KERALAlocaltop news

15 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

പിടികൂടിയത് അഞ്ച് ലക്ഷം രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ്

കോഴിക്കോട്: പിക്കപ്പ് വാഹനത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 13.500 കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേരെ കസബ ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസും ഒന്നര കിലോഗ്രാമിലധികം കഞ്ചാവുമായി ടൗൺ പോലീസും ജില്ല ആൻ്റി നാർക്കോട്ടിക്ക് സെപഷ്യൽ ആക്ഷൻ ഫോഴ്സിൻ്റെ (ഡൻസാഫ്) സഹായത്തോടെ പിടികൂടി.

നരിക്കുനി സ്വദേശി വാടയക്കണ്ടിയിൽ മൊട്ട സുനി എന്ന സുനീഷ് (45 ) പുന്നശ്ശേരി സ്വദേശി അനോട്ട് പറമ്പത്ത് ദീപേഷ് കുമാർ (35 ) എന്നിവരെ കസബ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിഷേകും,മലപ്പുറം മുതുവല്ലൂർ പാറകുളങ്ങര വീട്ടിൽ റിൻഷാദ് (28) നെ ടൗൺ പോലീസ് സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവി ഡി ഐ ജി എ.അക്ബറിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ചില്ലറ വിപണിയിൽ മുപ്പതിനായിരത്തോളം രൂപ വില വരും. ടൗൺ സ്റ്റേഷനിൽ പിടിയിലായി റിൻഷാദിന് നിരവധി കഞ്ചാവു കേസുകളും മോഷണ കേസുകളും നിലവിലുണ്ട്.അടുത്തിടെ ജയിൽ മോചിതനാണ്.

കസബ പോലീസ് സ്റ്റേഷനിൽ പിടിയിലായ സുനീഷ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുകടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ്.നരിക്കുനി, പുന്നശ്ശേരി,കാക്കൂർ ഭാഗങ്ങളിൽ ചില്ലറ വില്പന നടന്നുന്നത് ഇവരുടെ സംഘമാണ്.കൂടാതെ ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നവരെ കുറിച്ചും ഇവരുടെ സംഘത്തിൽപ്പെട്ട സ്ത്രീകളെ കുറിച്ചും ഇവരോട് കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അത്തരം ആളുകളെ പോലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്നതുമാണെന്ന് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ പി.ബിജുരാജ് പറഞ്ഞു.

ബാംഗ്ലൂരിൽ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് കൂടുതലായി കൊണ്ടുവന്ന് അമിത ആദായത്തിൽ ചെറുകിട സംഘങ്ങൾക്ക് വില്പന നടത്തുന്നതാണ് ഇവരുടെ രീതി.കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് നാർക്കോ ട്ടിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ പി.പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിൽ ഡൻസാഫ് മുപ്പത് കിലോയിലധികം കഞ്ചാവും, മറ്റ് ന്യൂജൻ സിന്തറ്റിക്ക് ലഹരി വസ്തുക്കളും,നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിരുന്നു.

കോഴിക്കോട് സിറ്റി ഡൻസാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്,സീനിയർ സിപിഒ കെ.അഖിലേഷ്, സിപിഒമാരായ ജിനേഷ് ചൂലൂർ,അർജുൻ അജിത്ത്, കാരയിൽ സുനോജ്,സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത് കസബ സബ് ഇൻസ്പെക്ടർമാരായ ആൻ്റണി,ആൽബിൻ സി.പിഒ സന്ദീപ് സെബാസ്റ്റ്യ ൻ ടൗൺ പോലീസ് സ്റ്റേഷനിലെ സജേഷ്, ഷിഹാബ്, ഉല്ലാസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close