
കോഴിക്കോട്: ഒന്നര പകലുകൾ നീണ്ട വിശദമായ ചർച്ചകൾക്കും വാക്പയറ്റിനുമൊടുവിൽ മൂന്ന് ഭേദഗതികളോടെ കോഴിക്കോട് നഗരസഭയുടെ 2026- 27 വർഷത്തെ ബജറ്റിന് അംഗീകാരം. മേയർ ഒ. സദാശിവൻ്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നടപ്പ് കൗൺസിലിൻ്റെ ആദ്യ ബജറ്റിന് അംഗീകാരമായത്. ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ശനിയാഴ്ച്ച രാവിലെ ബജറ്റ് അവതരിപ്പിച്ചതിന് ശേഷം അന്ന് വൈകുന്നേരം വരെയും തിങ്കളാഴ്ച്ചയുമായി നടത്തിയ ചർച്ചയിൽ കൗൺസിലിലെ 76 അംഗങ്ങളും പങ്കെടുത്തു. നടപ്പുവർഷത്തെ 38കോടിയുടെ നീക്കിയിരിപ് ഉൾപ്പെടെ 2026- 27 വർഷത്തിൽ 1221 കോടിയുടെ വരവും, 1060 കോടിയുടെ ചെലവും, 161 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ് . ഇതിൽ 560 കോടി സാധാരണ വരവ് ഇനത്തിലും 623 കോടി മൂലധന വരവുമാണ്. സാധാരണ ചെലവിനത്തിൽ 659 കോടിയും, മൂലധന ചെലവിനത്തിൽ 401 കോടിയും ഉൾപ്പെടെയാണ് മൊത്തം ചെലവിനത്തിൽ ഉൾപ്പെടുന്ന 1060 കോടി രുപ . മൊത്തം വരുമാനമായി കാണിച്ച 1221 കോടി രൂപയ്ക്ക് പുറമെ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട വാർഷിക പദ്ധതി വിഹിത വരവിനത്തിൽ 197 കോടി രൂപയും കേന്ദ്ര പദ്ധതി വിഹിതമായി ലഭിക്കേണ്ട തുകയും ബജറ്റിൽ ഉൾപ്പെടും. സംസ്ഥാന സർക്കാർ വിഹിതമായ 197 കോടി രൂപയും കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയും മുഴുവനായി അതാത് പദ്ധതികൾക്ക് ചെലവഴിക്കുമെന്നതിനാലാണ് ഈ തുക നഗരസഭാ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത്. സംസ്ഥാന സർക്കാർ വിഹിതമായ 197 കോടിയിൽ സാധാരണ വിഹിതം, പ്രത്യേക ഘടക പദ്ധതി, പട്ടികവർഗ ഉപപദ്ധതി, റോഡ് -റോഡി തര മെയിൻ്റനൻസ് ഗ്രാൻ്റ് എന്നിവ ഉൾപ്പെടും. ഈ തുകയത്രയും അതാത് പദ്ധതികൾക്ക് ചെലവഴിക്കും. ഭേദഗതികൾ — കോർപറേഷനിലെ 76 വാർഡിനും 10 ലക്ഷം രൂപ അധികമായി അനുവദിക്കും. ഇതിന് പുറമേ ഭിന്നശേഷിയുള്ള കുട്ടികൾക്കായി നഗരത്തിൽ താമസസ്ഥലം ഒരുക്കാനും തീരുമാനിച്ചു. കുട്ടികളെ രണ്ടോ അധിലധികമോ ദിവസം താമസിപ്പിക്കും വിധത്തിലുള്ള സൗകര്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ നഗരത്തിൽ താമസിക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട് സർവേ നടത്താനും ബജറ്റ് ചർച്ചയിൽ ആവശ്യമുയർന്നു. എത്ര പ്രവാസികളാണുള്ളതെന്നും തിരിച്ചെത്തിയവർ ആരെല്ലാമാണെന്നതുമുൾപ്പെടെ സമഗ്രമായ വിവരശേഖരണം നടത്തുകയും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കോർപറേഷൻ്റെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യും. ഇതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിരുന്നു. സമീപകാലത്തുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് ബജറ്റ് അവതരിപ്പിക്കവെ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ വ്യക്തമാക്കിയിരുന്നു. നടപ്പ് വർഷത്തിൽ തന്നെ എൻജിനിയറിങ് ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. തുടർന്ന് ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി പൊളിച്ചു മാറ്റേണ്ടവ പൊളിച്ചു മാറ്റുകയും നവീകരിക്കേണ്ടവ നവീകരിക്കുകയും ചെയ്യും. ബജറ്റ് ഹൈലൈറ്റ് സുകൾ – ഭരണം വേഗത്തിലാക്കാൻ കെ സ്മാർട്ട് വിപുലീകരണം, മുഴുവൻ വകുപ്പുകളിലും ഡിജിറ്റൈലൈസേഷൻ, വെബ്സൈറ്റ് അപ്ഡേഷൻ, ജിഐഎസ് മാപ്പിംഗ്, ജനപ്രതികൾക്ക് ആയുഷ്ക്കാല ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നഗരാസൂത്രണ- പൈതൃക സംരക്ഷണം, കോർപ്പറേഷൻ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയും പുനർനിർമ്മാണവും, സിറ്റി ബ്യൂട്ടിഫിക്കേഷൻ, ടാഗോർ ഹാൾ പുനർനിർമ്മാണം, അരീക്കാട് ഷോപ്പിങ് കോംപ്ലക്സ്, മോഡൽ ജംഗ്ഷനുകൾ, കെ എസ് ആർ ടി സി മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.6 കി. മി ഭാഗം ജെൻഡർ സ്ട്രീറ്റാക്കൽ, വിവിധ സ്ഥലങ്ങളിൽ ഓപ്പൺ ജിം , കലാകാരന്മാർക്കായി ആർട്ടിസ്റ്റ് റിസോഴ്സ് ഡയരക്ടറി , നഗരത്തിലെ വിവിധയിടങ്ങളിൽ എസ്കലേറ്റർ, അനധികൃത പരസ്യനിയന്ത്രണം, മാനാഞ്ചിറയെ ഓക്സിജൻ പാർലറാക്കൽ, കുടിവെള്ളം കുറഞ്ഞ ചെലവിൽ നൽകാൻ വാട്ടർ എ ടി എമ്മുകൾ, ഒരു വാർഡിൽ – ഒരു കളിസ്ഥലം – ഒരു കുളം, സാഹിത്യ നഗരമാക്കൽ, സഞ്ചരിക്കുന്ന ലൈബ്രറി, ലോക ഭാഷകളുടെ മ്യൂസിയം, കുട്ടികളിലെ സാഹിത്യ വാസന പ്രോത്സാഹിപ്പിക്കൽ,കൗൺസിലർമാരുടെ സർഗശേഷി വർധിപ്പിക്കൽ, വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സംവിധാനം, ഡയാലസിസ് രോഗികൾക്ക് ധനസഹായം, വെസ്റ്റ് ഹിൽ സംയോജിത ആരോഗ്യ കേന്ദ്രം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ജീവിത ശൈലി രോഗ നിയന്ത്രണം! ലഹരിക്കെതിരെ ഹാൻഡ്സ് അപ് – HANDS UP- പദ്ധതി, അഴക് 2.0, ഞെളിയൻ പറമ്പിലെ പ്രശ്ന പരിഹാരം, ഹരിത കർമ്മസേനയുടെ ഉന്നമനത്തിനായി 90 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം, മഴക്കാലപൂർവ ശുചീകരണം, രാത്രികാല ശുചീകരണം, 18 ആധുനീക ടോയ്ലറ്റുകൾ, ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനത്തിന് പദ്ധതി, തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് മാതൃകയിൽ അഴക് പദ്ധതിയുടെ ഭാഗമായി സ്റ്റുഡൻ്റ് ഗ്രീൻ കേഡറ്റ് പദ്ധതി, ശ്മശാനങ്ങളുടെ നവീകരണം, അമൃത് പദ്ധതിയിൽ വാട്ടർ ടാങ്കറുകൾ വാങ്ങാൻ ഒരു കോടി രൂപ, റോഡുകളുടെ വികസനം – നവീകരണം, 90 ശതമാനത്തിലധികം വസ്തുനികുതി പിരിച്ചെടുക്കുന്ന വാർഡുകൾക്ക് തനത് ഫണ്ടിൽ നിന്ന് പ്രത്യേകമായി അഞ്ച് ലക്ഷം രൂപ വീതം, റോഡ് വളവുകളിൽ മിറർ സ്ഥാപിക്കൽ, 5000 എൽഇ ഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ,നെല്ലിക്കോട്, ബേപ്പൂർ മേഖലകളിലെ അതി ദരിദ്രർക്ക് 63 പാർപ്പിടം നിർമ്മിക്കാൻ 52 ലക്ഷം രൂപ, ലൈഫ് പദ്ധതിയിൽ 150 വീടുകൾ കൂടി നിർമ്മിക്കാൻ ആറ് കോടി, ഭൂരഹിത ഭവനരഹിത പദ്ധതിയിൽ 5.25 കോടി രൂപ,840 വീടുകളുടെ നവീകരണത്തിന് ഓരോ ലക്ഷം വീതം, വനിതാ ക്ഷേമം, കുടുംബശ്രീ, സ്ത്രീ സുരക്ഷാ പെൻഷൻ, മുതിർന്ന പൗരന്മാരുടെ സർഗശേഷി ഉപയോഗപ്പെടുത്താൻ ഓൾഡ് ഈസ് ഗോൾഡ് പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ് നവീകരണം, ട്രാൻസ് ജെൻഡർ ഷെൽട്ടർ, കാർബൺ മാപ്പിങ്ങ്, ഹരിത റസിഡൻസുകൾ, നായക്കുട്ടികളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റ് , മിനി മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 50 ലക്ഷം , കൃഷി മേഖലയിൽ പൂകൃഷി, തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ മുഴുവൻ വീട്ടുകളിലും പ്ലാവ് നടാൻ – ചക്ക ഗ്രാമം പദ്ധതി, തരിശു രഹിത നഗരം, തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
2025-2026 വർഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 375369651 രൂപ -നീക്കിയിരിപ്പുണ്ട്. ഈ മുന്നിരിപ്പ് അടിസ്ഥാനമാക്കിയാണ് 2026-27 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്.




