Politics

മഹിളാ മാൾ; പ്രശ്നപരിഹാരത്തിന് മുൻ കൈയെടുക്കുമെന്ന് കോഴിക്കോട് നഗരസഭ

കോഴിക്കോട്: മഹിളാമാളിലെ സംരംഭകരുടെ കാര്യത്തിൽ  എല്ലാവരും ഒന്നിച്ചുള്ള പ്രശ്ന പരിഹാരത്തിന് മുൻകയ്യെടുക്കുവാൻ നഗരസഭ കൗൺസിൽ ധാരണ. ഇക്കാര്യത്തിൽ നഗരസഭക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അധ്യക്ഷത വഹിച്ച മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ധാർമ്മികമായ കടമയായി കണ്ട് പരിഹാരം ആലോചിക്കാൻ നഗരസഭ തയ്യാറാണ്. കോൺഗ്രസിലെ ഡോ.പി.എൻ.അജിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. മഹിളാമാളിലെ സാധനങ്ങൾ മോഷ്ടിച്ചതായും മാൾ നടത്തിപ്പുകാരായ യൂണിറ്റി ഗ്രൂപ്പ് സത്രീവിരുദ്ധ നിലപാടാണ് സംരംഭകരായ വനിതകളോട് എടുത്തതെന്നും അവർ ആരോപിച്ചു. ഇവരുടെ സാധനങ്ങൾ തിരിച്ചു നൽകണമെന്നും വാടക കുടിശ്ശിക ഇളവ് വേണമെന്നും നഷ്ട പരിഹാരം നൽകണമെന്നും പുനരധിവാസം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോർപറേഷൻ കുടുംബശ്രീയിലെ ഒരു യൂണിറ്റ് തുടങ്ങിയ സംരംഭത്തിലെ പരാജയത്തിന് യൂണിറ്റും സംരംഭകരുമായാണ് തർക്കം. കോർപറേഷൻ കക്ഷിയല്ല. പ്രക്ഷോഭങ്ങളും മറ്റും വഴി നഷ്ട്ടം പരിഹരിക്കാനാവില്ല. മേയർ മുൻകയ്യെടുത്ത് ഒത്തുതീർപ്പുണ്ടാക്കണമെന്ന് ലീഗിലെ കെ. മൊയ്തീൻ കോയയും പരിഹരിക്കാൻ യു.ഡി.എഫ് കൂടെയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയും ആവശ്യപ്പെട്ടു. എന്നാൽ കോർപറേഷൻ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ടി.റനീഷിന്‍റെ നേതൃത്വത്തിൽ ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി അംഗങ്ങൾ പ്ലകാർഡേൻതി പ്രതിഷേധിച്ചു.

നഗരസഭ ഓഫീസ് നവീകരണം നവംബർ ഒന്നിനകം പൂർത്തിയാക്കാനാണ് ശ്രമമെന്ന് മേയർ പറഞ്ഞു. നവീകരണക്കരാടെുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കോവിഡ് സാഹചര്യത്തിൽ കൂടുതൽ സമയമനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു.

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഫീസ് എർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചു. നിരക്ക് വളരെയധികമെന്ന് എം.സി.സുധാമണി ചൂണ്ടിക്കാട്ടിയെങ്കിലും ആറ് മാസത്തിനകം തീരുമാനമുണ്ടാവണമെന്ന ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ അജണ്ട അംഗീകരിക്കാമെന്നും പരാതികൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നുമുള്ള ഡപ്യൂട്ടി മേയർ മുസഫർ അഹമ്മദിന്‍റെ ഉറപ്പിലാണ് തീരുമാനമെടുത്തത്.
വളർത്തു മൃഗങ്ങൾക്കുള്ള ലൈസൻസ് ഫീ ഇങ്ങനെ കന്നുകാലിക്കും പൂച്ചക്കും 100.00, നായക്കും കുതിരക്കും  500.00, ബ്രീഡർ ലൈസൻസ് നായ 1000.00, ബ്രഡർ ലൈസൻസ് പൂച്ച 500.00.

ഞെളിയൻ പറമ്പിലെ അജൈവ മാലിന്യം തരം തിരിച്ച് കൊണ്ടു പോവുന്നതിനുള്ള നിറവിന് പണം അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു.യു.ഡി.എഫ് എതിർപ്പോടെവോട്ടജനിട്ടായിരുന്നു തീരുമാനം.

തീപിടിച്ച് തീപിടുത്ത ചർച്ച
: മിഠായിത്തെരുവിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് നടത്തിയ ശ്രദ്ധക്ഷണിക്കൽ നീണ്ടുപോയതിനെ തുടന്ന് കൗൺസിൽ യോഗത്തിൽ ബഹളവും പ്രമേയം അവതരിപ്പിച്ച അംഗത്തിന് താക്കീതും. യു.ഡി.എഫ് അംഗം എസ്.കെ. അബൂബക്കറിനെയാണ് മേയർ ഡോ. ബീന ഫിലിപ്പ് താക്കീത് ചെയ്തത്.

മിഠായിത്തെരുവിൽ തീപിടിത്തവുമായി ബന്ധപ്പെട്ടായിരുന്നു എസ്.കെ. അബൂബക്കറിന്റെ ശ്രദ്ധക്ഷണിക്കൽ. തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനായി വെള്ളം എത്തിക്കുന്നതാനായി സ്ഥാപിച്ച ഫയർ ഹൈഡ്രന്റുകൾ പ്രവർത്തന ക്ഷമാല്ലാതിരുന്ന സംഭവത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് അനാസ്ഥയുണ്ടായെന്ന വിഷയമാണ് എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിക്കാൻ ശ്രമിച്ചത്. എന്നാൽ ശ്രദ്ധ ക്ഷണിക്കൽ സമയപരിധി ലംഘിച്ച് ഏറെ മുന്നോട്ടു പോയി. ഇതോടെ ഭരണപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു. മേയർ ഉൾപ്പടെ പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടിട്ടും എസ്.കെ. അബൂബക്കർ വഴങ്ങിയില്ല.  കൗൺസിൽ യോഗം വലിയ ബഹളത്തിലേക്ക് നീങ്ങിയപ്പോൾ മേയർ 4.25ന് സഭ നിറുത്തിവെച്ചു. പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം 4.45ന് യോഗം വീണ്ടും ആരംഭിച്ചു. എസ്.കെ. അബൂബക്കറിനെ താക്കീത് ചെയ്തതായി മേയർ അറിയിച്ചു. ഇത് അദ്ദേഹം അംഗീകരിക്കുകയും സഭ നടപടികൾ തുടരുകയും ചെയ്തു.

അതേസമയം ഹൈഡ്രന്റിൽ വെള്ളം എത്തിക്കുന്നതിന് റോഡ് ഒരുമീറ്റർ മുറിക്കാൻ അനുമതി ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി നൽകിയ കത്ത് ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്ന് എസ്.കെ. അബൂബക്കർ പറഞ്ഞു. തീ അണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് എത്തിച്ച വെള്ളം തീർന്ന സാഹചര്യം ഉണ്ടായതായും ഫയർ ഹൈഡ്രന്റെ വേഗം  പ്രാവർത്തികമാക്കണമെന്നുമായിരുന്നു തന്റെ ശ്രദ്ധക്ഷണിക്കലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് സഭയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതേസമയം ശ്രദ്ധ ക്ഷണിക്കൽ വിഷയം വ്യക്തമാകാത്തതിനെ തുടർന്ന് തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച മറ്റ് നടപടികളാണ് സെക്രട്ടറി കെ.യു. ബിനി മറുപടിയിൽ പറഞ്ഞത്

കോഴിക്കോട് : കോർപ്പറേഷൻ നടപ്പാക്കുന്ന ശുചിത്വ പ്രോട്ടോകോൾ ലോഞ്ചിംഗ് മാറ്റിവെച്ചതായി മേയർ ഡോ. ബീന ഫിലിപ്പ് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് മേയറും സെക്രട്ടറിയും പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ പോവുന്ന സാഹചര്യത്തിലാണ് ഒക്ടോബർ രണ്ടിന് നടത്തേണ്ട ലോഞ്ചിംഗ് മാറ്റിവെച്ചത്.

അതേസമയം ഇതുമായി ബന്ധപ്പെട്ട്  നടപ്പാക്കുന്ന പദ്ധതികൾ നടക്കും. ആദ്യ ഘട്ടമായി ഒക്ടോബർ രണ്ടിന് കോർപ്പറേഷൻ പരിധിയിലെ കടൽതീരം ശുചീകരിക്കും. പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് രാവിലെ എട്ടിന് ഉദ്ഘാടനം ചെയ്യും. തുടർന്ന് എട്ട് വരെയുള്ള ദിവസങ്ങളിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ ശുചീകരിക്കും.

മൂന്നിന് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകൾ ശുചീകരിക്കും. നാലിന് ബസ് സ്റ്റാൻഡ്, മാർക്കറ്റ് എന്നിവയും അഞ്ചിന് മാനാഞ്ചിറയും മറ്റ് പാർക്കുകളും ശുചീകരിക്കും. ആറിനാണ് ദേശീയ പാത ശുചീകരണം. ഏഴിന് പൊതുശൗചാലയങ്ങളും എട്ടിന് സ്കൂളുകളും അംഗനവാടികളും ശുചീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.

കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ നിന്ന് പ്രതിപക്ഷ കൗൺസിലർമാരെ ഒഴിവാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. ഇങ്ങയൊരു സമീപനം സ്വീകരിക്കില്ലെന്ന് മേയർ ഉറപ്പു നൽകി. നടക്കാവ് സ്കൂളിൽ വിദ്യാഭ്യാസ സ്ഥിരംസമിതി നടത്തിയ ചടങ്ങിൽ കൗൺസിലറുടെ പേര് ഉൾപ്പടുത്താതിരുന്നത് അബദ്ധം സംഭവിച്ചാതാണെന്ന് മേയർ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്ഫണ്ട് ട്രഷറിയിൽ അടയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മുസ്ലിം ലീഗിലെ കെ. മൊയ്തീൻകോയയും ബി.ജെ.പയിലെ ടി.രനീഷും കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇക്കാര്യം നേരത്തെ തന്നെ ഇടപടലുകൾ നടത്തിയതായി മേയർ അറിയിച്ചു. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുബത്തിനുള്ള നഷ്ടപരിഹാരം  അയ്യായിരത്തിൽ ഒതുക്കരുതെന്നും അഞ്ച് ലക്ഷം വരെ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കൗൺസിൽ യോഗം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിനെ ഉൾപ്പെടുത്താത്ത പ്രമേയത്തെ ബി.ജെ.പി എതിർത്തു. ആരോഗ്യ സ്ഥിരംസമതി അദ്ധ്യക്ഷ എസ്. ജയശ്രീ അവതരിപ്പിച്ച അടിയന്തര പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്കായി സ്മാരകം സ്ഥാപിക്കണമെന്ന് സരിത പറയേരി ശ്രദ്ധക്ഷണിച്ചു. സ്കൂളുകൾ തുറക്കുമ്പോൾ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ഇത് നടപ്പാക്കണമെന്നും എൻ.സി. മോയിൻകുട്ടി ശ്രദ്ധക്ഷണിച്ചു. പന്നിയങ്കര പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് എം.സി. സുധാമണിയും ഹരിതകർമ്മ സേനയ്ക്ക് ഭേദപ്പെട്ട വേതനം ഉറപ്പാക്കണമെന്ന് ടി. മുരളീധരനും ശ്രദ്ധക്ഷണിച്ചു. നെല്ലിക്കോട് വ്യവസായ പാർക്കിൽ കുടുംബശ്രീയ്ക്ക് അനുവദിച്ച കെട്ടിടം കൈമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തിയതായി മേയർ പറഞ്ഞു. നിലവിൽ കെട്ടിടം കൈവശമുള്ള കുടുംബശ്രീ സംരംഭം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചതിനാൽ തുടർനടപടികൾ ഒഴിവാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close