
കോഴിക്കോട് : കാർ തടഞ്ഞു നിർത്തി മൂന്നംഗ സംഘം ദമ്പതികളെ മർദ്ദിച്ചെന്ന പരാതിയിൽ പൊല്ലാപ്പ് നേരിട്ട് തിരുവമ്പാടി പോലീസ്. ദമ്പതികളുടെ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നാരോപിച്ച് തിരുവമ്പാടി എസ് എച്ച് ഒ, എസ് ഐ എന്നിവർക്കെതിരെ കേസെടുത്തതായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ പത്രക്കുറിപ്പ് ഇറക്കിയതാണ് തിരുവമ്പാടി പോലീസിന് വിനയായത്. എന്നാൽ സംഭവം നടന്നത് താമരശേരിയിലും മനുഷ്യാവകാശ കമീഷൻ കേസെടുത്തത് താമരശേരി പോലീസിനും എതിരെയാണ്. ആദ്യ പത്രക്കുറിപ്പ് വാർത്തയായതോടെ തിരുവമ്പാടിയിലെ പോലീസിന് ഫോൺ പ്രവാഹമായി. കേസ് ഡയറി പരിശോധിച്ചിട്ടും അങ്ങനെയൊരു പരാതി കണ്ടെത്താനായില്ല. പിന്നീട് മനുഷ്യാവകാശ കമിഷനിൽ നിന്ന് മാധ്യമങ്ങൾക്ക് ശരിയായ വാർത്ത ലഭിക്കുകയും, മാധ്യമങ്ങൾ തെറ്റ് തിരുത്തുകയും ചെയ്തതോടെയാണ് തിരുവമ്പാടി പോലീസിന് ആശ്വാസമായത്.




