KERALAlocaltop news

അല്ലാഹുവിന് സാത്താന്റെ സ്വഭാവം; ലൗ ജിഹാദ് നടത്തുന്നത് ഒമ്പത് ഘട്ടമായി; ഒടുവില്‍ ലൈംഗികാടിമയാക്കും’: മുസ്‌ലിംവിരുദ്ധതയും വിദ്വേഷ- പ്രചരണങ്ങളുമായി താമരശേരി രൂപത വേദപാഠ പുസ്തകം

കോഴിക്കോട്: തീവ്ര മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും കുപ്രചരണങ്ങളും വിദ്യാര്‍ഥികളില്‍ കുത്തിവയ്ക്കാനുള്ള വേദപാഠ പുസ്തകവുമായി താമരശേരി രൂപത. ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’- എന്ന പേരില്‍ താമരശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ 130ലേറെ പേജ് വരുന്ന പുസ്തകത്തിലാണ് ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ ക്രിസ്ത്യന്‍ കുട്ടികളുടെ മനസില്‍ വിദ്വേഷവും സ്പര്‍ധയും ഉണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള വേദപാഠ പുസ്തകത്തിലാണ് ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ തെറ്റിദ്ധാരണയും വിദ്വേഷവും പരത്തുന്ന രീതിയില്‍ അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയില്‍ കെട്ടുകഥകള്‍ പടച്ചുവിട്ടിരിക്കുന്നത്. അല്ലാഹുവിന് സാത്താന്റെ സ്വഭാവമാണെന്നും അല്ലാഹു മുസ്‌ലിങ്ങളെ മാത്രമാണ് സ്‌നേഹിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള ഇസ്‌ലാം വിരുദ്ധതയും വാദങ്ങളുമാണ് 13ാം പേജിലുള്ളത്. ഇവ മുസ്ലിങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ലഭിച്ചതാണത്രെ. ‘ക്രിസ്ത്യാനികളേയും ബഹുദൈവ വിശ്വാസികളേയും കൊല്ലുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം കൊടുക്കും. അവരെ കൊല്ലാനായി ചാവേറായി മരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം കൊടുക്കും. ഇതാണ് ചാവേര്‍ ആക്രമണങ്ങളുടെ പിന്നിലുള്ള വിശ്വാസ പ്രമാണം’- എന്നൊക്കെയുള്ള പ്രചരണങ്ങളും ഈ ഭാഗത്തിലുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടും പ്രചാരത്തിലുണ്ട്.

 

 

താമരശേരി രൂപതയുടെ കീഴില്‍ 119 ഇടവകകളാണ് ഉള്ളത്. ഇവിടങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ചകള്‍ തോറും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായാണ് പള്ളികള്‍ കേന്ദ്രീകരിച്ച് രൂപത വേദപാഠ ക്ലാസുകള്‍ നല്‍കുന്നത്. സാധാരണ വേദപാഠ പുസ്തകത്തിനൊപ്പം ഈ വര്‍ഷം മുതല്‍ പഠിപ്പിക്കാന്‍ തുടങ്ങിയ പുസ്തകത്തിലാണ് ഇതര മതവിഭാഗത്തിനെതിരെ കുട്ടികളുടെ മനസില്‍ തെറ്റിദ്ധാരണയും ഭീകരതയും ദ്യോതിപ്പിക്കുന്ന രീതിയിലുള്ള അധ്യായങ്ങളും വ്യാജ പ്രചരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ലൗ ജിഹാദ് പ്രചരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പടര്‍ത്താന്‍ നിരവധി പേജുകളാണ് പുസ്തകത്തില്‍ മാറ്റിവച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തിലെ 30ാം ചോദ്യമായ എന്താണ് ‘ജിഹാദ്’ എന്ന വിശുദ്ധ യുദ്ധം’ എന്നതില്‍ തുടങ്ങി, നാലാം ഭാഗത്തിലെ 31ാം ചോദ്യമായ ‘പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ?, 32- ‘പ്രണയക്കെണികളിൽ വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തെല്ലാം’ എന്നീ ഉപ തലക്കെട്ടുകള്‍ക്ക് കീഴിലാണ് ലൗ ജിഹാദിനെ കുറിച്ച് പ്രതിപാദിക്കുന്നത്.

 

സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എന്‍ഐഎയും കേരളാ പൊലീസും ഡിജിപിയുമെല്ലാം ഇല്ലെന്ന് വ്യക്തമാക്കിയ സംഘ്പരിവാര്‍ കുപ്രചരണമാണ് ലൗ ജിഹാദെന്നിരിക്കെയാണ് പ്രസംഗങ്ങളിലൂടെയും മറ്റും ബിഷപ്പുമാരും വിവിധ വൈദികരും നടത്തുന്ന മുസ്‌ലിം വിരുദ്ധ-വിദ്വേഷ വാദങ്ങള്‍ പുസ്തക രൂപത്തിലാക്കി ആധികാരിക കണ്ടുപിടിത്തം എന്ന രീതിയില്‍ താമരശേരി അതിരൂപത കുട്ടികളെ പഠിപ്പിക്കുന്നത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളിലൂടെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിവിധ സംഘ്പരിവാര്‍ വ്യാജ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കാലങ്ങളായി നടത്തുന്ന വിദ്വേഷ വാദങ്ങളാണ് ഇപ്പോള്‍ പുസ്തക രൂപത്തില്‍ ഇറക്കിയിരിക്കുന്നത്.

 

മതവ്യാപനം ലക്ഷ്യമാക്കി വിവിധതരം ജിഹാദുകള്‍ മുസ്‌ലിം തീവ്രവാദികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലൗ ജിഹാദ് എന്നുമാണ് പുസ്തകം പറയുന്നത്. അമുസ്‌ലിങ്ങളായ സ്ത്രീകളെയും പെണ്‍കുട്ടികളേയും പ്രേമം നടിച്ച് വശീകരിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്‌ലിം യുവാക്കളേയും യുവതികളേയും പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കുന്നു. മനഃശാസ്ത്രപരവും ബൗദ്ധികവും വൈകാരികവുമായ മാര്‍ഗത്തിലൂടെ പദ്ധതികള്‍ മെനയുന്നു. ഒമ്പത് ഘട്ടങ്ങളിലൂടെയാണ് മുസ്‌ലിങ്ങള്‍ ലൗ ജിഹാദ് (പ്രണയക്കെണി) നടപ്പാക്കുന്നത് എന്നാണ് താമരശേരി രൂപതയുടെ കണ്ടുപിടിത്തം.

 

1- പെണ്‍കുട്ടിയെ തെരഞ്ഞെടുക്കല്‍ 2- പരിചയപ്പെടല്‍ 3- ബന്ധം ദൃഢമാക്കല്‍ 4- വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍ 5- വിവാഹ വാഗ്ദാനം, കൈവിഷം അഥവാ ഓതിക്കെട്ടല്‍ 6- ലൈംഗിക ബന്ധം, ദുരുപയോഗം ചെയ്യല്‍ (ഇതിന് തയാറായില്ലെങ്കില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നു, മോര്‍ഫിങ് ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നു), 7- കുടുംബത്തില്‍ നിന്ന് അകറ്റുന്നു, സമൂഹത്തിലെ വില കളയുന്നു 8- നിയമപരമായി സ്വന്തമാക്കുക 9-വിവാഹ ജീവിതം, മതം മാറ്റം എന്നിവയാണ് താമരശേരി രൂപത പറയുന്ന ഒമ്പതു ഘട്ടങ്ങള്‍.

 

‘ഇങ്ങനെ മതംമാറ്റിയാല്‍ ജിഹാദിക്കും കുടുംബത്തിനും മഹല്ലില്‍ നിന്നും ഇസ്‌ലാമിക സംഘടനകളില്‍ നിന്നും വലിയ തുക പ്രതിഫലം ലഭിക്കും’, ‘അന്യ മതസ്ഥയായ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്, സ്വര്‍ഗത്തിലെത്താനുള്ള വഴിയാണ്’- എന്നിവയാണ് പുസ്തകത്തില്‍ പറയുന്ന മറ്റ് രണ്ട് പച്ചക്കള്ളങ്ങള്‍. ഇസ്‌ലാമില്‍ വ്യഭിചാരത്തിന് ശിക്ഷ നരകമാണെന്നാണ് പറയുന്നത് എന്നിരിക്കെയാണ് ഈ നുണ. വിവാഹത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രശ്‌നമൊന്നും ഉണ്ടാവില്ലെന്നും കുഞ്ഞുങ്ങളായ ശേഷം മൊഴി ചൊല്ലുമെന്നും മുസ്‌ലിം പുരുഷന് നാല് വിവാഹം കഴിക്കാമെന്നതാണ് ശരിയത്ത് നിയമമെന്നൊക്കെയാണ് പുസ്തകത്തിലെ വാദങ്ങള്‍.

 

ചില സാഹചര്യങ്ങളില്‍ നല്ല ജോലിയും ഭാവിയും വാഗ്ദാനം ചെയ്ത് വിദേശത്ത് അയയ്ക്കുകയും ഐഎസ് പോലുള്ള തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളായി വില്‍ക്കുകയും ചെയ്യുന്നു, അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു, അല്ലെങ്കില്‍ യത്തീംഖാനകളില്‍ അടുക്കള ജോലിക്ക് വിടുന്നു, അവിടെ ചുവന്ന തെരുവിലെ അവസ്ഥയായിരിക്കും, ചിലപ്പോള്‍ അവിടെയവള്‍ ജീവിതം അവസാനിപ്പിക്കുന്നു, ചില പെണ്‍കുട്ടികള്‍ മത പുരോഹിതന്മാരുടെയോ മതതീവ്രവാദികളുടേയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയായി ജീവിക്കുന്നു- ഇങ്ങനെ പോകുന്നു താമരശേരി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ പുസ്തകത്തിലെ മുസ്‌ലിം വിരുദ്ധ-വ്യാജ-വിദ്വേഷ പ്രചരണങ്ങള്‍.

 

ശേഷം, ലൗ ജിഹാദ് തിരിച്ചറിയാന്‍ ആറ് മാര്‍ഗങ്ങളും അതില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളുമൊക്കെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിലെ മഹത്വം എന്താണെന്നും പുസ്തകം വിവരിക്കുന്നു. ലൗ ജിഹാദ് കൂടാതെ നാര്‍കോട്ടിക്‌സ് ജിഹാദുമുണ്ടെന്നും മുസ്‌ലിം യുവാക്കള്‍ ക്രിസ്ത്യന്‍ യുവാക്കളേയും യുവതികളേയും മയക്കുമരുന്ന് നല്‍കി വശീകരിച്ച് മതംമാറ്റുകയും ലൈംഗികമായി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കെയാണ് താമരശേരി അതിരൂപത മുസ്‌ലിം വിരുദ്ധ പുസ്തകം കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം തങ്ങളുടെ മക്കളെ നേർവഴി കാണിക്കേണ്ട ചുമതല ഉള്ളതിനാലാണ് പുസ്തകം ഇറക്കിയതെന്നാണ് രൂപതയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close