KERALAlocaltop news

മലക്കംമറിഞ്ഞ് കോഴിക്കോട് നഗരസഭ; വിലയുടെ ഇരട്ടി നൽകി കാർ വാടകയക്ക് എടുക്കില്ല; എട്ടു വർഷം എന്നത് ഒരു വർഷമാക്കി ചുരുക്കി

* നീക്കത്തെ ചെറുക്കാൻ യു ഡി എഫും , ബിജെപിയും

കോഴിക്കോട്: വണ്ടിവിലയുടെ ഇരട്ടിയോളം വരുന്ന തുകയ്ക്ക് എട്ടു വർഷത്തേക്ക് ഇലക്ട്രിക് കാർ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിൽ നിന്ന് മലക്കംമറിഞ്ഞ് കോഴിക്കോട് നഗരസഭ. തിരുമണ്ടൻ തീരുമാനം നടപ്പിലാക്കാനുള്ള നീക്കം മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നതും , യുഡിഎഫ്, ബി ജെ പി കൗൺസിലർമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ എട്ടു വർഷം എന്നത് ഒരു വർഷമാക്കി ” വെട്ടിക്കുറച്ച് ” ഭരണപക്ഷം തലയൂരുകയായിരുന്നു. ”അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും ” എന്ന രീതിയിലായിരുന്നു സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ദിവാകരൻ അടക്കമുള്ളവരുടെ ന്യായീകരണം. ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും, സിപി എം കൗൺസിലർ അഡ്വ. സി.എം ജംഷീറും ന്യായീകരണവാദങ്ങൾ നിരത്തിയാണ് 75 അംഗ കൗൺസിലിലെ 23 യുഡിഎഫ് – ബി ജെ പി കൗൺസിലർമാരുടെ വിയോജിപ്പ് മറികടന്ന് അജണ്ട പാസാക്കിയത്. ഏറെ വൈകി തുടർന്ന കൗൺസിൽ യോഗത്തിലെ അവസാനത്തെ അജണ്ടയായിരുന്നു ഇത്. അജണ്ട വായിച്ചയുടൻ യുഡിഎഫിലെ കെ. സി. ശോഭിത പ്രതിഷേധമുയർത്തി. വാഹനത്തിന്റെ ഇരട്ടി വില വാടകയായി നൽകാനുള്ള തീരുമാനം സാമാന്യ ബോധമുള്ള ഒരാളും എടുക്കില്ലെന്നു ശോഭിത ചൂണ്ടിക്കാട്ടി. ഇരട്ടിയിലധികം വില നൽകിയാലും എട്ട് വർഷം കഴിഞ്ഞ് കാർ ഉടമയ്ക്ക് തിരികെ നൽകണം. ഡ്രൈവറുടെ ശമ്പളം, അറ്റകുറ്റ പണി തുടങ്ങി സർവ്വ ചിലവുകളും നഗരസഭ വഹിക്കണം. എല്ലാ നഷ്ടവും നഗരസഭയ്ക്ക് വന്നുചേരുന്ന മണ്ടൻ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും ശോഭിത ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്നായിരുന്നു നഗരസഭ സെക്രട്ടറിയുടെ വിശദീകരണം. സാമ്പത്തിക ബാധ്യത ഉണ്ട് എന്നത് സത്യം തന്നെയാണെന്നും സെക്രട്ടറി പറഞ്ഞു. ചെലവ് ചുരുക്കലിന്റെ പേരിലാണങ്കിൽ 28.5 ലക്ഷം വാടക നൽകുന്നതിനു പകരം അതിന്റെ പകുതി തുകയ്ക്ക് കാർ വാങ്ങിയാൽ പോരേ എന്ന് ബിജെപി കൗൺസിൽ പാർട്ടി ലീഡർ കെ.റെനീഷ് ചോദിച്ചു. ഇതോടെ ഡെപ്യൂട്ടി മേയർ ഇടപെട്ടു. എട്ട് വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നില്ലെന്നും ഒരു വർഷം പരീക്ഷണാടിസ്ഥാനത്തിൽ എടുക്കുന്നേയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഒരു വർഷം നോക്കിയിട്ട് ലാഭകരമെങ്കിൽ പിന്നീട് കാർ വാങ്ങാമല്ലോ എന്നായി ഡെപ്യൂട്ടി മേയർ. എന്നാൽ പിന്നെ വാടക പരിപാടി ഒഴിവാക്കി കാർ വിലയ്ക്ക് വാങ്ങിക്കൂടെ എന്ന ചോദ്യമുയർത്തി യുഡിഎഫിലെ കെ.മൊയ്തീൻ കോയ രംഗത്തെത്തി. നൂറ് ശതമാനം എതിർപ്പ് രേഖപ്പെടുത്തുന്നതായും മൊയ്തീൻ കോയ പറഞ്ഞു. ഇതോടെ ഡെപ്യൂട്ടി മേയറെ പിന്തുണച്ച് സി പി എമ്മിലെ സി.എം ജംഷീർ സംസാരിച്ചു. കമീഷൻ തട്ടാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ബി ജെ പി അംഗം കെ. റെനീഷ് തുറന്നടിച്ചു. തുടർന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ദിവാകരന്റെ ഊഴമായി. തീരുമാനം നടപ്പാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സ്ത്രീ ശാക്തീകരണത്തെ കുറിച്ച് വരെ വാചാലനായി സംസാരിച്ചു. സ്ത്രീ ശാക്തീകരണ സംവിധാനമായ കുടുംബശ്രീയ്ക്ക് വേണ്ടിയാണ് കാർ വാടകയ്ക്ക് എടുക്കുന്നതെന്നും, അതിനെ എതിർക്കുന്ന വർ സ്ത്രീ ശാക്തീകരണത്തിന്റെ എതിരാളികളാണെന്നും പി.ദിവാകരൻ വാദമുയർത്തി : ഇതോടെ ഭരണപക്ഷ അംഗവും എൽ ജെഡി കൗൺസിലറുമായി എൻ.സി. മോയിൻ കുട്ടി വിമർശനവുമായി എഴുന്നേറ്റു . സാധാരണ വാഹനത്തിന് ഇത്രയും വാടകയില്ലന്നും, ഇത്ര വാടക നൽകുന്നതിന് പകരം കാർ വിലയ്ക്ക് വാങ്ങിക്കൂടെ എന്നും അദ്ദേഹം ചോദിച്ചു. വാടകയ്ക്ക് പകരം വില നൽകി കാർ വാങ്ങിയാലും,
കുടുംബശ്രീ ശാക്തീകരണവും സ്ത്രീ ശാക്തീകരണവും ആവുമെന്ന് അദ്ദേഹം വാദമുയർത്തി. തുടർന്നാണ് അജണ്ട വോട്ടിനിട്ട് പാസാക്കിയത്. കുടുംബശ്രീക്കുവേണ്ടി അനർട്ട് വഴി ‘ടാറ്റ നെക്സോൺ’ ഇലക്ട്രിക് കാർ വാടകക്കെടുക്കാനാണ് ശ്രമം. മാസം 27,540 രൂപ വാടകക്ക് എട്ട് കൊല്ലത്തേക്ക് മൊത്തം 27.76 ലക്ഷം രൂപ നൽകി കാർ എടുക്കാനായിരുന്നു കരാർ. ഇത് കൂടാതെ വർഷം തോറും അഞ്ച് ശതമാനം വാടക വർധനയുമുണ്ട്. ഡ്രൈവറുടെ ശമ്പളം, മറ്റ് ആകസ്മിക ചെലവുകൾ എന്നിവയും കോർപറേഷൻ വഹിക്കണം. എട്ട് കൊല്ലം കഴിഞ്ഞ് കാർ തിരിച്ച് കൊടുക്കുകയും വേണം. ഒരുമാസത്തെ  വാടക മുൻകൂർ നൽകണമെന്നും കരാറിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close