
കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ദേശീയ പാതാ പ്രോജക്റ്റ് ഡയറക്ടർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എലത്തൂർ സ്വദേശിയായ എം രഞ്ജിത്താണ് തൊണ്ടയാട് – മലാപറമ്പ റോഡിലെ പനാത്തുതാഴം നേതാജി ജംഗ്ഷനിലെ വലിയ കുഴിയിൽ വീണത്. റോഡിന്റെ ഒരു വശത്തുള്ള കുഴി തുറന്നു കിടക്കുകയായിരുന്നു.സുരക്ഷാ മൂന്നറിയിപ്പ് ഉണ്ടായിരുന്നില്ല. തെരുവുവിളക്കും ഉണ്ടായിരുന്നില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സ്വകാര്യ ഹോട്ടലിലെ ജീവനക്കാരി
കെട്ടിടത്തിന് മുകളിൽ നിന്നും
ചാടിയ സംഭവത്തിൽ മനുഷ്യാവകാശ
കമ്മീഷൻ കേസെടുത്തു
മുക്കം: മാമ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ പയ്യന്നൂർ സ്വദേശിനി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് യുവതി കെട്ടിടത്തിൽ നിന്നും ചാടിയതെന്ന് പരാതിയുണ്ട്. ഹോട്ടലുടമയും മറ്റ് 2 പേരും താമസസ്ഥലത്ത് കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ബന്ധുക്കൾ പറയുന്നു.പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.