പ്രിന്‍സിപ്പാള്‍ ഡോ.രാജേന്ദ്രന്‍, ഗവ.ജനറല്‍ ആശുപത്രി സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ.സി.രവീന്ദ്രന്‍, പെരുവണ്ണാമൂഴി പ്രാഥമികാരോഗ്യകേന്ദ്രം അസി.സര്‍ജ്ജന്‍ ഡോ.ഷാരോണ്‍, ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ലുലു ജോണ്‍സ്, വടകര ജില്ലാ ആശുപത്രി നേഴ്സിങ് ഓഫീസര്‍ ജി.പി.അനശ്വര, വെള്ളിമാടുകുന്ന് ഗവ.റൂറല്‍ ഡിസ്പെന്‍സറി നേഴ്സിങ് ഓഫീസര്‍ ബിജി ജോര്‍ജ്ജ്, നരിപ്പറ്റ പ്രാഥമികാരോഗ്യകേന്ദ്രം ഫാര്‍മസിസ്റ്റ് സി.പി.അശോകന്‍, നാദാപുരം താലൂക്ക് ഹോസ്പിറ്റല്‍ ലാബ് ടെക്നീഷ്യന്‍ വി.കെ.അജിത് കുമാര്‍, കോഴിക്കോട് ജനറല്‍ ആശുപത്രി നേഴ്സിങ് അസിസ്റ്റന്റ് ബി.ധര്‍മ്മരാജന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരി പി.കെ.ഗീത, കൊടുവള്ളി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരന്‍ എം.ബിജു എന്നിവര്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പരമാവധി നൂറു പേര്‍ക്കായിരുന്നു പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close