INDIA

നവീകരിച്ച രാജ്പഥില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം വേറിട്ട അനുഭവമാകും

ന്യൂഡല്‍ഹി: 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളൊരുക്കി രാജ്പഥ്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജ്പഥില്‍ ഇത്തവണത്തെ റിപ്പബ്ലിക് ആഘോഷം വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബ്രിട്ടീഷ് രൂപകല്പനയിലുള്ള കസേരകള്‍, പ്രത്യേകമായ വെളിച്ചവിതാനം, പകിട്ടാര്‍ന്ന നടപ്പാതകള്‍, ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി എല്‍.ഇ.ഡി സ്‌ക്രീന്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ഈ വര്‍ഷം അരമണിക്കൂര്‍ വൈകിയാകും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുക. മൂടല്‍ മഞ്ഞ് നിറഞ്ഞ അന്തരീക്ഷം കണക്കിലെടുത്താണ് സമയമാറ്റമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി രാജ്പഥില്‍ 300 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

24,000 പേര്‍ പരേഡില്‍ അണിനിരക്കും. 1 ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് അതിഗംഭീരമായി നടത്തിയ പരേഡാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. ചടങ്ങില്‍ 19,000 പേരും, ടിക്കറ്റ് പാസോടെ 5,000 ആളുകളും ആഘോഷങ്ങളില്‍ പങ്കാളികളാകും. പ്രതിരോധ നടപടികളുടെ ഭാഗമായി ഈ വര്‍ഷവും റിപ്പബ്ലിക് ദിന ചടങ്ങില്‍ വിദേശരാജ്യങ്ങളിലെ മുഖ്യാതിഥികള്‍ക്ക് ക്ഷണം ലഭിക്കില്ല.

രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച 5000 സൈനികരെ എന്‍.സി.സിയുടെ നേതൃത്വത്തില്‍ പ്രത്യേകം ആദരിക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക നന്ദിഫലകം കൈമാറും. സൈനികരെ അനുസ്മരിക്കാന്‍ ന്യൂഡല്‍ഹിയിലെ യുദ്ധ മെമ്മോറിയലില്‍ പ്രധാനമന്ത്രി പ്രത്യേക സന്ദര്‍ശനം നടത്തും.

മൂന്നു സേനകളും ചേര്‍ന്ന് ഒരുക്കുന്ന ഫ്‌ലൈപാസ്റ്റില്‍ 75 വിമാനങ്ങള്‍ പങ്കെടുക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 75 വിമാനങ്ങള്‍ അണിനിരക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലൈപാസ്റ്റാകും ഈ വര്‍ഷം നടക്കുക എന്ന് വ്യോമസേന വ്യക്തമാക്കി. ജാഗ്വര്‍, റഫാല്‍, നാവികസേനയുടെ മിഗ് 29കെ, പി 81 നിരീക്ഷണ വിമാനം, സുഖോയ്, മിഗ്17, സാരംഗ്, അപ്പാച്ചെ, ദക്കോത ഫ്‌ലൈപാസ്റ്റിന്റെ ഭാഗമാകുക. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി 15 ദൃശ്യാവിഷ്‌കാരങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്കായി ഒരുക്കുന്നത്.

ആഘോഷത്തിനു സമാപനം കുറിക്കുന്ന ബീറ്റിങ് റിട്രീറ്റില്‍ 1000 ഡ്രോണുകള്‍ ഡല്‍ഹി ഐ.ഐ.ടിയിലെ പുതുസംരഭമായ ബോട്ട്‌ലാബ് ഡൈനാമിക്‌സിന്റെ നേതൃത്വത്തില്‍ അണിനിരക്കും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close