INDIA
ആദ്യ സംയുക്ത സേനാ മേധാവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പാര്‍ലിമെന്റ്; ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തി. കായമ്പത്തൂരില്‍ നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് രാജ്നാഥ് സിങ് അറിയിച്ചു. ഡി.എന്‍.എ. പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ഷേശം മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കും. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കോപ്ടര്‍ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗിക ബഹുമതികളോടെ ബിപിന്‍ റാവത്തിന്റെ അന്ത്യകര്‍മങ്ങള്‍ നാളെ നടക്കും.
കോയമ്പത്തൂരില്‍ നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങിന് പത്തു കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണ് കോപ്ടര്‍ തകര്‍ന്ന് വീഴുന്നത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് അപകടം.
പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ റഷ്യന്‍ നിര്‍മ്മിത എം.ഐ 17 വി എന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഏത് കാലാവസ്ഥയെയും അതിജീവിക്കാന്‍ ശേഷിയുള്ള പവര്‍പാക്ക്ഡ് കോപ്റ്റര്‍ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കരുത്തായിരുന്നു. സായുധ ആക്രമണ ശേഷിയില്‍ സൈനിക ഹെലികോപ്റ്റര്‍ മില്‍ മോസ്കോ ഹെലികോപ്റ്റര്‍ പ്ലാന്റിലാണ് രൂപകല്‍പ്പന ചെയ്തത്. കോപ്റ്റര്‍ കസാന്‍ ഹെലികോപ്റ്റേഴ്സ് എന്ന കമ്പനിയാണ് എം.ഐ 17 വി നിര്‍മിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.