
കോഴിക്കോട് : സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ച് മാനാഞ്ചിറക്ക് എതിർവശം പട്ടാള പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വി ഐ പി തട്ടുകടകൾ സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് നഗരസഭ എടുത്തു മാറ്റിച്ചു. ഇതുവരെ പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ഫുട്പാത്തിലായിരുന്ന തട്ടുകട പൊതു സ്ഥലമായ കിഡ്സൺ കോർണർ സമുച്ചയം പൊളിച്ച ഭാഗത്തേക്ക് മാറ്റാൻ അനുമതി നൽകി നഗരസഭ നികുതിദായകാരെ വീണ്ടും വിഢികളാക്കി. തെരുവുകച്ചവടക്കാരുടെ സിഐടിയു സംഘടനാ നേതാവായ വനിതയ്ക്കാണ് നഗരസഭ സെക്രട്ടറിയുടെയടക്കം പൂർണ അറിവോടെ കിഡ്സൺ കോർണറിലെ പൊതുസ്ഥലം സൗജന്യമായി പതിച്ചു നൽകിയത്. ഈ വനിതയുടെ ഉടമസ്ഥതയിൽ എട്ടോളം പെട്ടിക്കടകൾ മാനാഞ്ചിറ പരിസരത്തെ ഫുട്പാത്തിൽ പ്രവർത്തിക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിരുന്നിട്ടും അവർക്ക് പരിപൂർണ പിന്തുണ നൽകാനായിരുന്നു നഗരസഭ അധികൃതർക്ക് താത്പര്യം. ഇതിനെതിര യുഡി എഫ് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഫുട്പാത്തിലെ കച്ചവടം ശാശ്വതമായി നീക്കം ചെയ്യാതെ തൊട്ടടുത്ത പൊതുസ്ഥലത്തേക്ക് മാറ്റാൻ ഒത്താശ ചെയ്ത നഗരസഭയുടെ നടപടി മനുഷ്യാവകാശ കമീഷനെ വെല്ലുവിളിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോർപറേഷൻ പാർക്കിങ് പ്ലാസ നിർമാണത്തിനായി കണ്ടെത്തിയ കിഡ്‌സൻ കോർണറിൽ തട്ടുകട പ്രവർത്തനം തുടങ്ങിയത് പ്രദേശത്തെ വ്യാപാരികളെ ഞെട്ടിച്ചിരിക്കയാണ്. പാ തയോരത്തും പട്ടാളപള്ളിക്കു സമീപവും പ്രവർത്തിച്ച തട്ടുകട ഉൾപ്പെടെയുള്ള തെരുവു കച്ചവടം അടിയന്തിരമായി ഒഴിപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. മാത്രമല്ല ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കു നിർദേ ശം നൽകിയിരുന്നു. നടപടി റിപ്പോർട്ട് 27 ന് നടക്കുന്ന കമ്മിഷൻ സിറ്റിങ്ങിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു.
മാനാഞ്ചിറ കിഡ്‌സൻ കോർണറിൽ കെട്ടിടം പൊളിച്ച സ്ഥലത്തു ഇരുചക്ര വാഹന പാർക്കിങ്ങാണ്. ഇതിനു നടുവി ലാണ് ലഘു ഭക്ഷണ വിതരണവുമായി ഇന്നലെ തട്ടുകട ആരംഭിച്ചത്. നേരത്തെ ഈ ഒഴിഞ്ഞ സ്‌ഥലം പഴയ കെട്ടിടത്തിൽ നിന്നു ഒഴിപ്പി ച്ച 12 വ്യാപാരികളിൽ ചിലർ വാടക നൽകി താൽക്കാലിക വ്യാപാരത്തിനു കോർപറേഷനെ സമീപിച്ചെങ്കിലും അനുമതി ലഭി ച്ചിരുന്നില്ലെന്നു വ്യാപാരികൾ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനെ ഭയന്നാണു ഇപ്പോൾ നടപടി എടുക്കാൻ തയാറായത്. ഇതേ തൊഴിലാളി സംഘടനാ നേതാവ് ആവശ്യപെട്ടാൽ പെട്ടിക്കടയ്ക്കായി മാനാഞ്ചിറ മൈതാനം പോലും നഗരസഭാ സെക്രട്ടറി വിട്ടുകൊടുക്കുന്ന അവസ്ഥയാണെന്നും മനുഷ്യാവകാശ കമിഷനും നിയമ സംവിധാനവും ഈ തീവെട്ടിക്കൊള്ളക്കെതിരെ ശക്തമായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണെന്നും പ്രതിപക്ഷ കൗൺസിൽ പാർട്ടി നേതാക്കൾ വ്യക്തമാക്കി.