കോഴിക്കോട്: നഗരത്തിൽ കെട്ടിട നികുതി പുതുക്കി നിശ്ചയിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. വസ്തു നികുതി കുറഞ്ഞതും കൂടിയതുമായ നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ തീരുമാനം. സർക്കാർ വിജ്ഞാപന പ്രകാരം ധനകാര്യ സ്ഥിരം സമിതി നിർദ്ദേശിച്ച നികുതിയാണ് കൗൺസിൽ അംഗീകരിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള മാളുകൾക്കുള്ള നികുതി നേരത്തെ പുതുക്കി നിശ്ചയിച്ച 160 ൽ നിന്ന് 170 ആയി ഉയർത്താനും തീരുമാനിച്ചു. 300 ചതുരശ്ര മീറ്ററുള്ള വീടുകൾക്ക് (ഹോംസ്റ്റേ അടക്കം) 30 രൂപയായും 300 ചതുരശ്രമീറ്ററിന് മുകളിലുള്ളവക്ക് 22 രൂപയാക്കിയുമാണ് നിശചയിച്ചത്. പൊതുജനങ്ങളിൽ നിന്നുള്ള ആക്ഷേപങ്ങളും പരാതിയും പരിഗണിച്ച ശേഷമേ അന്തിമ നികുതി നിശചയിക്കുള്ളൂവെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
സ്വകാര്യഹോസ്റ്റലിന് നിലവിലുള്ള 60 രൂപ 75 രൂപയായും റിസോർട്ടിന് 90 രൂപ 100 ആയും ലോഡ്ജ്, ഹോട്ടൽ എന്നിവക്ക് (300 ച.മീ. വരെ) 60 രൂപയുള്ളത് 75 ആയും 300 ച.മീ. മുകളിലുള്ളവക്ക് 80 വരെയായു കൂട്ടി.
വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ 16 രൂപയുള്ളത് 20 ആയും ആശുപത്രിക്ക് 20, 35 ആയും
അമ്യൂസ്മെന്റ് പാർക്കിന് 60 രൂപയായും മൊബൈൽടവറിന് 500 രൂപ 800 ആയും
ടെലികമ്യൂണിക്കേഷന്‍ പോളിന് 700 രൂപയായും വാണിജ്യകെട്ടിടം(100 ച.മീ. വരെ) 90 ഉള്ളത് 100വരെയും
സര്‍ക്കാര്‍ ഓഫീസ് കെട്ടിടത്തിന് 75 രൂപയായും മറ്റ് ഓഫീസുകൾക്ക് 75, 90 ആയും ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ക്കുളം എന്നിവക്ക് 60 ആയും ആയുർവേദ ചികിത്സാകേന്ദ്രത്തിന് 200 രൂപയായുമാണ് നിശ്ചയിച്ചത്.
ഏറെക്കാലമായി പണിതീർത്തശേഷം വെറുതെ കിടക്കുന്ന റെയിൽവേസറ്റേഷന്‍ സമീപത്തെ ഷീ ലോഡ്ജ്, മാങ്കാവിലെ വനിതാ ഹോസ്റ്റൽ എന്നിവക്ക് നടത്തിപ്പുകാരെ നിശ്ചയിക്കാൻ കൗൺസിൽ തീരുമാനിച്ചു.
മിഠായിതെരുവിൽ മേലേ പാളയത്തിനും മൊയ്തീൻ പള്ളി റോഡിനുമിടയിലുള്ള ചെറിയ ഭാഗത്ത് വാഹനങ്ങൾക്ക് പ്രവേശനമനുവദിച്ചാൽ ഗതാഗതക്കുരുക്കൊഴിവാകുമെന്ന് എസ്.കെ.അബൂബക്കർ ശ്രദ്ധക്ഷണിച്ചു. ഇക്കാര്യം ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ കൗൺസിൽ തീരുമാനിച്ചു. കോർപറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സിയിൽ നിന്ന് തിരിച്ചെടുക്കാൻ തീരുമാനിച്ചെങ്കിലും കരാർ കാലാവധി കഴിഞ്ഞ് അവർ തന്നെ കൈവശം വക്കുന്ന കാര്യത്തിൽ കെ. മൊയ്തീൻ കോയ ശ്രദ്ധ ക്ഷണിച്ചു. എന്നാൽ വ്യവസ്ഥകൾ അനുവദിച്ചാൽ കരാർ തുടരാമെന്നായിരുന്നു കോർപറേഷൻ തീരുമാനിച്ചതെന്നും നിലവിൽ മത്സരങ്ങൾ സംഘടിക്കുന്നത് ഫുട്ബാൾ അസോസിയേഷനാണെന്നും ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ടി.മുരളീധരൻ, കെ.റംലത്ത്, എൻ.ശിവപ്രസാദ്, കെ.സിശോഭിത തുടങ്ങിയവരും വിവിധ വിഷയങ്ങൾ ഉന്നയിച്ചു.
കോർപറേഷൻ കെട്ടിടങ്ങൾ വാടകക്ക് എടുക്കുന്നവർ അവ മേൽ വാടകക്ക് കൊടുക്കുന്നത് തടയാൻ നടപടിയുണ്ടാവുമെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കെ.ടി.സുഷാജാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. . മേൽ വാടകക്ക് കൊടുത്താൽ തന്നെ അത് നഗരസഭയുടെ മേൽ നോട്ടത്തിലാക്കാനുള്ള സ്കീം കൊണ്ടു വരുമെന്നും ഡെ.മേയർ പറഞ്ഞു. വികസന ഫണ്ട് സർക്കാറിൽ നിന്ന് ലഭ്യമാവുന്നില്ലെന്ന് കാണിച്ചുള്ള ലീഗിലെ കെ. മൊയ്തീൻകോയയുടെയും കല്ലുത്താൻ കടവ് പ്ലാന്റിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള ബി.ജെ.പിയിലെ ടി.റനീഷിന്റെയും അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടിമേയർ അനുമതി നിഷേധിച്ചു.