KERALAlocalOtherstop newsVIRAL

പാലാട്ടുതാഴം ഇംഗ്ഷനിൽ ക്രോസിങ്ങ് ഇല്ല : വൻ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ

* നാട്ടുകാരുടേത് ന്യായമായ ആവശ്യം, ഇടപ്പെടും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് :   നാലുവരി പാതയായി യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന വയനാട് ദേശീയ പാതയിലെ മാനാഞ്ചിറ – മലാപ്പറമ്പ് റീച്ചിൽ സിവിൽ സ്റ്റേഷനടുത്ത പാലാട്ടുതാഴത്ത് ക്രോസിങ് ഇല്ലാത്തതിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് . എരഞ്ഞിപ്പാലം ജംഗ്ഷനും സിവിൽ സ്റ്റേഷനുമിടയിൽ – സരോവരം പാർക്ക്, ബൺ ക്ലബ് എന്നിവക്ക് മുന്നിലാണ് റോഡ് ക്രോസ് ചെയ്യാനുള്ള കട്ടിംഗ് അനുവദിച്ചത്. എന്നാൽ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പാലാട്ടുതാഴം കോട്ടുളി ഭാഗത്തേക്ക് കടക്കാൻ കട്ടിംഗ് അനുവദിച്ചിട്ടില്ല. നഗരത്തിൽ നിന്ന് വരുന്നവർ എരഞ്ഞിപ്പാലം ജംഗ്ഷൻ കഴിഞ്ഞ് ഒരു കി.മി ലധികം യാത്ര ചെയ്ത് സിവിൽ സ്റ്റേഷന് മുന്നിലെ ക്രോസിങ്ങിലൂടെ തിരിഞ്ഞുവേണം പാലാട്ടുതാഴം റോഡിലേക്ക് പ്രവേശിക്കാൻ. എന്നാൽ ഇടറോഡുകളില്ലാത്ത ബൺ ക്ലബിന് മുന്നിൽ ക്രോസിങ്ങ് ഏർപ്പെടുത്തുന്നത് വ്യാപാരികളെ സഹായിക്കാനാണെന്ന് പറയുന്നു. പാലാട്ടുതാഴം ജംഗ്ഷനിൽ ഇരുഭാഗത്തേക്കും ഇടറോഡുകൾ ഉള്ളതിനാൽ ഇവിടെ ക്രോസിങ്ങ് നിർമ്മിക്കണമെന്ന് റസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. കോട്ടുളി നിവാസി കൂടിയായ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർക്കു നാട്ടുകാർ പരാതി നൽകി. സരോവരം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നെ സിവിൽ സ്റ്റേഷനു മുന്നിൽ മാത്രമെ ക്രോസിങ്ങ് സ്ഥാപിക്കൂവെന്നാണ് ദേശീയപാത അതോററ്റി എം എൽ എയോടു പറഞ്ഞിരിക്കുന്നത്. എങ്കിൽ റോഡ് തടയൽ അടക്കം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രശ്നത്തിൽ ശക്തമായി ഇടപെട്ട് പ്രദേശവാസികളുടെ ആശങ്ക അകറ്റുമെന്നും അവരുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ” ഇ- ന്യൂസ് മലയാള ” ത്തോടു പറഞ്ഞു. പാലാട്ട് താഴത്ത് ക്രോസിങ്ങ് അനുവദിക്കാൻ ദേശീയപാത അതോററ്റിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close