KERALAlocaltop news

ശിക്ഷിക്കപ്പെടാൻ ” വകുപ്പില്ല ” പോലീസിന്റെ ഓപറേഷൻ പി ഹണ്ട് പ്രഹസനമാകുന്നു

* ലക്ഷ്യം ലക്ഷങ്ങളുടെ UNICEF ഫണ്ടിങ്ങ്

ബാബു  ചെറിയാൻ                                                                                                          കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ  കർശന നടപടി എടുക്കുന്നതിന് വേണ്ടി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ പി ഹണ്ട് റെയ്ഡുകൾ വെറും പ്രഹസനമായി മാറുന്നു. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയും , അധികാരം ഇല്ലാത്തവരെ റെയ്ഡിന് നിയോഗിച്ചും നടത്തി വരുന്ന റെയ്ഡുകളിൽ അറസ്റ്റിലാവുന്നവർക്ക് നിഷ്പ്രയാസം കേസുകളിൽ നിന്ന് ഊരിപോരാമെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടും ഓരോ ആറ് മാസം കൂടുമ്പോഴും പ്രഹസന റെയ്ഡുകൾ തുടർന്നു വരികയാണ്. എഡിജിപി മനോജ് എബ്രഹാമാണ് ഓപറേഷൻ പി ഹണ്ടിന്റെ നോഡൽ ഓഫീസർ . ഐ ടി ആക്ടിലെ സെക്ഷൻ 80 പ്രകാരം സ്വകാര്യ ഇടങ്ങളിൽ റെയ്‌ഡുകൾ നടത്തുന്നതിന് വ്യവസ്ഥകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ളവർക്ക് മാത്രമെ കോടതിയുടെ വാറണ്ട് ഇല്ലാതെ സ്വകാര്യ ഇടങ്ങളിൽ റെയ്ഡ് നടത്താൻ അധികാരമുള്ളൂ. എന്നാൽ എഡിജിപിയുടെ ഓഫീസ് നിർദ്ദേശിക്കുന്നതനുസരിച്ച് ഒരേ ദിവസം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റെയ്ഡുകൾക്ക് നേതൃത്വം നൽകുന്നത് ഭൂരിഭാഗം കേസുകളിലും എസ് ഐ മാരോ, ഗ്രേഡ് എസ്ഐ മാരോ ആണ് . ഇത്തരം കേസുകൾ കോടതിയിൽ എത്തിയാൽ പ്രതികൾക്ക് നിഷ്പ്രയാസം ഊരി പോരാനാവും. റെയ്ഡിന്റെ തൊട്ടു തലേന്ന് വൈകിട്ടാണ് പിറ്റേന്ന് നടത്തേണ്ട റെയ്ഡിനെ കുറിച്ച് നിർദ്ദേശം എത്തുക. പുലർച്ചെ ആരംഭിക്കുന്ന റെയ്ഡിൽ അതാത് സ്റ്റേഷനിലെ ഇൻസ്പെക്ടർ പങ്കെടുക്കുമെങ്കിലും, ഒന്നിലധികം റെയ്ഡുകൾ ഉള്ളതിനാൽ കീഴുദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വരുന്നു. ഉന്നത നിർദ്ദേശപ്രകാരം അധികാര പരിധികൾക്ക് പുറത്തുപോയി റെയ്ഡ് നടത്തുന്ന അവസ്ഥയുമുണ്ട്. ഇത്തരം കേസുകളിലും പ്രതികൾക്ക് കോടതിയിൽ നിന്ന് ഊരിപോരാനാവും. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളുള്ള സൈറ്റുകൾ സന്ദർശിച്ചു , ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്നിങ്ങനെ സംശയങ്ങളുടെ പേരിൽ മൊബൈൽ ഫോൺ , ലാപ് ടോപ് , കംപ്യൂട്ടർ, ഹാർഡ് ഡിസക് തുടങ്ങി ഇലക്ടോണിക്സ് ഉപകരണങ്ങൾ പിടിച്ചെടുത്തതും പോലീസിന് വിനയായിരിക്കയാണ്. ക്രിമിനൽ നടപടി ചട്ടം 102 പ്രകാരമാണ് സംശയത്തിന്റെ പേരിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുക്കുന്നത്. ഇത് നിയമ വിരുദ്ധമാണെന്ന് ഹൈകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. സംശയത്തിന്റെ പേരിൽ ക്രിമിനൽ നടപടി ചട്ടം 102 പ്രകാരം എഫ് ഐ ആർ ഇടാൻ പോലും പാടില്ലെന്നാണ് ഹൈകോടതിയുടെ നിരീക്ഷണം. എന്നാൽ ഇതുവരെ ഓപറേഷൻ പി ഹണ്ട് പ്രകാരം പോലീസ് ബലമായി പിടിച്ചെടുത്ത അഞ്ഞൂറോളം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഫോറൻസിക് ലാബിൽ കിടന്ന് നശിക്കുന്നു. ഇവ പരിശോധിക്കാൻ മതിയായ ജീവനക്കാർ ഫോറൻസിക് ലാബിൽ ഇല്ലെന്നതും പോലീസിന് തലവേദനയായി. ഇക്കഴിഞ്ഞ ജൂണിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷൻ പി ഹണ്ട് റെയ്ഡിൽ 41 പേരാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 227 കേസുകൾ റജിസ്റ്റർ ചെയ്തു.

പാലക്കാട് നിന്നാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് (9). മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 44 കേസുകൾ റജിസ്റ്റർ ചെയ്തു
സംസ്ഥാനത്തുടനീളം 326 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 285 ഉപകരണങ്ങളും പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ 41 പേരിൽ പ്രൊഫഷനൽ ജോലികൾ ചെയ്യുന്ന യുവാക്കളും ഉൾപ്പെടുന്നു. അവരിൽ ഭൂരിഭാഗവും ഐടി വിദഗ്ധരാണ്. അതേസമയം,ഇതിനകം രജിസ്റ്റർ ചെയ്ത 1007 കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കുമെന്ന് ഉന്നത പോലീസ് ഓഫീസർമാരും സമ്മതിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് യുനിസെഫിന്റെ വൻ ഫണ്ട് തട്ടുകയാണ് ചിലരുടെ ലക്ഷ്യമെന്ന വിമർശനവും പോലീസിൽ നിന്നു തന്നെ ഉയരുന്നു. കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുകയാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ , ഒരേ ദിവസം നടത്തുന്ന സംസ്ഥാന വ്യാപക റെയ്ഡുകൾ ഒഴിവാക്കി പകരം സംശയമുള്ളവരുടെ വിവരങ്ങൾ കോടതിയിൽ നൽകി നിയമാനുസൃത വാറണ്ടോടെ, അധികാരമുള്ള ഓഫീസർമാരെ നിയോഗിച്ച് റെയ്ഡ് നടത്തുകയാണ് വേണ്ടതെന്ന് ഉന്നത പോലീസ് ഓഫീസർ ചൂണ്ടിക്കാട്ടി. സൈബർ ഡോം മേധാവികൾക്ക് ഇതിനു പക്ഷെ താത്പര്യമില്ല. ഒറ്റ ദിവസം റെയ്ഡുകൾ നടത്തി സംസ്ഥാന വ്യാപകമായി ഓളം സൃഷ്ടിക്കുകയും കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് UNICEF നെ അറിയിച്ച് ഫണ്ട് കൈക്കലാക്കുകയുമാണ് ചിലരുടെ ലക്ഷ്യം. ഇരുനൂറോളം രാജ്യങ്ങൾക്കായി പ്രവർത്തിക്കുന്ന UNICEF സംഘടന കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് പ്രതിവർഷം വിതരണം ചെയ്യുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close