INDIAKERALAlocal

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച് ‘ഥാര്‍’ കാര്‍ പരസ്യലേലം 18 ന്

 

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ കാര്‍ ഡിസംബര്‍ 18ന് പരസ്യലേലം ചെയ്യുമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. വൈകീട്ട് 3 മണിയോടെ ദീപസ്തംഭത്തിനു സമീപത്താണ് പരസ്യലേലം നടക്കുക. അടിസ്ഥാന വിലയായി 15 ലക്ഷം രൂപ നിശ്ചയിച്ചു. മഹീന്ദ്ര ഗ്രൂപ്പിന്റെ ഏറ്റവും പുതിയ വാഹനമായ ഥാര്‍ ലിമിറ്റഡ് എഡിഷനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത്.

വാഹനപ്രേമികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി. മോഡലായ ഥാര്‍. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഗുരുവായൂര്‍ നടയ്ക്കല്‍ കാണിക്കയായി സമര്‍പ്പിച്ച വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും വൈറലായിരുന്നു.

2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ വാഹനം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളിലൊന്നാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമായി ഥാര്‍ മാറി. വിപണിയിലെത്തി കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി അവാര്‍ഡുകളും ഥാറിനെ തേടിയെത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്പ്മെന്റ് വിഭാഗം മേധാവി ആര്‍.വേലുസ്വാമി, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.

എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്‌സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close