KERALAlocaltop news

അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ ; 12 വാഹനങ്ങൾ കണ്ടെടുത്തു

കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42 ) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം ഏറി വന്ന സാഹചര്യത്തിൽ കോഴിക്കോട്  വെള്ളയിൽ പോലീസും ടൗൺ പോലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.

പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും ഇരുചക്ര വാഹന മോഷണം പോയ കേസിൽ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്.
വാഹന മോഷണ കേസിൽ സംശയിക്കുന്ന വ്യക്തിക്ക് മുൻപ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു കേസിലെ പ്രതിയായ ഹംദാൻ അലിയുമായി രൂപ സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ദിവസങ്ങളോളം ഹംദാൻ അലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ഹംദാൻ അലി തന്നെയാണ് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും വാഹനം മോഷ്ടിച്ചതെന്ന് വ്യക്തമായ ശേഷം ബേപ്പൂർ ഹാർബർ പരിസരത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിൽ നിന്നും 14 വാഹന മോഷണങ്ങൾ നടത്തിയതായി ഹംദാൻ അലി പോലീസിന് മുൻപാകെ കുറ്റസമ്മതം നടത്തുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി  പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപന നടത്തിയതായി പോലീസ് കണ്ടെത്തി. തുടർന്ന് ദിവസങ്ങളോളം കോയമ്പത്തൂരിൽ താമസിച്ച് തികച്ചും സാഹസികമായാണ് മോഷണം പോയ വാഹനങ്ങൾ പോലീസ് കണ്ടെടുത്തത്. കോയമ്പത്തൂരിലും വയനാട്ടിലും വിൽപ്പന നടത്തിയ 9 റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പോലീസ് റിക്കവറി ചെയ്തു.

വെള്ളയിൽ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജി.ഗോപകുമാർ, പ്രൊബേഷൻ എസ്.ഐ റസ്സൽ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ നെല്ലൂളിമീത്തൽ, സി.പി.ഒ സുജിത്ത്.ഇ.കെ ടൗൺ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സജേഷ് കുമാർ.പി, സി.പി.ഒ അനൂജ്.എ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇവരെ കൂടാതെ കസബ എസ്.ഐ ശ്രീജിത്ത് ടി.എസ്, ഡൻസാഫ് എസ്.ഐ മോഹൻദാസ് ഡൻസാഫ് സ്ക്വാഡംഗങ്ങളായ സുനോജ്.കെ, അർജുൻ അജിത് ടൗൺ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ജിതേന്ദ്രൻ, വെളളയിൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ ജയചന്ദ്രൻ.എം, ദീപു.പി എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ കണ്ടെത്തി റിക്കവറി ചെയ്തത്.
പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close