സ്വന്തംലേഖകന്‍
കോഴിക്കോട് : പോലീസിലെ ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടിക ഒടുവില്‍ പുറത്തിറക്കി. കോഴിക്കോട് സിറ്റി പോലീസിലെ സ്ഥലംമാറ്റപ്പട്ടികയാണ് പുറത്തിറങ്ങിയത്. ട്രാന്‍സ്ഫര്‍ പട്ടിക പുറത്തിറക്കാത്തത് പോലീസിനുള്ളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് സംബന്ധിച്ച് ഇ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്നലെ ഏറെ വൈകി ട്രാന്‍സ്ഫര്‍ പട്ടിക പുറത്തിറക്കിയത്. എസ്‌ഐ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (എസ്‌സിപിഒ) , സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ), വനിതാ സിവില്‍ പോലീസ് ഓഫീസര്‍(ഡബ്ല്യൂസിപിഒ) തുടങ്ങി തസ്തികയിലുള്ള 301 പോലീസുകാരുടെ പട്ടികയാണ് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പുറത്തിറക്കിയത്. മൂന്നുവര്‍ഷം ഒരേ സ്‌റ്റേഷനില്‍ തുടര്‍ച്ചയായി ജോലി ചെയ്തുവരുന്നവരെ സ്ഥലം മാറ്റികൊണ്ടുള്ളതാണ് ഉത്തരവ്.
മെയ് ഒന്നിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സേനാംഗങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് സിറ്റി പോലീസിലുള്‍പ്പെടെ മിക്ക ജില്ലകളിലും ഉത്തരവിറങ്ങിയിരുന്നില്ല. അതേസമയം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജനറല്‍ ട്രാന്‍സ്ഫര്‍ ഫയല്‍ തയാറായെങ്കിലും ജില്ലാ പോലീസ് മേധാവിമാരുടെ വിശദപരിശോധനയില്‍ നേരിട്ട കാലതാമസമാണ് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങുന്നത് വൈകാന്‍ കാരണമെന്നാണ് സേനാംഗങ്ങള്‍ക്കിടയിലെ അഭിപ്രായം. അവധിക്കാലത്താണ് ജനറല്‍ ട്രാന്‍സ്ഫര്‍ പട്ടിക പുറത്തിറക്കാറുള്ളത്. പോലീസുകാരുടെ കുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളികളുടെ ജോലിയും മറ്റും മുന്നില്‍കണ്ടാണ് മാര്‍ച്ച് മാസം മുതല്‍ സ്ഥലം മാറ്റം നടക്കുന്നത്. സ്ഥലം മാറ്റ ഉത്തരവ് വൈകിയതോടെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യമുള്‍പ്പെടെ അവതാളത്തിലാവുമെന്ന ആശങ്കയിലാണ് പോലീസുകാര്‍.