KERALAlocaltop news

കോഴിക്കോട് മെഡി. കോളജിലെമരുന്ന് ക്ഷാമത്തില്‍ പരിഹാരം; എംകെ രാഘവന്‍ എംപിയുടെ ഏകദിന ഉപവാസ സമരത്തിന്റെ വിജയം

 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമത്തില്‍ പരിഹാരമാവശ്യപ്പെട്ട് നടത്തിയ ഏകദിന ഉപവാസ സമരം വിജയം കണ്ടതില്‍ സന്തോഷിക്കുന്നതായി എംകെ രാഘവന്‍ എംപി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷമാവുകയും ഡയാലിസിസടക്കം പ്രതിന്ധിയില്‍ ആവുകയും ചെയ്തതോടയാണ് പ്രതിഷേധവുമായി എംകെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ കോളേജിന് മുന്നില്‍ കാലത്ത് 10 മണി മുതല്‍ ഏകദിന ഉപവാസ സമരം നടത്തിയത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെയും രേഖാമൂലമുള്ള ഉറപ്പില്‍ മരുന്ന് വിതരണക്കാരുടെ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യാന്‍ തീരുമാനമാനമെടുത്തതായി എംകെ രാഘവന്‍ എംപി പറഞ്ഞു. ഉപവാസ സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എംഎ റസാഖ് മാസ്റ്റര്‍ എംപിക്ക് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചെത്തിയ കോഴിക്കോടിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ എല്ലാവര്‍ക്കം എംപി നന്ദി പറഞ്ഞു.

മരുന്നു ക്ഷാമം രൂക്ഷമായതോടെ മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ രോഗികള്‍ അടക്കം മലബാറിലെ ആറ് ജില്ലകളിലും നിന്നുമുള്ള ആളുകള്‍ ദുരിതമനുഭവിക്കുന്നത് നിരന്തരം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടും അനങ്ങാപ്പാറ നയമാണ് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും കാണിച്ചതെന്ന് എംപി കുറ്റപ്പെടുത്തി. ഇന്ന് യുഡിഎഫ് കമ്മിറ്റിയുടെ കീഴില്‍ ഇങ്ങനെയൊരു സമരത്തിന് ഇറങ്ങിയിരുന്നില്ലെല്‍ പ്രശ്‌നത്തില്‍ ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ രംഗത്ത് വരില്ലായിരുന്നെന്നും എംപി വിമര്‍ശിച്ചു. ഉപവാസ സമരം പ്രഖ്യാപിച്ച ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വന്ന ബന്ധപ്പെട്ടവരോട് നന്ദിയുണ്ടെന്നും എംപി പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളേജ് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാതെ അനിശ്ചിതമായി നീട്ടി കൊണ്ടു പോകുന്ന ആരോഗ്യവകുപ്പില്‍ നടപടില്‍ എംപി പ്രതിഷേധം അറിയിച്ചു. നേരത്തെ അടച്ചുപൂട്ടിയ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തിരികെ പുനഃസ്ഥാപിക്കാന്‍ എം.പി എന്ന നിലയില്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൗണ്ടര്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ അനുമതി നല്‍കുന്നില്ലെന്ന് എംപി പറഞ്ഞു. പ്രവര്‍ത്തന സജ്ജമായി മാസങ്ങള്‍ കഴിഞിട്ടും അത് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാതെ നിരവധി തവണ ബന്ധപ്പെട്ടപ്പോഴും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുന്ന അനുഭവമാണ് ആരോഗ്യവകുപ്പില്‍ നിന്ന് ജനപ്രതിനിധി എന്ന നിലയില്‍ നേരിട്ടതെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. ഈ രാഷ്ട്രീയ കളി രോഗികളോടും സാധുജനങ്ങളോടുമുള്ള ആരോഗ്യ വകുപ്പിന്റെ വെല്ലുവിളിയാണെന്നും എംപി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ നിലപാട് മൂലം ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ കണ്‍സെഷന്‍ കിട്ടാതെയും, ടിക്കറ്റെടുക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടതുമായ അവസ്ഥയിലാണ്. ജനങ്ങളോടും രോഗികളോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ അവഗണനക്കെതിരെ തന്റെ പോരാട്ടം തുടരുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

സമാപന സമ്മളനത്തില്‍ കെ ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. എംഎ അബ്ദു റസാഖ്, സിഎന്‍ വിജയകൃഷ്ണന്‍, അഡ്വ പിഎം നിയാസ്, കെസി അബു, എന്‍കെ അബ്ദു റഹിമാന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, ടിപിഎം ജിംഷാര്‍, ആഷിക്ക് ചെലവൂര്‍, കെഎം അഭിജിത്ത്, അഷ്‌റഫ് മണക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് മരുന്ന് വിതരണക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെയും രേഖാമൂലമുള്ള ഉറപ്പില്‍ 2023- ഡിസംബര്‍ 31 വരെയുള്ള കുടിശികയുടെ ഒരു ഭാഗം 22-03-2024 ന് നല്‍കുവാനും ബാക്കി തുക 2024 മാര്‍ച്ച് 31-ന് അകവും നല്‍കുവാനുമാണ് തീരുമാനിച്ചത്. മുന്‍പോട്ടുള്ള മരുന്നു വിതരണത്തിന് തടസ്സം നേരിട്ടുകാണെങ്കില്‍ പ്രശ്‌ന പരിഹാരം ഉണ്ടനുണ്ടാകുമെന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close