KERALAPolitics

മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ഇഡി നോട്ടീസ്; 20 ന് ഹാജരാകാന്‍ നിര്‍ദേശം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 20 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ശിവകുമാറിനെ കൂടാതെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ എം രാജേന്ദ്രന്‍, എന്‍ എസ് ഹരികുമാര്‍, ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവരോടും രേഖകളുമായി ചോദ്യംചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിട്ടുള്ളത്.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ശിവകുമാര്‍ ആരോഗ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവുമാണ് ഇഡി അന്വേഷിക്കുന്നത്. ബിനാമി ഇടപാടുകള്‍, ആസ്തികളിലെ വ്യത്യാസം, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാറിനെതിരെയുള്ളത്.

ശിവകുമാറിനെതിരെ നേരത്തെതന്നെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍ സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിരുന്നതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്‌ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലെ രേഖകള്‍ ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close