കെ.ഷിന്റുലാല്‍
കോഴിക്കോട് : രാജ്യത്തെ ഞെട്ടിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ സുപ്രധാന തെളിവായി അഞ്ച് വിരലടയാളങ്ങള്‍. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ നിന്ന് ശേഖരിച്ച വസ്തുക്കളിലെ
വിരലടയാളങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്. കേസിലെ പ്രതി ഷാറൂഖ് സെയ്ഫ് ഉപയോഗിച്ച ബാഗ്, യാത്രക്കാരുടെ ദേഹത്തൊഴിച്ച പെട്രോള്‍ കൊണ്ടുവന്ന കുപ്പികള്‍, ഡയറി, നോട്ട്ബുക്കുകള്‍ എന്നീ ഭൗതികവസ്തുക്കളില്‍ (മെറ്റീരിയല്‍ ഒബ്ജക്ട്സ് -എംഒ) നിന്നുമാണ് വിരലടയാളങ്ങള്‍ ശേഖരിച്ചത്. ഇതിന് പുറമേ ഷാറൂഖ് സഞ്ചരിച്ച ഡിവണ്‍, ഡിടു കോച്ചുകളില്‍ നിന്നും വിരലടയാളം ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ എത്തിച്ച ട്രെയിന്‍ ബോഗികളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ കണ്ണൂരിലെ ഫിംഗര്‍പ്രിന്റ് ബ്യൂറോയില്‍ പരിശോധിച്ചു വരികയാണ്. ട്രാക്കില്‍ നിന്ന് ലഭിച്ച മെറ്റീരിയല്‍ ഒബ്ജറ്റുകളുടെ പരിശോധന കോഴിക്കോട് ബ്യൂറോയിലാണ് നടക്കുന്നത്. അന്വേഷണ സംഘത്തിന്റെ നിര്‍ദേശാനുസരണം ഓരോ വസ്തുക്കളിലേയും വിരലടയാളം പരിശോധിക്കുകയാണ് ചെയ്യുന്നത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള ഷാറൂഖിന്റെ വിരലടയാളം ഇതിനായി ശേഖരിച്ചിട്ടുണ്ട്. ഷാരൂഖിന്റെ വിരലടയാളം , ക്രൈം സീനില്‍(ഡിവണ്‍, ഡിടു കോച്ചുകള്‍) നിന്നും എലത്തൂരിലെ ട്രാക്കില്‍ നിന്നും ലഭിച്ച മെറ്റീരിയില്‍ ഒബ്ജറ്റുകളില് നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി താരതമ്യ പരിശോധനയാണ് നടത്തുന്നത്. ഷാറൂഖിന്റെ ബാഗില്‍ നിന്നും ലഭിച്ച ഡയറിയിലും നോട്ടുബുക്കില്‍ നിന്നും വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് ഷാരൂഖിന്റെത് തന്നെയാണോയെന്ന് അടുത്ത ദിവസം വ്യക്തമാകും. കൂടാതെ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച രണ്ട് കുപ്പികളില്‍ നിന്നും വിരലടയാളം പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഷാറൂഖിന്റെ വിരലടയാളത്തിന് പുറമേ മറ്റാരുടേതെങ്കിലുമുണ്ടെങ്കില് അത് കേസില്‍ നിര്‍ണായക തെളിവായി മാറും.