KERALAtop news

എരിതീയിൽ എണ്ണയൊഴിക്കുന്നവരുടെ കെണിയിൽ സാമുദായിക നേതാക്കൾ വീഴരുത്​ -വി.ഡി. സതീശൻ

കോഴിക്കോട്​: സാമുദായിക സംഘർഷത്തിനായി എരിതീയിൽ എണ്ണയൊഴിക്കുന്നവരുടെ കെണിയിൽ സാമുദായിക നേതാക്കൾ വീഴരുതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. മാധ്യമം ജേർണലിസ്​റ്റ്​ യൂനിയ​‍ൻ പ്രഥമ എൻ. രാജേഷ്​ സ്​മാരക പുരസ്​കാരം പ്രമുഖ തൊഴിലാളി നേതാവ്​ പി. കൃഷ്​ണമ്മാളിന്​ സമർപിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സംഘർഷഭരിത സാഹചര്യത്തിലൂടെ കടന്നുപോകു​മ്പോൾ കേരളം പ്രബുദ്ധമാണെന്ന സ്വകാര്യ അഹങ്കാരം നമുക്കുണ്ടായിരുന്നു. എന്നാൽ, സമാന സാഹചര്യം കേരളത്തിലും സംജാതമാകുന്നു. ദേശീയതലത്തിൽ നടപ്പിലാക്കുന്ന ചില അജണ്ടകൾ സംസ്​ഥാനത്തും നടപ്പാക്കാനാണ്​ ശ്രമം​. ഇത്​ ശ്രദ്ധയോടെ കൈകാര്യം​ ചെയ്യേണ്ടതുണ്ട്​. ജാതിയുടെയും മതത്തി​‍ന്റെയും പേരിൽ സംഘർഷം അഴിച്ചുവിട്ട്​ ഭിന്നതയുണ്ടാക്കി പരസ്​പരം ചെളിവാരി എറിയുകയുന്നവരുടെ കെണിയിൽ സമുദായ നേതാക്കൾ വീഴരുത്​. മുഖ്യധാര രാഷ്​ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും മാധ്യമങ്ങളും ഈ സംഘർഷം ലഘൂകരിക്കാനാണ്​ ശ്രമിക്കേണ്ടതെന്ന്​ വി.ഡി. സതീശൻ പറഞ്ഞു. കോവിഡ്​ സാഹചര്യം അസംഘടിത ​തൊഴിൽ മേഖലയിൽ അരക്ഷിതാവസ്​ഥ സൃഷ്​ടിച്ച സാഹചര്യത്തിൽ കൃഷണണമ്മാളിനെപ്പോലുള്ളവരിലാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അടിമകളാക്കുന്നതാണ്​ കേന്ദ്രസർക്കാറിന്റെ​‍ പുതിയ തൊഴിൽ നിയമമെന്ന്​ സ്​മാരക പ്രഭാഷണം നടത്തിയ തൊഴിലാളി യൂനിയൻ നേതാവും മുൻ എം.പിയുമായ അഡ്വ. തമ്പാൻ തോമസ്​ പറഞ്ഞു. തൊഴിലാളിയെ ചരക്കുകളാക്കി ചൂഷണത്തിന്​ വിട്ടുകൊടുക്കുകയാണ്​. മാധ്യമപ്രവർത്തകർക്ക്​ ശബ്​ദിക്കാനുള്ള അവകാശവും ഇല്ലാതാകുന്നു​. ഒരുതെറ്റും ചെയ്യാതിരുന്നിട്ടും സിദ്ധീഖ്​ കാപ്പനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ഭരണകൂടം തടവിലിടുകയാണ്​. അനീതികൾക്കെതിരെ യോജിച്ച്​ പോരാടണമെന്നനും തമ്പാൻ തോമസ്​ കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരു​ടെ പ്രശ്​നങ്ങളിൽ അവസാന നിമിഷം വരെ പോരാടാൻ എൻ. രാജേഷുണ്ടായിരുന്നതായി മാധ്യമം ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ പറഞ്ഞു. തൊഴിലാളികൾക്ക്​ വേണ്ടി ശക്​തമായി വാദിക്കു​മ്പോൾ തന്നെ സ്​ഥാപനത്തി​‍ന്റെ നിലനിൽപ്പിനെക്കുറിച്ചും അദ്ദേഹത്തിന്​ ബോധ്യമുണ്ടായിരുന്നു. മനുഷ്യർ പലതായി വിഭജിക്കപ്പെടുന്ന കാലത്ത്​ സാമുദായിക, വർഗീയ പ്രചാരണങ്ങൾ വ്യാപകമാവുകയാണ്​. എല്ലാ സമുദായങ്ങളുമായും സഹിഷ്​ണുതയോടെയാണ്​ എൻ. രാജേഷ്​ പെരുമാറിയതെന്ന്​ ഒ. അബ്​ദുറഹ്​മാൻ അനുസ്​മരിച്ചു. എൻ. രാജേഷി​‍ന്റെ പേരിലുള്ള അവാർഡ്​ തൊഴിലാളികൾക്കായുള്ള പോരാട്ടത്തിൽ മറ്റൊരു ഉത്തരവാദിത്തം കൂടിയാവുകയാണെന്ന്​ പി. കൃഷ്​ണമ്മാൾ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി രാജേന്ദ്രൻ അനുസ്​മരണ പ്രഭാഷണം നടത്തി. മാധ്യമം ജേണലിസ്​റ്റ്​സ്​ യൂനിയൻ പ്രസിഡൻറ്​​ കെ.എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ​പ്രസിഡൻറ്​​ കെ.പി. റജി, മുൻ പ്രസിഡൻറ്​​ കമാൽ വരദൂർ, കാലിക്കറ്റ്​ പ്രസ്​ക്ലബ്​ പ്രസിഡൻറ്​​ എം. ഫിറോസ്​ ഖാൻ, കേരള ന്യൂസ്​പേപ്പർ എംപ്ലോയീസ്​ ഫെഡറേഷൻ ജില്ല പ്രസിഡൻറ്​​ എം. അഷ്​റഫ്​, മാധ്യമം എംപ്ലോയീസ്​ യൂനിയൻ പ്രസിഡൻറ്​​ എം.കെ. മുഹമ്മദ്​ ഹനീഫ എന്നിവർ സംസാരിച്ചു. മാധ്യമം ജേണലിസ്​റ്റ്​സ്​ യൂനിയൻ സെക്രട്ടറി പി.പി. ജുനൂബ്​ സ്വാഗതവും ട്രഷറർ എ. ബിജുനാഥ്​ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close