KERALAlocaltop news

മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് : വിദേശ മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റെപ്പന്റ് പരിഗണനയിലില്ലെന്ന് സർക്കാർ

 

കോഴിക്കോട് : വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടി സംസ്ഥാനത്തെ ആശുപത്രികളിൽ ഇന്റേൺഷിപ്പിനെത്തുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ആരോഗ്യവകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന സാഹചര്യം കണക്കിലെടുത്താണ് സ്റ്റൈപ്പന്റ് അനുവദിക്കാൻ കഴിയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടുന്നവർക്ക് ഇന്റേൺഷിപ്പ് സ്റ്റൈപ്പന്റ് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട നടപടി റിപ്പോർട്ടിലാണ് സർക്കാർ വിശദീകരണം സമർപ്പിച്ചത്.2022 മാർച്ച് 4 ന് വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് സ്റ്റൈപന്റ് അനുവദിക്കാൻ ദേശിയ മെഡിക്കൽ കമ്മീഷൻ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ രണ്ട് വർഷത്തെ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് രണ്ടാമത്തെ വർഷം മാത്രം സ്റ്റൈപ്പന്റ് അനുവദിച്ചാൽ മതിയെന്നും തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയതായി സർക്കാർ അറിയിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നും എം.ബി.ബി എസ് നേടി ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് 26,000 രൂപ സ്റ്റൈപ്പന്റ് നൽകുന്നുണ്ട്. നിലവിൽ 300 ലധികം വിദേശ സർവകലാശാലാ ബിരുദധാരികൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രികളിലും ഇവർ ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ട്. ഓരോ വർഷവും ഇന്റേൺഷിപ്പിനായി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. വിദേശ മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും സർക്കാർ ഇന്റേൺഷിപ്പ് ഫീസ് ഈടാക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close