കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവത്തെ മുന്‍നിര്‍ത്തി സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തതായി കമ്മീഷന്‍ അംഗം വ്യക്തമാക്കി.
കുതിവട്ടം മാനസികാരോഗ്യകേന്ദ്രത്തിലുണ്ടായ സംഭവം ഗൗരവകരമായ ഒന്നാണെന്നും, ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.
വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം 15 ദിവസത്തിനകം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 22ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അധികൃതരില്‍ നിന്നും അന്തേവാസികളില്‍ നിന്നും കമ്മീഷന്‍ അംഗം വിവരങ്ങള്‍ ശേഖരിച്ചു. കൊലപാതകം തടയുന്നതില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചെന്ന പരാതിയും കമ്മീഷന്‍ പരിശോധിക്കും.
വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹതടവുകാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. മരണ കാരണം കഴുത്ത് ഞെരിച്ചതും ശ്വാസം മുട്ടിച്ചതുമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സഹതടവുകാരി ബംഗാള്‍ സ്വദേശിയായ തസ്‌നി ബീവിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.