KERALAlocaltop news

മിഠായി പദ്ധതിയിൽ കോടികൾ നഷ്ടപ്പെടുത്തിയെന്ന പരാതി അന്വേഷിക്കണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : ജുവനൈൽ പ്രമേഹ (ടൈപ്പ് വൺ ഡയബറ്റീസ്) ബാധിതരായ കുട്ടികൾക്ക് വേണ്ടി സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന മിഠായി പദ്ധതിയിൽ 10.54 കോടി രൂപ ചെലവഴിച്ചില്ലെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ആയിരകണക്കിന് കുട്ടികൾ ഇൻസുലിൻ പമ്പ്, സി.ജി.എം. പോലുള്ള ചികിത്സാ ഉപകരണങ്ങൾ ലഭിക്കാതെ ദുരിതം അനുഭവിക്കുമ്പോഴാണ് അനുവദിച്ച തുക പോലും വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതെന്നാണ് പരാതി.

2017 -2018 സാമ്പത്തിക വർഷം മുതൽ 2023 -24 സാമ്പത്തിക വർഷം വരെ പദ്ധതിക്കായി വകയിരുത്തിയത് 24 കോടി രൂപയാണ്. 2024 ജനുവരി 25 വരെ ചെലവിട്ടത് 13.45 കോടി മാത്രമാണെന്നാണ് റിപ്പോർട്ട്. അനുവദിച്ച തുകയുടെ 56 ശതമാനം മാത്രമാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാകുന്നതിലുണ്ടാവുന്ന കാലതാമസവും ടെണ്ടർ നടപടികളിലെ താമസവുമാണ് ഫണ്ട് വിനിയോഗം കുറയാൻ കാരണമെന്ന് പറയുന്നു. ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സൗജന്യമായി നൽകാനാണ് പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയിൽ 2226 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധിതർ കൂടുതലുള്ളത്. കടുത്ത ഗ്ലൂക്കോസ് വ്യതിയാനമുള്ള പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഇൻസുലിൻ പമ്പ് ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. മാർച്ചിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

27/02/2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close