കെ. ഷിന്റുലാല്‍
കോഴിക്കോട് : ജയിലിനുള്ളില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ സ്വാധീനത്താല്‍ സമാന്തര ഭരണം നടത്തുന്ന തടവുകാര്‍ക്ക് ഡിജിപിയുടെ പൂട്ട്. രാഷ്ട്രീയത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ മറ്റുള്ള അന്തേവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസപ്പെടുത്തുന്നുവെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി. ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചുമുള്ള ചില തടവുകാരുടെ ‘ഭരണം’ നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയില്‍ മേധാവി എം.കെ.വിനോദ്കുമാര്‍ പുതിയ ഉത്തരവിറക്കിയത് .
ജയില്‍ ഓഫീസുകളില്‍ ഒരു അന്തേവാസിയെ ഒരു സെക്ഷനില്‍ തന്നെ സ്ഥിരമായി പ്രവര്‍ത്തി എടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഓരേ സെക്ഷനില്‍ സ്ഥിരമായി ജോലി ചെയ്യുന്നതിലൂടെ അന്തേവാസിക്ക് അധിക സ്വാധീനം ഉണ്ടാകുകയും ഈ സ്വാധീനം ദുരുപയോഗം ചെയ്യുമെന്നും ഉത്തരവിലുണ്ട്. ഇതുവഴി താത്പര്യമില്ലാത്ത തടവുകാരുടെ ആനുകൂല്യങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും തടസപ്പെടുത്തുന്ന സാഹചര്യമുണ്ട്.
ജയില്‍ തടവിലിരിക്കെ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ അപ്പീല്‍ പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും ജയിലിനുള്ളിലെ രാഷ്ട്രീയതടവുകാരുടെ സ്വാധീനത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ജയിലിനുള്ളില്‍ പക്ഷഭേദമില്ലാതെ തടവുകാരുടെ അച്ചടക്കം ഉറപ്പാക്കണമെന്നും കോടതി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി ഉത്തരവിറക്കിയത്.