കോഴിക്കോട് :
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ഭരണസ്തംഭനമെന്നും ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നും കോർപ്പറേഷനിൽ ഉദ്യോഗസ്ഥർ കൂട്ട അവധിയാണെന്നുമുള്ള പത്രവാർത്തകളും യുഡിഎഫ് ആരോപണവും തികച്ചും ദുരുദ്ദേശത്തോടെയും തെറ്റിദ്ധാരണാ ജനകവും തെറ്റായ വാർത്തകളുമെന്ന് മേയർ’ .കോർപ്പറേഷനുകളിൽ മികച്ച നിലയിൽ സേവനങ്ങൾ നടത്തി മുന്നോട്ടു പോകുന്ന നഗരസഭയാണ് കോഴിക്കോട് കോർപ്പറേഷൻ.
കേരളത്തിലെ നഗരസഭകളിൽ കെസ്മാർട്ട് വഴി ഓൺലൈനായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നതിനാൽ കോർപ്പറേഷനിൽ ലഭ്യമായ അപേക്ഷകളുടെ എണ്ണവും അവയിൽ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണവും കൃത്യമായി കണക്കാക്കാൻ കഴിയുന്നതാണ്. കോഴിക്കോട് കോർപ്പറേഷനിൽ K SMART നിലവിൽ വന്നതിന് ശേഷം തുടങ്ങിയ 1,75, 594 ഫയലുകളിൽ 1,53,037 ഫയലുകൾ, അതായത് 87.15 ശതമാനം ഫയലുകൾ തീർപ്പാക്കിയിട്ടുള്ളതാണ്. ബാക്കിയുള്ള 22,558 ഫയലുകളാകട്ടെ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള ഫയലുകളാണ്. അതുകൊണ്ട് തന്നെ ഇവ കെട്ടിക്കിടക്കുന്ന ഫയലുകളായി കണക്കാക്കാൻ കഴിയില്ല.
കോർപ്പറേഷൻ സെക്രട്ടറിയുടെ ലോഗിനിൽ ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നത് തികച്ചും തെറ്റായ ആരോപണമാണ്. നിലവിൽ കോർപ്പറേഷൻ സെക്രട്ടറി അവധിയിലായതിനാൽ സെക്രട്ടറിയുടെയും അഡീഷണൽ സെക്രട്ടറിയുടെയും ഫയലുകൾ അഡീഷണൽ സെക്രട്ടറിയാണ് കൈകാര്യം ചെയ്യുന്നത്. ആയതിൽ ആകെ 502 ഫയലാണ് ഉള്ളത്. ടി ലോഗിനിൽ ഒരു ദിവസം 300 ലധികം ഫയലുകൾ വരാറുള്ളത് കൊണ്ട് തന്നെ പ്രസ്തുത ഫയലുകൾ പെൻഡിംഗ് ഫയലായി കണക്കാക്കുവാൻ കഴിയില്ല.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ടൌൺ പ്ലാനിംഗ് വിഭാഗത്തിൽ മൊത്തം പെർമിറ്റ് ഫയലുകൾ, ക്രമവത്ക്കരണ ഫയലുകൾ, ഒക്യുപൻസി ഫയലുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച ഫയലുകൾ, വിവിധ കോടതികളിൽ നിലവിലുള്ള കേസ് ഫയലുകൾ എന്നിങ്ങനെ ധാരാളം ഫയലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. പ്രസ്തുത ഫയലുകളെല്ലാം തന്നെ കെ സ്മാർട്ട് സോഫ്റ്റ് വെയർ വഴി ഓൺലൈനായിട്ടാണ് ചെയ്യുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള പെർമിറ്റ് ഫയലുകൾ ഒന്നും തന്നെ യാതൊരു നടപടിയും സ്വീകരിക്കാതെ 15 ദിവസത്തിൽ കൂടുതലായി പെന്റിംഗ് ഇല്ലെന്നും ലോഗിനിൽ കാണുന്ന ഫയലുകൾ നടപടി സ്വീകരിച്ചു വരുന്ന റണ്ണിംഗ് ഫയലുകളാണെന്നും പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഫീസ് അടക്കാൻ അറിയിപ്പ് നൽകിയത് , പരാതികളിൽ നോട്ടീസ് അയച്ചു മറുപടിക്ക് വേണ്ടി കാത്തിരിക്കുന്ന ഫയലുകൾ, സിആർസെഡ് ക്ലിയറൻസിന് അയച്ച ഫയലുകൾ, പിസിബി എൻഒസി-ക്ക് അയച്ച ഫയലുകൾ, ഫയർ എൻ ഒ സി –ക്ക് അയച്ച ഫയലുകൾ,കേസ് ഫയലുകളിൽ വിധി വരുന്നതിന് മുമ്പുള്ള ഫയലുകൾ തുടങ്ങിയ സ്റ്റേജുകളിലുള്ള ഇത്തരം ഫയലുകൾ പെന്റിംഗ് ഫയലുകളായി കണക്കാക്കാൻ കഴിയുകയില്ല. അവ യഥാക്രമം നടപടി സ്വീകരിച്ചു വരുന്ന റണ്ണിംഗ് ഫയലുകളാണ്.
ദൈനം ദിനം ലഭ്യമാവുന്ന അപേക്ഷകൾ അതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വേഗത്തിൽ സേവനങ്ങൾ നൽകി വരുന്നു. ജനന മരണ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷകൾ ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷിച്ചാൽ അന്നു തന്നെ സേവനം നൽകുന്ന നഗരസഭയാണ് കോഴിക്കോട്. ഇങ്ങനെ മികച്ച നിലയിൽ കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കി മുന്നോട്ട് പോകുന്ന കോർപ്പറേഷനെ ഇകഴ്ത്താനുള്ള വാർത്തയും പ്രചരണവുമാണ് ബോധപൂർവ്വം സൃഷ്ടിക്കുന്നത്. ഇത് സാധാരണ ജനങ്ങളിൽ അനാവശ്യമായ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. സേവനങ്ങളുടെ മികവാർന്ന പ്രവർത്തനങ്ങളും ഓഫീസിന്റെ ഫയൽ നടപടികളും എല്ലാം പരിശോധിച്ച് ഓഡിറ്റ് നടത്തി കേരളത്തിലെ ഇന്ന് നിലവിലുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഏക നഗരസഭയാണ് കോഴിക്കോട് എന്നിരിക്കെ മികച്ച നിലയിലേക്ക് കോഴിക്കോട് കോർപ്പറേഷന്റെ സേവന പ്രവർത്തനങ്ങൾ സർക്കാർ നിർദ്ദേശിച്ച സമയക്രമം അനുസരിച്ച് കൃത്യമായി നൽകുന്നതിനുള്ള വേഗതയാർന്ന പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജീവനക്കാർ കൂട്ട അവധിയിൽ, ഓഫീസിലാരുമില്ലെന്ന പ്രചരണം തികച്ചും ദുരുദ്ദേശവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. കോർപ്പറേഷൻ സെക്രട്ടറി മെഡിക്കൽ ലീവിൽ രണ്ടാഴ്ച അവധി പൂർത്തീകരിക്കുന്നതേയുള്ളൂ. 18 വരെയാണ് അവധി. സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല അഡീഷണൽ സെക്രട്ടറിക്ക് കൈമാറിയാണ് അവധിയിൽ പ്രവേശിച്ചിട്ടുള്ളത്. എന്നാൽ പത്രത്തിൽ വന്ന വാർത്തയും യുഡിഎഫ് ആരോപണവും ഒരു മാസമായി അവധി എന്നുള്ളതാണ്. 534 ജീവനക്കാരുള്ള കോഴിക്കോട് കോർപ്പറേഷന്റെ മെയിൻ ഓഫീസിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്നിപ്പോൾ വിവിധ കാരണങ്ങളാൽ അവധിയെടുത്തിട്ടുള്ളത്.
കെ സ്മാർട്ട് വഴി 87 ശതമാനം സർവ്വീസ് ഡെലിവെറി പൂർത്തീകരിച്ചിട്ടുള്ള കോഴിക്കോട് കോർപ്പറേഷനിലെ ബാക്കി ഫയലുകൾ പെന്റിംഗ് ഫയലുകൾ എന്ന് കാണാൻ കഴിയുകയില്ല. അവയെല്ലാം തന്നെ വിവിധ ഘട്ടങ്ങളിലൂടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഫയലുകളാണ്. ചില അപേക്ഷകളിൽ അപേക്ഷകൻ പണമടക്കാൻ കാലതാമസം വരുന്നതും അതുപോലെയുള്ള കാര്യങ്ങളിലുള്ള കാലതാമസം വന്നാലുണ്ടാകുന്നതും ഈ റണ്ണിംഗ് ഫയലുകളിൽ കാണാം. വേഗത്തിൽ സേവനങ്ങൾ നൽകുന്ന ഇക്കാലത്ത് ഭരണസംവിധാനമാകെ തകരാറിലാണ്, ജീവനക്കാരില്ല, അവധിയാണ്, ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം കോഴിക്കോട് കോർപ്പറേഷന്റെ ഭരണ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ളതാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ചേരാത്ത കോഴിക്കോട് കോർപ്പറേഷൻ കൌൺസിലിൽ പ്രതിപക്ഷം ബഹളമുണ്ടാക്കിയെന്ന് പ്രമുഖമായ ഒരു പത്രം വാർത്ത സൃഷ്ടിച്ചത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയുന്ന ജനങ്ങൾക്ക് ബോദ്ധ്യമുള്ള പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന യുഡിഎഫ്-ന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ചില പത്രവാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് അതിൽ നിന്നും തന്നെ വളരെയധികം വ്യക്തമാണ്.
കെ സ്മാർട്ട് സംവിധാനത്തിന് പുറമെ കോഴിക്കോട് കോർപ്പറേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ ഫ്രന്റ് ഓഫീസ് സംവിധാനം കുറെക്കൂടി ജനോപകാര പ്രദമായ രീതിയിൽ പ്രവർത്തിച്ചു വരികയാണ്. റിസപ്ഷൻ കൌണ്ടറിൽ സാധാരണക്കാർ തൊട്ട് നഗരത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകളുടെയും അപേക്ഷ സ്വീകരിക്കാനും അവർക്ക് വേണ്ട സേവനങ്ങൾ ചെയ്യാനും പ്രത്യേകം തന്നെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പൊതുജനങ്ങളെ സ്വീകരിച്ചു വരികയാണ്. പഴയ കാലത്തെ ഏതെങ്കിലും അപേക്ഷയിന്മേൽ പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ അത് സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് പരാതി പരിഹാര സെൽ പ്രത്യേകം തന്നെ കോഴിക്കോട് കോർപ്പറേഷനിൽ പ്രവർത്തിച്ചു വരികയാണ്. കേരളത്തിലെ മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജനസേവനത്തിനായി ഇത്തരത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടില്ല.
ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന വലിയൊരു ശതമാനം ജീവനക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും ഇകഴ്ത്തിക്കാണിക്കാനും അനവധി വികസന പ്രവർത്തനങ്ങൾ നടത്തി മുന്നോട്ടു പോകുന്ന കോഴിക്കോട് കോർപ്പറേഷന്റെ ഭരണനേട്ടങ്ങളെയും ദൈനം ദിന പ്രവർത്തനങ്ങളെയും കരിവാരിത്തേക്കുന്നതിനുമാണ് ഇത്തരത്തിൽ വാർത്തയായി യുഡിഎഫ്-ന്റെ ആക്ഷേപമായി പുറത്തു വന്നിരിക്കുന്നതെന്ന് വളരെയധികം വ്യക്തമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാർത്തയും ആരോപണവുമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.
കൃത്യമായ രേഖകളോടെ സമർപ്പിക്കപ്പെട്ട അപേക്ഷയിൽ അനാവശ്യ കാലതാമസമുണ്ടാക്കി, സേവനാവകാശ, പൌരാവകാശ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്ത, നടപടി സ്വീകരിക്കാത്ത ഏന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരാതി ബന്ധപ്പെട്ടവർക്ക് നൽകിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. അല്ലാതെ പുകമറ സൃഷ്ടിച്ച്, കോഴിക്കോട് നഗരസഭയുടെ മികവാർന്ന പ്രവർത്തനങ്ങളെയും ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളെയും മോശമാക്കിത്തീർക്കാനുള്ള യുഡിഎഫ്-ന്റെ ഇത്തരം ആരോപണങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു –
-ഡെപ്യൂട്ടി മേയർ മേയർ അറിയിച്ചു.