
കോഴിക്കോട് : ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാരും ഗ്യാസ് ഏജൻസികളും ആവർത്തിക്കവെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം. മുൻപത്തേതു പോല പാചക വാതകം ബുക്ക് ചെയ്താൽ ബിൽ നമ്പറും ഒടിപിയും അടക്കം ഉപഭോക്താക്കൾക്ക് എസ്എംഎസ് ആയി ലഭിക്കുന്നുണ്ടെങ്കിലും സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നില്ല. ഗ്യാസ് കമ്പനികൾ ഉപഭോക്താവിന് സിലിണ്ടർ അനുവദിച്ച ശേഷമാണ് കംപ്യൂട്ടർ മുഖേന ബിൽ ജനറേറ്റ് ചെയ്യുന്നതും ഒടിപി ലഭ്യമാക്കുന്നതും. എന്നാൽ സിലിണ്ടറുകൾ എത്തിച്ചു നൽകുന്നില്ലെന്നാണ് വിതരണ ഏജൻസികൾ പറയുന്നത്. പ്രിയപ്പെട്ട കസ്റ്റമർ , സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടെന്ന് വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും രാജ്യത്ത് ക്ഷാമം ഇല്ലെന്നുമുള്ള അറിയിപ്പ് – ഗ്യാസ് ബുക്കുചെയ്യുന്നവർക്ക് എസ്എംഎസ് ആയി (Dear Valued Customer, Claims of shortage in fuel supply circulating on social media are misleading and baseless. There is adequate availability of fuel in the country. Citizens are assured that there is no need for any concern. Using fuel wisely always helps.
-HPCL) ലഭിക്കുന്നുണ്ട്. ഇതുവരെ ബുക്ക് ചെയ്തതിൻ്റെ പിറ്റേന്നു തന്നെ സിലിണ്ടർ ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഒരാഴ്ച്ചയായിട്ടും വീടുകളിൽ സിലിണ്ടർ എത്തുന്നില്ല. ഗ്യാസ് കമ്പനികളാണോ, വിതരണ ഏജൻസികളാണോ ഇതിന് ഉത്തവാദിയെന്ന് ഉപഭോക്താക്കൾക്ക് ഒരു നിശ്ചയവുമില്ല. കോഴിക്കോട്ട് എച്ച് പി ഗ്യാസ് ഏജൻസികളിൽ ക്ഷാമം രൂക്ഷമാണ് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ജില്ലാ ഭരണകൂടത്തിനും സിവിൽ സപ്ലൈസ് വകുപ്പിനും ഒരു ഉത്തരവാദിത്വവുമില്ലേയെന്നാണ് വീടകങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യം. പാചക വാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യ സേവന നിയമം ( എസ്മ ) നടപ്പാക്കിയിട്ടും പൂഴ്ത്തിവയ്പ് നടക്കുന്നതായാണ് സൂചനകൾ.




