കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള *’ആസാദി കാ അമൃത് മഹോല്‍സവ*’ത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ 14 വരെ രാജ്യ വ്യാപകമായി നടക്കുന്ന പാന്‍ ഇന്ത്യ അവയര്‍നെസ് ആന്റ് ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമങ്ങളില്‍ നിയമസഹായം എത്തിക്കുന്നതിനും പട്ടിക വര്‍ഗ കോളനികളില്‍ നിയമ സഹായ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനമാനിച്ചതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 ന് കോഴിക്കോട് കോടതി സമുച്ചയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘നിയമം നിത്യജീവിതത്തില്‍; നിയമ സേവനങ്ങളും’ എന്ന വിഷയത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജല്‍ ക്ലാസെടുക്കും. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിന് ജില്ലാ, താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘങ്ങള്‍ക്കുള്ള പരിശീലന ക്ലാസ് കണ്ണൂര്‍ ജില്ലാ ലേബര്‍ കോടതി ജഡ്ജി ആര്‍.എല്‍. ബൈജു നയിക്കും.
ഒക്ടോബര്‍ നാലിന് രാവിലെ 10.30ന് കോടതികളില്‍ പരിശീലനം നേടുന്ന നിയമവിദ്യാര്‍ത്ഥികള്‍ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുമായി സംവദിക്കും. നിയമവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.
ഫോറസ്റ്റ് നിയമങ്ങള്‍, പോക്സോ ആക്ട്, ക്രിമിനല്‍ കേസ് വിചാരണ, നിയമ സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വനം ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയുള്ള ക്ലാസ് ഒക്ടോബര്‍ അഞ്ചിന് നടക്കും. സബ് ജഡ്ജും മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ നൗഷാദലി ക്ലാസെടുക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഒക്ടോബര്‍ ആറിനാണ് പരിശീലനം. നീതി നേരത്തെ ലഭിക്കാനുള്ള പ്രോട്ടോക്കോള്‍, പോക്സോ ആക്ട് തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ് ജില്ലാ ജഡ്ജിയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെംബര്‍ സെക്രട്ടറിയുമായ നിസാര്‍ അഹമ്മദ് നയിക്കും. ഒക്ടോബര്‍ ഏഴിന് പോക്സോ ആക്ടിനെക്കുറിച്ച് കോഴിക്കോട് പോക്സോ കോടതി ജഡ്ജി ദിനേശും അബ്കാരി ആക്ടും നിയമ സേവനവും എന്ന വിഷയത്തില്‍ സബ് ജഡ്ജി എസ്. സൂരജും ക്ലാസുകളെടുക്കും. ഒക്ടോബര്‍ എട്ടിന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പരിശീലന പരിപാടി ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ സിനി നയിക്കും.
ഒക്ടോബര്‍ പത്തിന് ജില്ലാ ജഡ്ജി, അന്തേവാസികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി കോഴിക്കോട് മാനസീകാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് തുടങ്ങുന്ന ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും അന്ന് നടക്കും. 11ന് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അഡ്വ. വി.പി. രാധാകൃഷ്ണനും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ നിയമങ്ങളെക്കുറിച്ച് അഡ്വ. ശ്യാം പത്മനും ക്ലാസുകളെടുക്കും.
മാനസിക രോഗികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക്് അതിനുള്ള സഹായം ലഭ്യമാക്കും. മാനസിക രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും വിളിക്കാവുന്ന ഹെല്‍പ്പ്ലൈന് ഒക്ടോബർ 02 നു തുടങ്ങും. ഫോണ്‍: 9946046100.
കോഴിക്കോട്, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അലഞ്ഞുതിരിയുന്നവരും അശരണരും അവശരുമായ വയോജനങ്ങളേയും. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരേയും. പല രീതിയിലുമുള്ള പ്രയാസങ്ങളിൽ മല്ലടിക്കുന്നവരേയും ഏറ്റെടുത്തു ആശുപത്രികളിലും അഭയ കേന്ദ്രങ്ങളിലും എത്തിക്കുന്നതിനും ‘ഒപ്പമുണ്ട് എപ്പോഴും’ എന്ന പദ്ധതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തി വരുന്നു.
ഭിന്നലിംഗര്‍ക്കായി (ട്രാന്‍സ്ജെന്റേഴ്സ്) നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങുകൾ സംങ്കടിപ്പിക്കും. ഒക്ടോബർ 4നു കുരുവെട്ടൂർ പഞ്ചായത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കും
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM), പത്ര സ്ഥാപനങ്ങൾ , ചാനൽ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനത്തിനായി കോണ്ടു പോകും. അവർക്ക് സിനിമാരംഗത്തെ പ്രഗത്ഭരുമായി സംവദിക്കാൻ അവസരമൊരുക്കും.
പരിപാടികളുടെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും നിയമ സഹായവും നിയമ ബോധവല്‍ക്കരണവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠന സഹായത്തിനായി തെരഞ്ഞെടുക്കപ്പെട്ട പട്ടിക വര്‍ഗ കോളനികളില്‍ മൊബൈല്‍ ഫോണ്‍ നല്‍കും. ഇത്തരം കോളനികളില്‍ നിയമസഹായ ക്ലിനിക്കും ബോധവല്‍ക്കരണ പരിപാടികളും നടത്തും. ജില്ലാ തലത്തിലും താലൂക്ക് അടിസ്ഥാനത്തിലും ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്കും നിയമബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ ടീമുകളെ ചുമതലപ്പെടുത്തി. പരിപാടികളുടെ ഭാഗമായി ജയിലുകള്‍, ചില്‍ഡ്രണ്‍ ഹോംസ്, ഓര്‍ഫനേജുകള്‍, ട്രൈബല്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
പി. രാഗിണി (ജില്ലാ സെഷന്‍സ് ജഡ്ജി, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണ്‍),
എം.പി. ഷൈജല്‍ (സബ് ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു