KERALAlocaltop news

പി.എൻ. ബി തട്ടിപ്പ്; കോഴിക്കോട് നഗരസഭാ യോഗത്തിനിടെ പുറത്ത് കൂട്ടയടി

* നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പ് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം കോർപറേഷൻ കൗൺസിലിലും പുറത്തും നാടകീയ രംഗങ്ങളുണ്ടാക്കി. കൗൺസിലിൽ കറുത്ത നാട തലയിൽ കെട്ടി പ്രതിഷേധവും ബഹളവും സസ്പെൻഷനും തുടർന്ന് പുറത്ത് കൂട്ടത്തല്ലും നടന്നു. ബഹളവും മുദ്രാവാക്യവും കൂക്കിവിളികളുമുയർന്ന കൗൺസിൽ യോഗത്തിൽ പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധം നിർത്താത്തതിന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഉപ നേതാവ് കെ.മൊയ്തീൻ കോയ എന്നിവരടക്കം സഭയിലുണ്ടായിരുന്ന 15 യു.ഡി.എഫ് കൗൺസിലർമാരെയും സഭ പിരിയുന്നത് വരെ മേയർ ഡോ.ബീന ഫിലിപ് സസ്പെന്റ് ചെയ്തു. ലീഗിലെ കെ.മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി.റനീഷും കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് അധ്യക്ഷത വഹിച്ച മേയർ ഡോ.ബീന ഫിലിപ്പ് ബാങ്ക് തട്ടിപ്പിനെപ്പറ്റി വിശദീകരണം നൽകിയ ശേഷവും യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിക്കുയായിരുന്നു. കറുത്ത നാട തലയിൽ കെട്ടി ‘പി.എൻ.ബി കോർപറേഷൻ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക’ എന്ന ബാനറേതിയായിരുന്നു യു.ഡി.എഫ് പ്രതിഷേധം. ബഹളത്തിനിടെ 15 മിനിറ്റോളം സഭ നിർത്തിവച്ച് ചർച്ചക്ക് വിളിച്ചെങ്കിലും പ്രതിഷേധം തുടരുന്നതിനിടെയാണ് സഭയിലുണ്ടായിരുന്ന മുഴുവൻ യു.ഡി.എഫ് അംഗങ്ങളെയും സസ്പെന്റ് ചെയ്യുന്നതായി മേയർ തിരിച്ച് സഭയിൽ എത്തി പ്രഖ്യാപിച്ചത്. സസ്പെന്റ് ചെയ്തിട്ടും സഭയിൽ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തിനിടെ 191 അജണ്ടകളും മിനിറ്റുകൾക്കകം പാസാക്കി. ഇതിനിടെ ചില അജണ്ടകളിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ മേയറുടെ ഇരിപ്പിടത്തിന് ചുറ്റും എത്തി. പ്രത്യേക സാഹചര്യത്തിൽ അനുവദിക്കാനാവില്ലെന്നും രേഖാമൂലം അറിയിച്ചാൽ നടപടിയുണ്ടാവുമെന്ന മേയറുടെ ഉറപ്പിൽ അവർ പിൻവാങ്ങുകയായിരുന്നു. യു.ഡി.എഫ് മുദ്രാവാക്യങ്ങളും എൽ.ഡി.എഫ് അംഗങ്ങളുടെ പിന്തുണയിൽ അജണ്ടകൾ പാസാക്കലും തുടരുന്നതിനിടെ ബി.ജെ.പി അംഗങ്ങൾ സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു. കൗൺസിൽ അവസാനിച്ചതായി പ്രഖ്യാപിച്ച് മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദും ഇരിപ്പിടം വിട്ടിട്ടും യു.ഡി.എഫ് അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതിനിടെ എൽ.ഡി.എഫ് അംഗങ്ങളും ഒന്നിച്ച് മുദ്രാവാക്യവുമായി യു.ഡി.എഫ് അംഗങ്ങൾക്ക് മുന്നിലെത്തി. മുഖാമുഖം മുദ്രാവാക്യങ്ങളുയർത്തിയ ശേഷം ഇടത് അഗേങ്ങൾ പിരിഞ്ഞ് പോയിട്ടും യു.ഡി.എഫ് പ്രതിഷേധം തുടർന്നു. വിവരമറിഞ്ഞ് വൻ പൊലീസ് സംഘവും കോർപറേഷൻ ഓഫീസിനകത്തെത്തി. കൗൺസിൽ യോഗത്തിന് ശേഷം ഹാളിന് പുറത്ത് എൽ.ഡി.എഫ് യു.ഡി.എഫ് പ്രവർത്തകരുടെ കൂട്ടത്തല്ല്. യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ യോഗത്തിന് ശേഷവും പ്രതിഷേധിക്കുന്നതിനിടെ ഹാളിന് പുറത്ത് തടിച്ചുകൂടിയ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകരാണ് തമ്മിലടിച്ചത്. എട്ട് കൗൺസിലർമാർ‌ക്കും മൂന്ന് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പ്രതിഷേധം ചിത്രീകരിക്കാനെത്തിയ ദൃശ്യമാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. യു.ഡി.എഫ് കൗൺസിലർമാരെ കൗൺസിൽ ഹാളിൽ നിന്ന് പൊലീസ് മാറ്റുന്നതിനിടെ ആക്രമണത്തിൽ യു.ഡി.എഫ് വനിത കൗൺസിലർമാർക്കും പരിക്കേറ്റതായി നേതാക്കൾ അറിയിച്ചു. അഞ്ച് എൽ.ഡി.എഫ് കൗൺസിലർമാർക്കും മൂന്ന് യു.ഡി.എഫ് കൗൺസിലർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിൽ പിരിഞ്ഞിട്ടും ഹാളിനകത്ത് പ്രതിഷേധിച്ച യു.ഡി.എഫ് അംഗങ്ങൾക്ക് ഐക്യദാർഡ്യമറിയിക്കാൻ യു.ഡി.എഫ് നേതാക്കൾ എത്തിയപ്പോഴാണ് വൻ സംഘട്ടനമുണ്ടായത്. ഡി.സി.പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം കോർപ്പറേഷൻ ഓഫീസിലെത്തിയ ഡി.സി.സി.ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണയോട് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടുന്നതിനിടെ ആക്രമണം നടന്നു. സംസാരത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകർ അവിടെ വച്ച് സംസാരിക്കരുതെന്നാവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. ദൃശ്യ മാദ്ധ്യമപ്രവർത്തകരായ കേരള വിഷൻ റിപ്പോർട്ടർ റിയാസ് കെ.എം.ആർ, കാമറാമാൻ വസിം അഹമ്മദ്, മാതൃഭൂമി കാമറമാൻ ജിതിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ത്കാമറകൾ തകർക്കാൻ ശ്രമുണ്ടായി. തുടർന്നാണ് കൗൺസിലർമാർ ഉൾപ്പെടുയുള്ള എൽ.ഡി.എഫുകാരും പുറമെ നിന്ന് വന്ന യു.‌ഡി.എഫ് പ്രവർത്തകരും ഏറ്റുമുണ്ടിയത്. മരക്കഷ്ണങ്ങളും മറ്റുമുപയോഗിച്ച് ആക്രമണമുണ്ടായി. പൊലീസ് ഇടപെട്ടാണ് ആക്രമണം തടഞ്ഞത്. എൽ.ഡി.എഫ് കൗൺസിലർമാരായ മഹേഷ്, ടി. മുരളീധരൻ, ഷീബ, ടി.കെ. ഷമീന, എൻ. ജയഷീല എന്നിവർക്കും കോതി സമരസമിതി കൺവീനർ ടി. സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റു. തുടർന്ന് കൗൺസിൽ ഹാളിൽ നിന്ന് യു.ഡി.എഫ് അംഗങ്ങളെ പൊലീസ് അകമ്പടിയോടെ പുറത്തിറക്കി. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, സൗഫിയ അനീഷ്, ഓമന മധു എന്നിവരെ എൽ.ഡി.എഫ് പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close