
കോഴിക്കോട് : 102 വർഷം പഴക്കമുള്ള കോഴിക്കോട് ലത്തീൻ രൂപതയെ അതിരുപതയായി ഉയർത്തി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചു. നിലവിലെ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലാണ് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് ‘. വത്തിക്കാനിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നു. കോഴിക്കോട്, കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലാവും. ഇതോടെ കേരളത്തിൽ കോഴിക്കോട്, വരാപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് അതിരുപതകളാണുണ്ടാവുക. കോഴിക്കോട് മലാപ്പറമ്പിലെ രൂപതാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രൂപതയിലെ മുഴുവൻ വൈദികർ, സന്യസ്തർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ബിഷപ്സ് ഹൗസിലെത്തി ഡോ. ചക്കാലയ്ക്കലിനെ അനുമോദിച്ചു.