KERALALOKSABHA 2024
എല്‍ഡിഎഫ് വോട്ട് മറിക്കും; മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്; വിമര്‍ശനവുമായി കെ മുരളീധരന്‍
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിപിഎം-ബിജെപി ബാന്ധവമുണ്ടെന്നും, എന്നാല്‍ ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഇരുപതില്‍ ഇരുപത് സീറ്റുകളും നേടുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ കുറ്റം പറയുകയാണ്. മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബിജെപിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായും മുരളീധരന്‍ ആരോപിച്ചു. എല്ലാ മണ്ഡലങ്ങളിലും സിപിഎം-ബിജെപി ഡീല്‍ സജീവമാണ്. ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ്. ജയിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.