മുക്കം: മുതിര്‍ന്ന പൗരന്മാര്‍ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്പില്‍ ഒരുക്കിയ ‘സായാഹ്നം’ രാഹുല്‍ ഗാന്ധി എംപി നാടിന് സമര്‍പ്പിച്ചു. മുതിര്‍ന്നവര്‍ക്ക് ഒരുമിച്ചിരിക്കാനും വായിക്കാനും കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആലോചിക്കാനുള്ള വേദിയാണ് ‘സായാഹ്നം’. അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയില്‍ അദ്ദേഹത്തിന്റെ കുടുംബമാണ് പുല്‍പ്പറമ്പില്‍ സായാഹ്നം പണിതത്. സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചേന്ദമംഗലൂര്‍ ചാപ്റ്റര്‍ സായാഹ്നത്തിന്റെ നടത്തിപ്പു ചുമതല നിര്‍വഹിക്കും. കൊവിഡ് കാലത്തെ മുതിര്‍ന്ന പൗരന്‍മാരുടെ ഒറ്റപ്പെടല്‍കൂടി കണക്കിലെടുത്തു നിര്‍മിച്ച കെട്ടിടത്തിന്റെ താഴത്തെനില വഴിയാത്രക്കാര്‍ക്ക് വിശ്രമത്തിനുള്ളതാണ്. എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്കും ഈ സ്ഥലം ഉപയോഗിക്കാം.
രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ പി.ടി ബാബു അധ്യക്ഷനായിരുന്നു. സി.ടി ആദില്‍ ആമുഖഭാഷണം നടത്തി. സോണിയാഗാന്ധിക്കു കൈമാറാനുള്ള ഉപഹാരം മറിയം ജബ്ബാറും രാഹുല്‍ഗാന്ധിക്കുള്ള ഉപഹാരം ബദറുസ്സമാനും കൈമാറി. സായാഹ്നത്തിന്റെ താക്കോല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രതിനിധി കെ.ടി നജീബ് ഏറ്റുവാങ്ങി. കെ.സി വേണുഗോപാല്‍ എംപി, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എ.പി അനില്‍ കുമാര്‍ എംഎല്‍എ, ലിന്റോ ജോസഫ് എംഎല്‍എ, ജോര്‍ജ് എം. തോമസ്, കെ.എം ഷാജി, നിന മറിയം, ടി. വിശ്വനാഥന്‍, നവാസ് പാലേരി, കെ.ടി നജീബ്, ഡോ. പി.എ കരീം, സുബൈര്‍ കെ., ജാഫര്‍ ഷരീഫ്, ഷാഫി മാസ്റ്റര്‍, ഇ.പി അബ്ദുറഹിമാന്‍, വേലായുധന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേന്ദമംഗലൂര്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയമായിരുന്ന ഓത്തുപള്ളിക്കൂടം നടത്തിയ കോമുക്കുട്ടിയുടെ മകനാണ് സി.ടി ജബ്ബാര്‍ ഉസ്താദ്. ആ പള്ളിക്കൂടത്തില്‍ പഠിച്ചവരും ഗ്രാമത്തിലെ മുതിര്‍ന്നപൗരന്‍മാരില്‍ വരുന്നു. 1971ല്‍ ആരംഭിച്ച പ്രവാസമാണ് ഗ്രാമത്തെ സാമ്പത്തികമായും മറ്റും മെച്ചപ്പെടുത്തിയത്. അതിന്റെ ഓര്‍മയില്‍ക്കൂടിയാണ് സായാഹ്നം പണികഴിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ എന്നത് കേവല ഭൂപടമല്ല: രാഹുല്‍ ഗാന്ധി
ഇന്ത്യ എന്നത് കേവലം ഭൂപടമല്ലെന്നും അതൊരു വികാരവായ്പാണെന്നും രാഹുല്‍ ഗാന്ധി എം.പി. ചേന്ദമംഗലൂര്‍ പുല്‍പ്പറമ്പില്‍ മുതിര്‍ന്ന പൗരന്മാരെയും യാത്രക്കാരെയും ഉദ്ദേശിച്ചുപണിത ‘സായാഹ്ന’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ക്ക് ഇന്ത്യ കേവലമൊരു ഭൂപടവും ഭൗതിക അതിര്‍വരമ്പുമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യ അങ്ങനെയല്ല. അത് ഈ ഭൂപരിധിക്ക് ഉള്ളില്‍ ജീവിക്കുന്നവര്‍ കൂടിയാണ്. ഒരു വീട്ടില്‍ ഒരു സന്തോഷമുണ്ടാകുമ്പോള്‍ അത് ആ രാജ്യമാകെ സന്തോഷമാണ്. ഒരാള്‍ പുറത്തുപോയി ജോലി ചെയ്യുമ്പോള്‍ അവര്‍ അവിടെ മറ്റുള്ളവരോട് ആദരവോടെ പെരുമാറുമ്പോള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഇന്ത്യന്‍ മൂല്യങ്ങളാണ്. കേരളത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ വിദേശങ്ങളില്‍ നഴ്‌സുമാരായി രോഗികളെ ആദരവോടെ പരിചരിക്കുമ്പോള്‍ നമ്മളവരില്‍ ഇന്ത്യയെ കാണുന്നു. അതാണ് കോണ്‍ഗ്രസ് ആദര്‍ശവും ആര്‍എസ്എസ് ആശയവും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
‘സായാഹ്ന’ത്തില്‍ കയറിവന്നപ്പോള്‍ ഞാന്‍ ആലോചിച്ചത് അതിന്റെ പിന്നിലെ അധ്വാനത്തെക്കുറിച്ചാണ്. അതിനായി പണ്ടുമുതല്‍ വിയര്‍പ്പൊഴുക്കിയ പൂര്‍വികരെക്കുറിച്ചാണ്. നാട് ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ അവസരങ്ങള്‍തേടി അവര്‍ യാത്രചെയ്യുകയായിരുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്കുശേഷം അവര്‍ ജീവിതത്തില്‍ വിജയംകൊണ്ടുവന്നു. അത് നാടിന്റെ ഒന്നാകെ വിജയമായിമാറി. ആ വിജയത്തിനായി ഒരുപാടുപേര്‍ ത്യാഗം ചെയ്തു. ഉദ്ഘാടനെചെയ്ത കെട്ടിടം നോക്കിയാല്‍ ഇതിനായി സമര്‍പ്പണം ചെയ്തവരെ മനസിലാവണമെന്നില്ല. നാട്ടില്‍ അഭിവൃദ്ധി കാണാം. പക്ഷെ പൂര്‍വികര്‍ ചെയ്ത ത്യാഗം മനസിലാവണമെന്നില്ല. അവര്‍ക്കുള്ള പുതുതലമുറയുടെ മികച്ച സമ്മാനമാണ് ഈ സ്‌നേഹഭവനമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.