Politics

വൈദികന്റെ പിൻഭാഗം കണ്ടുള്ള വിശുദ്ധ കുർബാന ; താമരശേരി രൂപതയിലും പ്രതിഷേധം പുകയുന്നു

താമരശേരി : ജനാഭിമുഖ രീതി ഒഴിവാക്കി വൈദികന്റെ പിൻഭാഗം കാണിച്ചുള്ള കത്തോലിക്കാ സഭയിലെ പുതിയ വിശുദ്ധ കുർബാന അർപ്പണ രീതിക്കെതിരെ ഒരു വിഭാഗം വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു. ആറ് പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ജനാഭിമുഖ കുർബ്ബാന രീതി ഏതാനും ബിഷപുമാർ ചേർന്ന് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം . നാലു തലമുറകളായി തുടർന്നു വരുന്ന പരിപാവനമായ കുർബാനയർപ്പണ രീതി വിശ്വാസികളോട് യാതൊരു ആലോചനയും നടത്താതെ പരിഷ്ക്കരിക്കുന്നതിലാണ് പ്രതിഷേധം. താമരശേരി രൂപതയിലെ ഒരു വിഭാഗം വൈദികരും വിവാദ പരിഷ്ക്കാരത്തിനെതിരെ രംഗത്തുണ്ട്. ചില ഇടവകകളിൽ നിന്ന് ഒറ്റയായും കൂട്ടായും പ്രതിഷേധം ബിഷപ്പിനെ അറിയിച്ചതായാണ് വിവരം. എതിർക്കുന്നവരെ ” “സഭാവിരുദ്ധർ” എന്ന ചാപ്പ കുത്തി ഒതുക്കുന്ന കെ സി ബി സി യുടെ സ്ഥിരം പരിപാടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം അൽമായർ – ജനാഭിപ്രായം മാനിച്ചു വേണം സഭയിലെ പരിഷ്കാരങ്ങൾ എന്നുള്ള മാർപ്പാപ്പയുടെ ചാക്രികലേഖനത്തിലെ പരാമർശം മറികടന്ന് ഹിറ്റ്ലർ മോഡൽ ഏകാധിപത്യ രീതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ മുന്നറിയിപ്പ് നൽകുന്നു. ഷൈജു ആന്റണി എന്ന വിശ്വാസി എഴുതിയ ലേഖനം വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് സഭയുടെ ഏകാധിപത്യ പരിഷ്ക്കാരത്തെ പ്രതിരോധിക്കാൻ വിശ്വാസികൾ രംഗത്തുണ്ട്. ഷൈജു ആന്റണിയുടെ ലേഖനം ഇപ്രകാരം : *ചങ്ങനാശ്ശേരി സ്വതന്ത്ര സഭയോ ?*

ക്രൂശിത രൂപവും ആരാധനക്രമ ഏകീകരണവുമായി ബന്ധമില്ല എന്ന മട്ടിൽ ഒരു പ്രസ്താവന സിനഡിൻ്റെ ഭാഗമായി പുറത്തു വന്നിരുന്നു. നിലവിലുള്ള പള്ളികളിലെ അൾത്താരകളിൽ മാറ്റം വരുത്തേണ്ടതില്ല എന്നാണ് ആ പ്രസ്താവനയിൽ പറഞ്ഞത്. *ഇത് വിശ്വസിക്കാമോ എന്നതാണ് നമ്മൾ വിശ്വാസികൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിക്കേണ്ടത്.*

*ഇതുമായി ബന്ധപ്പെട്ട് കോട്ടയം മുൻസിഫ് കോടതിയിൽ OS/ 484- 2018 എന്ന നമ്പറിൽ ഒരു കേസ് നടക്കുന്നുണ്ട്.*

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള വെള്ളാപ്പള്ളി സെൻ്റ് തോമസ് ഇടവകാംഗങ്ങളാണ് കേസ് നൽകിയിരിക്കുന്നത്. ഇടവകയും വികാരിയുമാണ് പ്രതികൾ.

*ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിൻ്റെ സ്വന്തം ഇടവകയാണിത്. അൾത്താരയിലെ ക്രൂശിത രൂപം എടുത്തു മാറ്റി ക്ളാവർ കുരിശ് സ്ഥാപിക്കാൻ നടത്തിയ നാടകങ്ങളുടെയും തന്ത്രങ്ങളുടെയും കഥയാണ് കേസിൻ്റ അടിസ്ഥാനം.*

ക്രൂശിതരൂപം എടുത്തു മാറ്റി നവീകരിച്ച അൾത്താര ഉദ്ഘാടനം ചെയ്തത് പൊലീസ് സംരക്ഷണയിലാണ്. *വിശ്വാസികളെ മുഴുവൻ ലാത്തിവീശി പള്ളിയിൽ നിന്ന് പുറത്താക്കിയായിരുന്നു ആർച്ച് ബിഷപ്പ് കർമ്മം നടത്തിയത്.*

ആരാധനക്രമ ഏകീകരണം ക്രൂശിത രൂപം മാറ്റുന്നതിലെത്തില്ല എന്നു പ്രസ്താവനയിറക്കിയവർ ഈ കേസിൻ്റെ കാര്യം മറച്ചു വക്കുകയായിരുന്നു.

കേസ് ഫയലിൽ ഇടവക വികാരി നൽകിയ ഒരു റിട്ടൺ സ്റ്റേറ്റ്മെൻ്റ് ഉണ്ട്. അതിലെ ചില വാചകങ്ങൾ പരിശോധിക്കാം. നാലാം ഖണ്ഡികയിലെ ഒരു വാചകം ഇങ്ങിനെയാണ്.

*”Archdiocese of changanassery is a particular church in Syro Malabar Church, which is an individual church.”*

*ഒരു പുടുത്തവും കിട്ടിയില്ല. വീണ്ടും വീണ്ടും വായിച്ചു നോക്കി. ആകെ കിളി പോയ അവസ്ഥയിലായി. ചങ്ങനാശ്ശേരി അതിരൂപത സീറോ മലബാർ സഭയിലെ ഒരു പ്രത്യേക സഭയാണത്രെ.*

ഇതെന്തു കഥ ? ഒരു സഭക്കുള്ളിൽ മറ്റൊരു സഭയോ ?

*ചങ്ങനാശേരി അതിരൂപതയെ സ്വയം സഭയായി പ്രഖ്യാപിച്ചോ ? അറിഞ്ഞില്ല ചേട്ടൻമാരെ, അറിഞ്ഞില്ല. അപ്പോപ്പിന്നെ അവർക്കിഷ്ടം പോലെയാകാം.*

ഏഴാം ഖണ്ഡികയിൽ പറയുന്നത് ചർച്ച് ബിൽഡിംഗും, സാംഗ്ച്വറിയും ദേവാലയത്തിൻ്റെ മറ്റു ഭാഗങ്ങളും പുതിയ ദൈവശാസ്ത്രമനുസരിച്ച് പണിയണമെന്നാണ്. അതിൽ വിശ്വാസികൾക്ക് പങ്കില്ലെന്നും ആർച്ച് ബിഷപ്പിൻ്റെ തീരുമാനം അന്തിമമാണെന്നും പറയുന്നുണ്ട്.

*എന്നു വച്ചാൽ പുതിയ ആരാധനക്രമം അംഗീകരിച്ചാൽ അൾത്താരകൾ പൊളിച്ചു പണിയേണ്ടി വരുമെന്നാണ് കോടതിയിൽ നൽകിയ റിട്ടൺ സ്റ്റേറ്റ്മെൻ്റ് പറയുന്നത്. ക്രൂശിത രൂപം മാറ്റണമെന്നും, സക്രാരി മാറ്റണമെന്നും, അൾത്താരക്കു മുന്നിൽ വിരി ഇടണമെന്നും കോടതിയിൽ പറയുന്നുണ്ട്*.

ഇതൊന്നും വേണ്ടിവരില്ലെന്ന് വിശ്വാസികൾക്ക് മുന്നിൽ പ്രസ്താവന നടത്തുന്നത് വെറും നാടകം മാത്രമാണ്. കപടതയാണ്.

*വിശ്വാസികൾ പണം നൽകാൻ മാത്രമുള്ളവരാണ്. പള്ളി പണിയിലും, മറ്റു കാര്യങ്ങളിലും തീരുമാനമെടുക്കാൻ അവർക്ക് അവകാശമില്ലത്രെ*. അൾത്താര നവീകരണത്തിനായി 35 ലക്ഷം രൂപ പിരിവ് നൽകിയ വിശ്വാസികളോടാണ് ആർച്ച് ബിഷപ്പിൻ്റെ വെല്ലുവിളി.

*നമ്മൾ എന്തു വിശ്വസിക്കണം ? എന്തു പ്രാർത്ഥന ചൊല്ലണം ? എന്നു തുടങ്ങി സകലതും ബിഷപ്പ് തീരുമാനിക്കുമത്രെ. ഇടയലേഖനത്തിലൂടെയും, സിനഡാനന്തര പത്രക്കുറിപ്പിലൂടെയും നമ്മോട് പറയുന്നതല്ല ബിഷപ്പുമാർ കോടതിയിൽ പറയുന്നത്.*

ഇവർ വിശ്വാസികളെ മുഖവിലക്കെടുക്കുന്നേയില്ല. ഇവർക്ക് വിശ്വാസികളോടു പുച്ഛമാണെന്നാണ് കോടതി രേഖകൾ വായിച്ചാൽ തോന്നുക.

*വെറും ഐക്യരൂപം മാത്രമാണ് പറയുന്നതെന്നും സഭയിൽ ഐക്യം കൊണ്ടുവരുകയാണ് ലക്ഷ്യം എന്നും പറയുന്നത് ബിഷപ്പുമാരുടെ തന്ത്രം മാത്രമാണ്.*

അവർ ലക്ഷ്യം വക്കുന്നത് നമ്മുടെ വിശ്വാസങ്ങളുടെയും ഭക്താഭ്യാസങ്ങളുടെയും സമൂലമായ പരിവർത്തനമാണ്.

കുർബാനയുടെ പകുതിയിൽ എന്തിന് പുറകോട്ട് തിരിയണം എന്ന ചോദ്യത്തിന് ഐക്യത്തിന് വേണ്ടി എന്നാണ് മറുപടിയെങ്കിൽ അത് തെറ്റാണ്. ഐക്യത്തിന് വേണ്ടിയെങ്കിൽ എല്ലാവർക്കും പൂർണ്ണ ജനാഭിമുഖവും ആകാമല്ലോ ? *അപ്പോൾ പ്രശ്നം ഐക്യമല്ല. സ്ഥാപിത താല്പര്യക്കാരുടെ ദൈവശാസ്ത്രമാണ് പ്രശ്നം.*

നമ്മുടെ വിശ്വാസ സത്യങ്ങളുടെ മേലുള്ള സമൂലമായ കടന്നു കയറ്റത്തിൻ്റെ ആരംഭം മാത്രമാണ് കുർബാന ഏകീകരണം. *ഇത് വൈദികരുടെ മാത്രം പ്രശ്നമല്ല. നമ്മൾ വിശ്വാസികളുടെ പ്രശ്നമാണ്. നമ്മുടെ വിശ്വാസങ്ങളുടെ പ്രശ്നമാണ്*.

അതിനാൽ തന്നെ എന്തു വില കൊടുത്തും ഇതിനെ ചെറുത്തു തോല്പിക്കാൻ നാം ഒരുമിച്ചു നിൽക്കണം.

ഷൈജു ആൻ്റണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close