crimeKERALAlocalNationalOtherstop newsVIRAL

ഇഷ്‌ട സീറ്റിന് ലക്ഷങ്ങൾ കോഴ, വിലപേശൽ തുടരുന്നു : നാഥനില്ലാതെ ആർ ടി -ജോയിൻ്റ് ആർ ടി ഓഫീസുകൾ

ബാബു ചെറിയാൻ-                                                                  കോഴിക്കോട് : ഇഷ്‌ട ഓഫീസ് സംബന്ധിച്ച “കച്ചവടം ” ഉറപ്പിക്കാത്തതിനാൽ നാഥനില്ലാതെ സംസ്ഥാനത്തെ ഡസനോളം ആർടി ഓഫീസുകൾ. എ എം വി ഐ മുതൽ മുകളിലേക്കുള്ള പ്രമോഷനും ഇതോടനുബന്ധിച്ചു ആവശ്യപ്പെടുന്ന കസേരയും സംബന്ധിച്ച രാഷ്ട്രീയ വിലപേശൽ നീണ്ടുപോകുന്നതാണ് കോഴിക്കോട്, വടകര, ആലപ്പുഴ, ഇടുക്കിയടക്കം തിരക്കേറിയ ആർടി ഓഫീസുകളിൽ ആർടിഒ മാരെ നിയമിക്കാത്തതിന് കാരണം. വരുമാനം കൂടുതലുള്ള ആർടി ഓഫീസുകൾ ലഭിക്കാൻ ഇടനിലക്കാർ മുഖേന ലക്ഷങ്ങളുടെ വിലപേശൽ നടക്കുന്നതായാണ് വിവരം. സർക്കാരുകൾ മാറുമെങ്കിലും ഉദ്യോഗസ്ഥ- രാഷ്ട്രീയ തല ദല്ലാളന്മാർക്ക് ഒരു മാറ്റവുമില്ല. ഇവരാണ് ഇപ്പോഴും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിൽ നിന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ( എംവിഐ) തസ്തികയിലേക്കും , അവിടെ നിന്ന് ജോയിൻ്റ് ആർടിഒയിലേക്കും അവിടെ നിന്ന് ആർടിഒ തസ്തികയിലേക്കും , തുടർന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ തുടങ്ങി ഉയർന്ന തസ്തികകളിലേക്കുമുള്ള പ്രമോഷൻ നടപടി നീണ്ടുപോകുകയാണ്. പ്രമോഷൻ ലഭിക്കുന്നവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട കസേര ലഭിക്കാനുള്ള ശ്രമത്തിലുമാണ്. അതിർത്തി ചെക്പോസ്റ്റുകൾ, ഉപഭോക്താക്കൾ കൂടുതലുള്ള ആർടി ഓഫീസുകൾ തുടങ്ങി വരുമാനം കൂടുതലുള്ള സ്ഥലങ്ങളിൽ കസേര ഉറപ്പിക്കാനാണ് വിലപേശൽ. കാലങ്ങളായി തുടരുന്ന ഈ സംവിധാനം നിർത്തലാക്കാൻ ഇതുവരെ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. സേവനങ്ങൾക്ക് വാരിക്കോരി പ്രതിഫലം നൽകുന്ന മലപ്പുറം, കാസർക്കോട് ജില്ലകൾക്ക് വൻ പിടിവലിയാണ്. ഗൾഫ് സ്വാധീനമുള്ള ഇവിടങ്ങളിൽ പണത്തിന് പുറമെ മറ്റ് സമ്മാനങ്ങൾ ലഭിക്കുമെന്നതാണ് കാരണം. മിക്ക ആർടി, ജോയിൻ്റ് ആർടി ഓഫീസുകളിലും ചിലർ വർഷങ്ങളായി തുടരുകയാണ്. ഭരണം മാറി വരുമ്പോൾ അതാത് ഭരണകക്ഷിയിലെ ലോക്കൽ നേതാക്കൾ മുഖേനയാണ് ഇവർ വർഷങ്ങളായി ഓരേ ഓഫീസിൽ പിടിച്ചു നിൽക്കുന്നത്. വകുപ്പുമന്ത്രി വിചാരിച്ചാൽ പോലും ഈ അവസ്ഥക്ക് മാറ്റമുണ്ടാകുന്നില്ല. സംസ്ഥാനത്ത് 10 ആർടിഒയുടെയും 8 ജോയിൻ്റ് ആർടിഒയുടെയും കസേരകൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. പലയിടത്തും എൻഫോഴ്‌സ്മെൻ്റ് ആർടിഒമാരും ഇല്ല.      കോഴിക്കോട് ഓഫീസിൽ ഒരേയൊരു ജോയിൻ്റ് ആർടിഒ ആണ് കാര്യങ്ങൾ നടത്തി കൊടുക്കുന്നത്. അഴിമതി രഹിതനായ അദ്ദേഹം രാപ്പകൽ ജോലി ചെയ്താണ് ഓഫീസ് പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാൽ ജില്ലയിലെ തന്നെ ചില ജോയിൻ്റ് ആർടി ഓഫീസുകളിൽ അഴിമതി കൊടികുത്തി വാഴുകയാണ്. വൻ അധിക വരുമാനമുള്ള ഇവിടെത്തന്നെ നിലനിൽക്കാൻ ചിലർ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close