അഗര്‍ത്തല: ത്രിപുരയില്‍ അഞ്ചാംക്ലാസുകാരിയായ കുട്ടിയെ സ്കൂളില്‍ നിന്നും മടങ്ങിവരുന്നതിനിടെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി.നോര്‍ത്ത് ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സൗത്ത് ത്രിപുരിയില്നിന്ന് പുറത്തുവരുന്നത്.
സ്കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്താതിനെ തുടര്‍ന്ന് കുടുംബം വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ചയോടെ വീടിന് തൊട്ടടുത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
22 വയസ് പ്രായമുള്ള ഒരാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചശേഷം ഇയാള്‍ കുട്ടിയെ വീടിനടുത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഇതേ പ്രദേശത്തുള്ളയാളാണെന്ന് വ്യക്തമായിട്ടുണ്ട്.കേസില്‍ എഫ്.ഐ.ആര്. രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.